എന്നെ നിശബ്ദയാക്കാമെന്ന് ഇടത് സൈബര്‍ ആണ്‍കൂട്ടങ്ങള്‍ കരുതേണ്ട; ലക്ഷ്മി പദ്മ സംസാരിക്കുന്നു
Opinion
എന്നെ നിശബ്ദയാക്കാമെന്ന് ഇടത് സൈബര്‍ ആണ്‍കൂട്ടങ്ങള്‍ കരുതേണ്ട; ലക്ഷ്മി പദ്മ സംസാരിക്കുന്നു
അന്ന കീർത്തി ജോർജ്
Thursday, 20th January 2022, 7:36 pm
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അരിത ബാബുവിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പദ്മ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചെയ്ത ഒരു വീഡിയോ സ്‌റ്റോറിക്കെതിരെ ഇടത് പ്രൊഫൈലുകള്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് വ്യക്തിപരമായ അധിക്ഷേപങ്ങളടക്കം കടുത്ത സൈബര്‍ ആക്രമണം ലക്ഷ്മി പദ്മ നേരിടുന്നുണ്ട്. വീഡിയോ സ്‌റ്റോറിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ചും തനിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങളെ കുറിച്ചും പ്രതികരിക്കുകയാണ് ലക്ഷമി പദ്മ.

ലക്ഷ്മി പദ്മ

മനോരമ ഓണ്‍ലൈനില്‍ കായംകുളം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ന ഒരു പിഴവില്‍ നിന്നാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. കായംകുളത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബു ജയിച്ചു എന്ന തരത്തിലായിരുന്നു മനോരമ ഓണ്‍ലൈനില്‍ പ്രസദ്ധീകരിച്ച ആ തെറ്റായ വാര്‍ത്ത.

ആ വാര്‍ത്തയോട് കായംകുളം എം.എല്‍യും അരിത ബാബുവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന യു. പ്രതിഭ നടത്തിയ ഒരു പ്രതികരണവുമായി ബന്ധപ്പെട്ടാണ് ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ പെട്ടവര്‍, തെരഞ്ഞെടുപ്പ് കാലത്ത് അരിത ബാബുവിനെ കുറിച്ച് ചെയ്ത പരിപാടി യുട്യൂബില്‍ നിന്നെടുത്ത് അതുമായി ബന്ധപ്പെട്ട് എന്നെ വിമര്‍ശിക്കുന്നത്. നേരത്തെ ഞാന്‍ സര്‍ക്കാറിന്റെ ചില പദ്ധതികള്‍ക്കെതിരെയും പൊലീസീനിതെരെയുമെല്ലാം എന്റെ പ്രൊഫൈലില്‍ വിമര്‍ശനങ്ങള്‍ പങ്കുവെച്ചിരുന്നു. അതിന്റെയൊക്കെ പ്രതികാരമെന്ന നിലയിലാണ് ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണം.

മനോരമയില്‍ വന്ന ഒരു പിഴവിനെ തുടര്‍ന്നുണ്ടായ ഈ പ്രശ്നങ്ങളില്‍ മനോരമ നേരിട്ടതിനേക്കാള്‍ വലിയ ആക്രമണമാണ് ഇപ്പോള്‍ വ്യക്തിപരമായി എനിക്ക് ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. ഒരു സ്ത്രീയായ എന്നെ ആക്രമിക്കുമ്പോള്‍ ഒരു തരത്തിലുള്ള ലൈംഗിക സുഖമാണ് ഇടത് സൈബര്‍ കൂട്ടങ്ങള്‍ക്ക് ലഭിക്കുന്നത്. പശുവിന് ഉമ്മ നല്‍കുന്ന ചിത്രമൊക്കെ വളരെ മോശമായാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. പാല്‍ക്കാരി എന്ന് വിളിക്കുന്നതിലുള്ള ദ്വയാര്‍ത്ഥ പ്രയോഗവും മനസിലാക്കുന്നതാണല്ലോ.

