ന്യൂദല്‍ഹി: പൗരത്വം സംബന്ധിച്ച് ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ പാടില്ലെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഒവൈസി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പൗരത്വ ഭേദഗതി ബില്ലില്‍ നിന്നും ഒഴിവാക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് മൗലികാവകാശ ലംഘനമാണെന്നും ഉവൈസി പറഞ്ഞു.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.
ഈ നിയമം ആര്‍ട്ടിക്കിള്‍ 14, 21 എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം പറയുന്നു. കാരണം പുതിയ ഭേദഗതി പ്രകാരം പൗരത്വം നല്‍കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് ആര്‍ട്ടിക്കിള്‍ 14, 21 എന്നിവയുടെ ലംഘനമാണെന്നുമാണ് വിശദീകരണം. ഈ നിയമം പാസാക്കുകയാണെങ്കില്‍ അത് മഹാത്മാഗാന്ധിയോടും ഭരണഘടനാ ശില്‍പ്പിയായ അംബേദ്ക്കറിനോടും കാണിക്കുന്ന അനാദരവായിരിക്കുമെന്നും ഉവൈസി പറഞ്ഞു.
പൗരത്വഭേദഗതി ബില്‍ കൊണ്ട് വരുന്നത് സ്വാതന്ത്ര സമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമായിരിക്കുമെന്നും ഇത് ദ്വിരാഷ്ട്ര സിദ്ധാന്തത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് തുല്യമാണെന്നും ഉവൈസി പറഞ്ഞു. ഒരു മുസ്‌ലീം എന്ന നിലയില്‍ ഞാന്‍ ജിന്നയുടെ തിയറിയെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍.
ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ബി.ജെ.പി എം.പിമാരോട് പാര്‍ലമെന്റില്‍ ഹാജരാകണമെന്ന് നേതൃത്വം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുസ്ലീം കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനാല്‍ തന്നെ ബില്‍ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.