ആദ്യമായി ഞാനൊരു അമേരിക്കന്‍ വര്‍ക്കിങ് സ്റ്റൈല്‍ കണ്ടത് ആ പൃഥ്വിരാജ് ചിത്രത്തില്‍: അശ്വിന്‍ കുമാര്‍
Entertainment
ആദ്യമായി ഞാനൊരു അമേരിക്കന്‍ വര്‍ക്കിങ് സ്റ്റൈല്‍ കണ്ടത് ആ പൃഥ്വിരാജ് ചിത്രത്തില്‍: അശ്വിന്‍ കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th November 2024, 8:13 am

നിര്‍മല്‍ സഹദേവ് രചനയും സംവിധാനവും നിര്‍വഹിച്ച് 2018ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു രണം. പൃഥ്വിരാജ് സുകുമാരന്‍ നായകനായ സിനിമ ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന വിധത്തിലായിരുന്നു എത്തിയത്.

പൃഥ്വിരാജിന് പുറമെ റഹ്‌മാന്‍, ഇഷ തല്‍വാര്‍ എന്നിവര്‍ ഒന്നിച്ച സിനിമയില്‍ നടന്‍ അശ്വിന്‍ കുമാറും അഭിനയിച്ചിരുന്നു. ഇപ്പോള്‍ രണത്തിനെ കുറിച്ചും അതിന്റെ വിദേശത്തെ ഷൂട്ടിങ്ങിനെ കുറിച്ചും പറയുകയാണ് അശ്വിന്‍ കുമാര്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘രണം എന്റെ പ്രസ്റ്റീജിയസ് പ്രൊജക്റ്റാണ്. ആ സിനിമ എങ്ങനെ ഓടുമെന്നോ അത് എന്താകുമെന്നോ മാത്രമല്ല എന്റെ ചിന്ത. ആ വര്‍ക്കിങ് എക്‌സ്പീരിയന്‍സിലായിരുന്നു കാര്യം. ആദ്യമായി എനിക്കൊരു അമേരിക്കന്‍ വര്‍ക്കിങ് സ്റ്റൈല്‍ കാണാന്‍ സാധിച്ചത് ആ സിനിമയിലായിരുന്നു.

കാരണം അവിടെ നമ്മളെ സപ്പോര്‍ട്ട് ചെയ്യാനായി ലൈന്‍ പ്രൊഡ്യൂസേഴ്‌സും കോ-പ്രൊഡ്യൂസേഴ്‌സും ഉണ്ടായിരുന്നു. സിനിമയുടെ ബാക്ക് അപ്പ് ചെയ്തതൊക്കെ അമേരിക്കന്‍സ് തന്നെയായിരുന്നു. അവരുടെ വര്‍ക്കിങ് സ്‌റ്റൈലിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു.

വളരെ കൃത്യമായിട്ടായിരുന്നു അവരുടെ വര്‍ക്ക് മുന്നോട്ട് പോയത്. കൃത്യമായ കോള്‍ ഷീറ്റ് ഉണ്ടായിരുന്നു. എല്ലാവര്‍ക്കും അവരുടെ സ്ലിപ്പ് കിട്ടുമായിരുന്നു. എല്ലാ ആളുകള്‍ക്കും സ്ലിപ്പിന്റെ ഓരോ പ്രിന്റുകള്‍ കൊടുക്കും. അതുതന്നെയാണ് നമ്മള്‍ കൃത്യമായി ഫോളോ ചെയ്യുന്നത്.

അതൊന്നും നമ്മള്‍ ഇവിടെ കണ്ടിട്ടില്ല. അവിടെ എല്ലാത്തിനും കൃത്യമായ ഒരു ഓര്‍ഡര്‍ ഉണ്ടായിരുന്നു. വെപ്പണ്‍സ് ഉപയോഗിക്കുന്ന സീനാണ് ഷൂട്ട് ചെയ്യാനുള്ളതെങ്കില്‍ വെടിവെയ്ക്കില്ലെങ്കില്‍ പോലും സേഫ്റ്റി അവര് നോക്കും. വ്യക്തമായ പ്രോട്ടോക്കോള്‍ ഉണ്ടാകും.

അതൊക്കെ കണ്ടപ്പോള്‍ എനിക്ക് ഒരു ഹോളിവുഡ് പ്രൊജക്ടില്‍ വര്‍ക്ക് ചെയ്യുന്നത് പോലെ തന്നെയായിരുന്നു. വര്‍ക്കിങ് സ്‌റ്റൈലും ചുറ്റുമുള്ള ആളുകളും അങ്ങനെയുള്ളത് കൊണ്ടാകാം. രണം എനിക്ക് വളരെ പ്രത്യേകതയുള്ള പ്രൊജക്റ്റ് തന്നെയാണ്. രാജുവിനൊപ്പം അതില്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയത് എന്റെ ഭാഗ്യം തന്നെയാണ്,’ അശ്വിന്‍ കുമാര്‍ പറയുന്നു.


Content Highlight: Ashwin Kumar says that he first saw an American style of working in Prithviraj Sukumaran’s Ranam