അരിത ബാബുവിനെ കുറിച്ച് ലക്ഷ്മി പദ്മ ചെയ്ത വീഡിയോ സ്റ്റോറി

സൈബര്‍ ഇടത്തില്‍ എന്നെ പിച്ചിച്ചീന്തുകയാണെന്നാണ് ഈ ആണ്‍കൂട്ടങ്ങള്‍ കരുതുന്നത്. ചെറിയ തോതിലൊക്കെ നമ്മളെ ബാധിക്കുമെങ്കിലും, ഇത്രയും കാലം വാര്‍ത്തകള്‍ കൈകാര്യം ചെയ്തയാളെന്ന നിലയില്‍ ഈ ആക്രമണങ്ങള്‍ ഏതെങ്കിലും തരത്തില്‍ എന്ന തളര്‍ത്തിയിട്ടില്ല. ‘ചേച്ചി എയറില്‍ നിന്ന് ഇറങ്ങിയില്ലെ’ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അവരൊക്കെ കരുതുന്നത് ഞാന്‍ മുഴുവന്‍ സമയവും ഇതാലോചിച്ചിരിക്കുകയാണ് എന്നാണ്.

അവരെത്രത്തോളം ഈ രീതിയില്‍ വിഴുപ്പലക്കുന്നുവോ അത്രയും അവരുടെ ഉള്ളിലുള്ള ദുര്‍ഗന്ധമാണ് വമിഞ്ഞൊഴകുന്നത്. അവര്‍ നാളെ ഇതൊക്കെ ഡിലീറ്റ് ചെയ്ത് കളഞ്ഞാലും എടുത്ത് വെയ്ക്കേണ്ടവര്‍ അതെല്ലാം എടുത്ത് വെക്കുകയും ഇതെല്ലാം ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.

സവിശേഷ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന ഒരാളെന്ന നിലയിലാണ് അരിത ബാബുവിനെ കുറിച്ചുള്ള ആ സ്റ്റോറി ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്ത് ഇതേ രീതിയില്‍ മൂവാറ്റുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എല്‍ദോയെ കുറിച്ചും വാര്‍ത്ത ചെയ്തിരുന്നു. എന്നാല്‍ ആ വാര്‍ത്തയെ സംബന്ധിച്ച് യാതൊരു ആക്രമണവും ഉണ്ടായിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ ജബ് വി മെറ്റ് എന്ന പരിപാടിയുടെ ഭാഗമായി
തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഞാന്‍ ഇത്തരം സ്റ്റോറികള്‍ ചെയ്തിട്ടുണ്ട്.

എനിക്ക് ഏതെങ്കിലും തരത്തില്‍ യോജിപ്പുള്ള രാഷ്ട്രീയ പാര്‍ട്ടിയല്ല ബി.ജെ.പി. എങ്കിലും തിരുവനന്തപുരത്തെ കൃഷ്ണകുമാറിനെ കുറിച്ചും ഞാന്‍ സ്റ്റോറി ചെയ്തിട്ടുണ്ട്. ഈ സ്റ്റോറികളിലൊന്നും എതിര്‍ സ്ഥാനാര്‍ത്ഥിയെ അറ്റാക്ക് ചെയ്തിട്ടില്ല. എന്തെങ്കിലും രാഷ്ട്രീയം ഈ സ്റ്റോറികളില്‍ വരാതിരിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

രാഷ്ട്രീയം പറയാനാണെങ്കില്‍ ആ മണ്ഡലത്തിലെ വികസനം മുതലുള്ള കാര്യങ്ങള്‍ സംസാരിക്കാമായിരുന്നു. അതെല്ലാം പറയാന്‍ പറ്റുന്ന തരത്തില്‍ രാഷ്ട്രീയ ബോധമുള്ളയാളാണ് അരിത. അതൊന്നും പറയാതെ അരിതയുടെ തൊഴുത്തിലേക്കും അവര്‍ ചെയ്യുന്ന ജോലിയിലേക്കും ഫോക്കസ് ചെയ്തത് ആ സ്റ്റോറിയില്‍ രാഷ്ട്രീയം പറയാതിരിക്കാന്‍ വേണ്ടികൂടിയാണ്. അത് മനസ്സിലാക്കാനുള്ള വെളിവില്ലാത്ത തരത്തിലുള്ള ഒരു വെട്ടുകിളി ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.

