തിരുനെല്‍വേലിയില്‍ വഴി നടക്കാന്‍ അനുവദിക്കാതിരിക്കുന്ന സവര്‍ണ ജാതിക്കാരെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ഡി.വൈ.എഫ്.ഐ തിരുനെല്‍വേലി ജില്ലാ ഖജാന്‍ജി അശോകിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും അശോകിന്റെ ബന്ധുക്കളും ഇന്നലെ തിരുനെല്‍വേലി-മധുരൈ ദേശീയ പാത ഉപരോധിച്ചു.
ദളിത് സമുദായാംഗമാണ് അശോക്. അശോകും സമുദായത്തിലെ ഭൂരിപക്ഷം പേരും ഗംഗൈകൊണ്ടാനിലുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ വ്യവസായ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ ജോലി കഴിഞ്ഞ് വരുന്ന വഴിയാണ് കൊലപാതകം നടന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു.
സവര്‍ണ സമുദായമായ മരവാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്തിനടുത്ത് കൂടെയാണ് ദളിത് സമുദായക്കാര്‍ക്ക് ജോലി സ്ഥലത്തേക്ക് പോവുന്ന വഴി. ജോലിക്ക് പോവുന്ന ദളിത് തൊഴിലാളികളെയും സ്ത്രീകളെയും സവര്‍ണര്‍ പലപ്പോഴും ആക്രമിക്കാറുണ്ട്. ഇതിനെതിരെ അശോകിന്റെ നേതൃത്വത്തിലുള്ള യുവജനങ്ങള്‍ എതിര്‍പ്പുന്നയിക്കാറുണ്ട്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.