ഇന്ത്യയുടെ ഫിനിഷിങ് കുപ്പായം അങ്ങ് മാറ്റിവെച്ചേക്ക്; ഇതിഹാസങ്ങൾക്കൊപ്പമാണ് ഇനി ഇവന്റെ സ്ഥാനം
Cricket
ഇന്ത്യയുടെ ഫിനിഷിങ് കുപ്പായം അങ്ങ് മാറ്റിവെച്ചേക്ക്; ഇതിഹാസങ്ങൾക്കൊപ്പമാണ് ഇനി ഇവന്റെ സ്ഥാനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2024, 8:44 am

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ മൂന്ന് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ പഞ്ചാബ് ബാറ്റിങ് തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു. ആദ്യ 10 ഓവറില്‍ തന്നെ മുന്‍നിര ബാറ്റര്‍മാര്‍ എല്ലാം പുറത്താവുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അഷുതോഷ് ശര്‍മയാണ് പഞ്ചാബിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. 16 പന്തില്‍ 31 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

193.75 സ്‌ട്രൈക്കറെറ്റിൽ ഒരു ഫോറും മൂന്ന് സിക്‌സുകളുമാണ് താരം നേടിയത്. പഞ്ചാബിന്റെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഫിനിഷിങ് റോളില്‍ മിന്നും പ്രകടനമാണ് അശുതോഷ് നടത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 15 പന്തില്‍ പുറത്താവാതെ 33 റണ്‍സും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 16 പന്തിൽ 31 റണ്‍സുമാണ് താരം നേടിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അശുതോഷ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ 30+ റണ്‍സ് നേടുന്ന നാലാമത്തെ താരമായി മാറാനാണ് അഷുതോഷിന് സാധിച്ചത്.

ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം ആദ്യ മൂന്ന് മത്സരങ്ങളില്‍ 30+ റണ്‍സ് നേടിയ താരം, വര്‍ഷം എന്നീ ക്രമത്തില്‍

ഷോണ്‍ മാര്‍ഷ്-2008

സ്വപ്നില്‍ അസ്‌നോട്ക്കര്‍-2008

ജോണി ബെയര്‍‌സ്റ്റോ-2019

അശുതോഷ് സിങ്-2024*

അശുതോഷിന് പുറമെ ജിതേഷ് ശര്‍മ 24 പന്തില്‍ 29 ലിയാം ലിവിങ്സ്റ്റണ്‍ 14 പന്തില്‍ 21 റണ്‍സും നേടി.

രാജസ്ഥാന്‍ ബൗളിങ്ങില്‍ കേശവ് മഹാരാജ്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ട്രെന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രാജസ്ഥാനായി ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ 28 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. അവസാന ഓവറുകളില്‍ വന്ന് തകര്‍ത്തടിച്ച വെസ്റ്റ് ഇന്‍ഡീസ് താരം ഷിര്‍മോണ്‍ ഹെറ്റ്‌മെയര്‍ ആണ് രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. 270 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 10 പന്തില്‍ നിന്നും 27 റണ്‍സുമായാണ് വിന്‍ഡീസ് താരം നിര്‍ണായകമായത്.

പഞ്ചാബ് ബൗളിങ്ങില്‍ കാഗിസോ റബാദ, സാം കറന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: Ashutosh Sharma great performance for Punjab Kings in IPL 2024