ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ പരമ്പരയിലെ ആഷ്ടണ്‍ അഗറിന്റെ പ്രകടനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് മലന്റെ സിക്‌സെന്നുറപ്പിച്ച ഷോട്ട് തടുത്തിട്ട അഗറിനുള്ള പ്രശംസയാണ് കായിക ലോകത്തെമ്പാടും.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 45ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അവസാന പന്ത് എറിയാനെത്തിയതായിരുന്നു പാറ്റ് കമ്മിന്‍സ്. നേരിടുന്നത് ഇന്‍ ഫോം ബാറ്റര്‍ ഡേവിഡ് മലനും.
കൃത്യമായി ടൈമിങ്ങില്‍ മലന്‍ അത് സിക്‌സറിന് കണക്കാക്കി പൊക്കിയടിച്ചു. കാണികള്‍ സിക്‌സെന്നുറപ്പിച്ച ആ ഷോട്ട് ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും ഒരു കിടിലന്‍ ആക്രോബാക്ട്‌സിക് സേവിലൂടെ ആഷ്ടണ്‍ അഗര്‍ തടുത്തിടുകയായിരുന്നു.
താരത്തിന്റെ പ്രകടനം കണ്ട് അന്തം വിട്ട് നില്‍ക്കാന്‍ മാത്രമായിരുന്നു കാണികള്‍ക്ക് സാധിച്ചത്.
സ്‌റ്റേഡിയത്തിലെ കാണികള്‍ മാത്രമല്ല, ഇംഗ്ലണ്ടിന്റെ ആരാധക കൂട്ടമായ ബാര്‍മി ആര്‍മി പോലും അന്തംവിട്ട് നില്‍ക്കണമെങ്കില്‍ ആ പീസ് ഓഫ് ഫീല്‍ഡിങ് എത്രത്തോളം മികച്ചതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
The best piece of fielding ever, maybe? pic.twitter.com/lJfmDV18nv
— England’s Barmy Army (@TheBarmyArmy) November 17, 2022
‘ഒരുപക്ഷേ എക്കാലത്തേയും മികച്ച ഫീല്‍ഡിങ്’ എന്ന ക്യാപ്ഷനോടെയാണ് ബാര്‍മി ആര്‍മി വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ പ്രധാന പേരുകാരെല്ലാം പരാജയപ്പെട്ടപ്പോള്‍ പിടിച്ചുനിന്നത് ഡേവിഡ് മലന്‍ മാത്രമായിരുന്നു.
Simply phenomenal from Ashton Agar.. 😮#BBCCricket #AUSvENG pic.twitter.com/4zQ9krhUyW
— Test Match Special (@bbctms) November 17, 2022
128 പന്തില്‍ നിന്നും 134 റണ്‍സുമായാണ് താരം പുറത്തായത്. ആദം സാംപയുടെ നേരത്തെ തന്റെ സിക്‌സര്‍ തടുത്തിട്ട അതേ ആഷ്ടണ്‍ അഗറിന് ക്യാച്ച് നല്‍കിയായിരുന്നു മലന്റെ മടക്കം.
ഡേവിഡ് മലന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് 287 എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
അഗറിന് പുറമെ ഒമ്പതാം നമ്പറിലിറങ്ങി പുറത്താവാതെ 34 റണ്‍സ് നേടിയ ഡേവിഡ് വില്ലിയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മികച്ച സ്‌കോറര്‍. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 29 റണ്‍സ് നേടി പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 27 ഓവര്‍ പിന്നിടുമ്പോള്‍ 196ന് ഒരുവിക്കറ്റ് എന്ന നിലയിലാണ് ഓസീസ്.
69 റണ്‍സ് നേടിയ ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായിരിക്കുന്നത്.
84 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും 34 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ഇപ്പോള്‍ ക്രീസില്‍.
Content Highlight: Ashton Agar’s incredible boundary line save