കൊച്ചി: പത്മരാജന്‍ സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് അശോകന്‍. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, ഇടവേള, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്പികള്‍ തുടങ്ങി പത്മരാജന്റെ മിക്ക സിനിമകളിലും അശോകന്‍ ഒരു പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.
ഇപ്പോഴും മലയാള സിനിമയില്‍ സജീവമായ അദ്ദേഹം തന്റെ തുടക്കകാലത്തേക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയിലെ ജെ.ബി. ജംഗ്ഷന്‍ പരിപാടിയ്ക്കിടെയാണ് തന്റെ ഓര്‍മ്മകള്‍ അശോകന്‍ പങ്കുവെച്ചത്.
‘എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട് കേട്ടോ. ചിലപ്പോള്‍ നമ്മള്‍ മനസ്സില്‍ അറിയാത്ത കാര്യത്തിനൊക്കെയായിരിക്കും. എന്നാലും ശരി. ഞാനൊരു കുഴപ്പക്കാരനല്ല. 1978ലാണ് എന്റെ ആദ്യ സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്.
ആദ്യ സീന്‍ തന്നെ ഭരത് ഗോപി ചേട്ടനോടൊപ്പമായിരുന്നു. സീന്‍ കഴിയാറായപ്പോള്‍ പപ്പേട്ടന്‍ കട്ട് എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഞെട്ടിത്തരിച്ച് പിറകിലേക്ക് നോക്കി.
അതുവരെ ഞാന്‍ കരുതിയിരുന്നത് നമ്മള്‍ എന്തോ മോശം പ്രകടനം കാഴ്ചവെയ്ക്കുമ്പോഴാണ് കട്ട് എന്ന് പറയുന്നത് എന്നാണ്. എന്നാല്‍ പിന്നീട് അത് അങ്ങനെയല്ലെന്നും ഒരു ഷോട്ട് അവസാനിക്കുമ്പോള്‍ പറയുന്നതാണെന്നും അണിയറ പ്രവര്‍ത്തകര്‍ എനിക്ക് പറഞ്ഞുതന്നു.
അങ്ങനെയാണ് സിനിമയെപ്പറ്റി ഞാന്‍ കുറേശ്ശെ മനസ്സിലാക്കാന്‍ തുടങ്ങിയത്. ആദ്യം കുറെ പേടിയൊക്കെയുണ്ടായിരുന്നു. പിന്നീട് അതൊക്കെ വഴിയെ മാറി.
എന്റെ ആദ്യത്തെയും അവസാനത്തെയും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് പെരുവഴിയമ്പലം. ഈ പടം റിലീസായതിന് ശേഷമാണ് കളര്‍ ചിത്രങ്ങള്‍ വരാന്‍ തുടങ്ങിയത്.
പെരുവഴിയമ്പലത്തിലെ കഥാപാത്രത്തിന്റെ ആഴമൊക്കെ ഞാന്‍ മനസ്സിലാക്കുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. അതിലെ അഭിനയത്തെപ്പറ്റി നിരവധി പേര്‍ നല്ല അഭിപ്രായം പറയുകയും ഒക്കെ ചെയ്തിരുന്നു. പിന്നീട് പപ്പേട്ടന്‍(പത്മരാജന്‍) തന്നെ ഇക്കാര്യങ്ങളൊക്കെ പറഞ്ഞ് എനിക്ക് കത്തയക്കുകയും ചെയ്തിരുന്നു,’ അശോകന്‍ പറഞ്ഞു.