2021 ലെ എന്റെ ഏറ്റവും മികച്ച സൃഷ്ടി 'നാരദന്‍': ആഷിഖ് അബു
Film News
2021 ലെ എന്റെ ഏറ്റവും മികച്ച സൃഷ്ടി 'നാരദന്‍': ആഷിഖ് അബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st January 2022, 1:23 pm

‘നാരദന്‍’ തന്റെ ഏറ്റവും മികച്ച സൃഷ്ടിയെന്ന് സംവിധായകന്‍ ആഷിഖ് അബു. 2021 ലെ താങ്കളുടെ ഏറ്റവും മികച്ച സൃഷ്ടി ഏതാണെന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് നാരദനാണ് 2021 ലെ ഏറ്റവും മികച്ച സൃഷ്ടിയെന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആഷിഖ് മറുപടി നല്‍കിയത്.

ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നാരദന്‍.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. മിന്നല്‍മുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം നാരദന്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്നും അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണെന്നും ടൊവിനോ പറഞ്ഞിരുന്നു.

റാപ്പര്‍ ഫെജോ പാടിയ ചിത്രത്തിലെ ആദ്യഗാനം ‘തന്നത്താനെ’ ഇന്നാണ് റിലീസ് ചെയ്തത്. ഡി.ജെ. ശേഖര്‍ സംഗീതം നല്‍കിയ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നതും ഫെജോ തന്നെയാണ്.

ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്ലര്‍ തരുന്ന സൂചന.

വാര്‍ത്തകളിലെ ധാര്‍മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും സംശയം.

കഴിഞ്ഞ 25 ന് പുറത്തിറങ്ങിയ ട്രെയിലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് ട്രെയിലറിന് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.

ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി. ആര്‍. ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Contemnt Highlight: ashiq abu replays to a fan that naradan is his best creation 2021