ഒരു സ്ത്രീയായ ഇരയെ കിട്ടിയതിലുള്ള ആഹ്ലാദം മാത്രമാണിത്. തുടക്കത്തില്‍ വന്ന കമന്റുകള്‍ ട്രോള്‍ സ്വഭാവത്തിലുള്ളതായിരുന്നു. അതുകണ്ട് ഞാനും ചിരിച്ചിട്ടുണ്ട്. പക്ഷെ അതിനെ നമ്മള്‍ തമാശയായിട്ടാണ് എടുത്തത് എന്ന് കണ്ടപ്പോള്‍ പിന്നീട് ആ കമന്റുകളുടെ സ്വഭാവം മാറി. ഫേക്ക് അക്കൗണ്ടുകളില്‍ നിന്ന് പരദൂഷണ സ്വഭാവത്തിലുള്ളതും ചീഞ്ഞളിഞ്ഞതുമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

ഈ രീതിയില്‍ അശ്ലീലം പറഞ്ഞ് സ്ത്രീകളെ നേരിടാമെന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കില്ല എന്നാണ് അത്തരക്കാരോട് പറയാനുള്ളത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ രാഷ്ട്രീയമായി പറയാം. അല്ലാതെ ഈ തരത്തില്‍ പ്രതികരിക്കുന്നത് അവര്‍ക്ക് തന്നെയായിരിക്കും വിനയാകുന്നത്. നാളെ ഇതൊക്കെ വിലയിരുത്തപ്പെടും. ഈ അറ്റാക്കുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം തന്നെ അതിന് മുന്‍കൈയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അരിത ബാബു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍

മനോരമയെ പോലുള്ള സ്ഥാപനങ്ങളെയോ അല്ലെങ്കില്‍ പ്രസ്ഥാനങ്ങളെയോ ആക്രമിക്കുന്നതും വിമര്‍ശിക്കുന്നതുമെല്ലാം ഇവര്‍ക്ക് മടുത്തിട്ടുണ്ട്. ചോരയും നീരുമുള്ള ഒരു പെണ്ണാണ് അപ്പുറത്തെങ്കില്‍ പിന്നെ അവര്‍ക്കൊരു ഹരമാണ്. മുഖമുള്ള ഒരു ആണാണെങ്കിലും അങ്ങനെ തന്നെയാണ്. പെണ്ണിനെയാണ് ആക്രമിക്കുന്നതെങ്കില്‍ അവരുടെ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍ കൂടി അവിടെ തീര്‍ക്കും.

ഈ രീതിയില്‍ വെട്ടുകിളി ആക്രമണം നടത്തി സോഷ്യല്‍ മീഡിയയില്‍ നമ്മളെ നിശബ്ദരാക്കുക എന്നൊരു ഉദ്ദേശം കൂടി അവര്‍ക്കുണ്ട്. ഞാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിമര്‍ശിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ചിട്ടുണ്ട്, കോണ്‍ഗ്രസിനെയും വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ സി.പി.ഐ.എമ്മിനെയും സര്‍ക്കാറിന്റെ പോരായ്മകളെയും സ്വാഭാവികമായും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അതിനെ ആ സ്വാഭവികതയില്‍ എടുക്കാന്‍ ഇടത് സൈബര്‍ കൂട്ടങ്ങങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ആരുടെയെങ്കിലും പിന്തുണ ഇവര്‍ക്കുണ്ടോ എന്നും അറിയില്ല. പ്രത്യക്ഷത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍.

മാധ്യമങ്ങള്‍ ഇങ്ങനെയാണോ തെരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്തകളും സ്റ്റോറികളും ചെയ്യേണ്ടത് എന്ന് ചോദിക്കുന്നവരുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സ്റ്റോറികള്‍ ചെയ്യുന്നത് സ്വാഭാവികമാണ്. എനിക്കും താത്പര്യമുണ്ട് ഹാര്‍ഡ് കോര്‍ പൊളിറ്റിക്സ് പറയുന്ന സ്റ്റോറികള്‍ ചെയ്യാന്‍. എന്നാല്‍ ഇത്തരം തീരുമാനങ്ങളൊക്കെ വരുന്നത് ഒരാളുടെ മാത്രം തീരുമാനമായിട്ടല്ല. അത് സ്ഥാപനം തീരുമാനിക്കുന്നതാണ്. ഈ സ്റ്റോറി ചെയ്യാനും എന്നെ സ്ഥാപനം ഏല്‍പിച്ചതാണ്.

