ഫഹദിനെ പറ്റി ആളുകള്‍ സംസാരിക്കുന്നത് എന്റെ മനസില്‍ കയറിയതുകൊണ്ടായിരിക്കാം ആ സാധ്യത ഞാന്‍ തിരിച്ചറിഞ്ഞത്: ആസിഫ് അലി
Movie Day
ഫഹദിനെ പറ്റി ആളുകള്‍ സംസാരിക്കുന്നത് എന്റെ മനസില്‍ കയറിയതുകൊണ്ടായിരിക്കാം ആ സാധ്യത ഞാന്‍ തിരിച്ചറിഞ്ഞത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd July 2024, 1:08 pm

ഒരു മുഖംമൂടിക്ക് പിന്നില്‍ രണ്ട് കണ്ണുകള്‍ മാത്രം കാണിച്ച് ഒരു സിനിമയിലുടനീളം അഭിനയിക്കുക, ആ ചിത്രം കരിയറിലെ തന്നെ പ്രധാന ചിത്രങ്ങളില്‍ ഒന്നായി മാറുക. ആസിഫ് അലിയെ സംബന്ധിച്ച് റോഷാക്ക് എന്ന ചിത്രം അത്തരത്തിലൊന്നായിരുന്നു.

റോഷാക്കിലെ ദിലീപ് എന്ന കഥാപാത്രം ആസിഫിലേക്ക് വെറുതെ എത്തിയതായിരുന്നില്ലെന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനും മനസിലാകും. എക്‌സ്പ്രസീവ് ആയ കണ്ണുകളിലൂടെ ആ കഥാപാത്രത്തെ ഏറ്റവും മനോഹരമാക്കാന്‍ ആസിഫിന് സാധിച്ചിരുന്നു. അത്തരമൊരു കഥാപാത്രത്തിന്റെ സാധ്യത മനസിലാക്കി അത് തെരഞ്ഞെടുക്കാനുള്ള ആസിഫിന്റെ തീരുമാനത്തിന് പ്രേക്ഷകരും കയ്യടിച്ചിരുന്നു.

കണ്ണിന് ഒരു സിനിമയില്‍ എത്രത്തോളം സാധ്യതയുണ്ടെന്ന ചോദ്യത്തിനും മലയാളത്തില്‍ ഏറ്റവും എക്‌സ്പ്രസീവായ കണ്ണുകളുള്ള രണ്ടുപേര്‍ ഫഹദ് ഫാസിലും മറ്റൊരാള്‍ ആസിഫലിയാണെന്നുമുള്ള സംവിധായകന്‍ മൃദുല്‍വാര്യരുടെ കമന്റിനെ കുറിച്ചുമൊക്കെ മറുപടി പറയുകയാണ് നേരെ ചൊവ്വേ പരിപാടിയില്‍ ആസിഫ്. കണ്ണുകള്‍ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് മുന്‍പ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ആസിഫിന്റെ മറുപടി.

‘എനിക്കും എന്റെ ഉമ്മയ്ക്കും ഉണ്ടക്കണ്ണാണെന്ന് കസിന്‍സ് പറയുമായിരുന്നു. ഇതില്‍ എനിക്ക് തോന്നിയ ഒരു കാര്യം, അഭിനയത്തെ മനസിലാക്കിയല്ല ഞാന്‍ സിനിമയില്‍ വന്നത്. പോകെപ്പോകെ മനസിലായതാണ്.

പിന്നെ ഫഹദ് ചെയ്യുന്ന രീതികളോ ഫഹദിനെ പറ്റി ആളുകള്‍ സംസാരിക്കുന്നതോ എന്റെ മനസില്‍ കയറിയതുകൊണ്ടായിരിക്കാം അങ്ങനെ ഒരു സാധ്യതയുണ്ടെന്ന് ഞാന്‍ മനസിലാക്കിയത്.

അത്തരത്തില്‍ ഓരോന്നും ഇവോള്‍വ് ചെയ്തുവരികയാണ്. ഇന്ന സീന്‍ ചെയ്യുന്ന സമയത്ത് കണ്ണുകള്‍ ഉപയോഗിക്കാമെന്നോ കൈകള്‍ ഉപയോഗിക്കാമെന്നോ ഞാന്‍ പഠിച്ചിട്ടില്ല. അതിലേക്ക് നമ്മെ എത്തിക്കുന്നത് ചുറ്റുപാടുകളായിരിക്കാം. ഇനി ചിലപ്പോള്‍ ഞാനെന്റെ മൂക്കിനെയോ ചുണ്ടിനേയോ ഒക്കെ ഹൈലൈറ്റ് ചെയ്യുന്ന രീതിയിലേക്ക് മാറിയേക്കാം (ചിരി),’ ആസിഫ് പറഞ്ഞു.

ഭ്രമയുഗത്തിലെ കഥാപാത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ടിക്കിടാക്ക എന്ന മൂവി കമ്മിറ്റ് ചെയ്തിരിക്കുന്ന സമയമായിരുന്നു അത്. ആ സിനിമയ്ക്ക് വേണ്ടി പ്രിപ്പയര്‍ ചെയ്തിരിക്കുന്ന സമയത്താണ് ഭ്രമയുഗം ഡേറ്റ് മാറിയത്. അവിടെ എന്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന ക്രൂ ഉണ്ടായിരുന്നു. അത് വേണ്ടെന്ന് വെക്കാന്‍ എനിക്കാവില്ലായിരുന്നു.

പിന്നെ എനിക്ക് അര്‍ജുന്‍ അനിയനെ പോലെയാണ്. അവന് ആ കഥാപാത്രം കിട്ടിയതില്‍ സന്തോഷമേയുള്ളൂ. പിന്നെ തീരുമാനം എന്റേതാണെങ്കില്‍ ഞാന്‍ റിഗ്രെറ്റ് ചെയ്യില്ല. ഞാന്‍ ചെയ്യുന്ന സിനിമ മോശമായാല്‍ എനിക്ക് റിഗ്രെറ്റ് ഇല്ല. എന്നെ ഒരാള്‍ നിര്‍ബന്ധിച്ചാണ് ചെയ്യിച്ചത് എങ്കില്‍ അത് എന്നെ ബാധിക്കും. ഭയങ്കര വിഷമം വരും. എന്തിനായിരുന്നു ഞാന്‍ ആ തീരുമാനം എടുത്തതെന്ന് തോന്നും. തീരുമാനം എന്റേത് മാത്രമായാല്‍ ഇതൊന്നും എനിക്ക് വിഷയമല്ല,’ ആസിഫ് പറഞ്ഞു.