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയം മാത്രം കേട്ട് ആളുകള്‍ക്കുണ്ടാകുന്ന വിരസത മാറ്റാന്‍ കൂടിയാണ് സ്ഥാനാര്‍ത്ഥികളുടെ ഏതെങ്കിലും വ്യത്യസ്തത നിറഞ്ഞ ജീവിതം ഈ രീതിയില്‍ അവതരിപ്പിക്കുന്നത്. അതൊക്കെ അറിയാനും ആളുകള്‍ക്ക് താത്പര്യമുണ്ടാകും. എന്നാല്‍ അതിന്റെയൊന്നും അടിസ്ഥാനത്തിലല്ല നാട്ടില്‍ ആളുകള്‍ വോട്ട് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള ആളുകള്‍ക്കും അരിത ബാബുവിന് കിട്ടിയ തരത്തിലുള്ള പ്രവിലേജ് കിട്ടിയിട്ടുണ്ട്. ഒരു തെരഞ്ഞെടുപ്പ് കാലത്ത് പി.കെ. ബിജു നോമിനേഷന്‍ കൊടുക്കാന്‍ പോകുമ്പോള്‍ അമ്മ കറ്റ കൊയ്യുന്ന വിഷ്വല്‍ എടുക്കാന്‍ ഇന്ത്യാവിഷനില്‍ നിന്ന് ക്യാമറ പോയിട്ടുണ്ട്. അത് ആദ്യ തെരഞ്ഞെടുപ്പായത് കൊണ്ടാണ്. രണ്ടാം തവണ മത്സരിക്കുമ്പോള്‍ പി.കെ. ബിജുവിന് ആ പ്രിവിലേജ് കിട്ടിയിട്ടില്ല. അതുപൊലെ തന്നെ യു. പ്രതിഭക്കും ആദ്യ തവണ മത്സരിച്ചപ്പോള്‍ ആ പ്രിവിലേജ് ലഭിച്ചിട്ടുണ്ട്. അത് തന്നെയാണ് അരിതക്കും ലഭിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യു. പ്രതിഭ

കെ. രാധാകൃഷണന്റെ ഓല മേഞ്ഞ വീടിന്റെ ചിത്രവും, ചെരിപ്പിടാത്ത സി.കെ ശശീന്ദ്രന്റെ വാര്‍ത്തയുമൊക്കെ നമ്മള്‍ കണ്ടതാണ്. എല്ലാ കാലത്തും ഇത്തരം സോഫ്റ്റ് സ്റ്റോറികളുണ്ടായിട്ടുണ്ട്. അന്നൊന്നും അത് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തിയിട്ടില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിഭയുടെ കൂടെയും ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ പോയി സ്റ്റോറികള്‍ ചെയ്തിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പ്രശ്നം അരിത ബാബുവിന്റെ വിഷയത്തില്‍ മാത്രം വരുന്നതെങ്ങനെയാണ് ? അരിത ഒരു സ്ത്രീയായതുകൊണ്ടും അവര്‍ സ്മാര്‍ട്ടായത് കൊണ്ടും കൂടിയാണത്.

മറ്റൊന്ന്, ഒരു പുരുഷ സ്ഥാനാര്‍ത്ഥിയുടെ അടുത്ത് ഇടപെടുന്നതിനേക്കാള്‍ അടുപ്പത്തില്‍ ഞാന്‍ അരിതയുമായി ഇടപെട്ടിട്ടുണ്ട്. അത് സ്വാഭാവികമാണ്. എല്‍ദോ എബ്രഹാമിനെയും ശോഭ സുരേന്ദ്രനെയും കുറിച്ച് ഞാന്‍ സ്റ്റോറി ചെയ്തിരുന്നു. എന്നാല്‍ അവരേക്കാളേറെ ഒരു ഇന്റിമസി എനിക്ക് അരിതയുമായി ഉണ്ടായിരുന്നു. അതായിരിക്കും ആ വിഷ്വലുകളില്‍ ഫീല്‍ ചെയ്യുന്നത്.

അതിനെയൊക്കെ ഈ രീതിയില്‍ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. രാഷ്ട്രീയമായ വിമര്‍ശനങ്ങളൊക്കെ മനസ്സിലാകും. പക്ഷെ ഇപ്പോള്‍ നടക്കുന്ന ലിഞ്ചിംഗ് അംഗീകരിക്കാനാകില്ല. പല സ്ത്രീകളെയും അവര്‍ ഇത്തരത്തില്‍ നിശബ്ദരാക്കിയിട്ടുണ്ട്. പക്ഷെ എന്റെ ഭാഗത്ത് നിന്നും അതുണ്ടാകില്ല. ഞാന്‍ നിശബ്ദയാകില്ല. അവര്‍ എത്രകാലം ഈ ആള്‍ക്കൂട്ടാക്രമണം തുടര്‍ന്നാലും എനിക്ക് അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Asianet News Journalist Lakshmi Padma about recent cyber attack over her story about UDF candidate Aritha Babu

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.