കിവികള്‍ക്കെതിരെ ചരിത്രം കുറിച്ച് കുഞ്ഞിപ്പയ്യന്‍; തോല്‍വിയിലും മനസുനിറച്ച് യു.എ.ഇയുടെ 'ഇന്ത്യക്കാരന്‍'
Sports News
കിവികള്‍ക്കെതിരെ ചരിത്രം കുറിച്ച് കുഞ്ഞിപ്പയ്യന്‍; തോല്‍വിയിലും മനസുനിറച്ച് യു.എ.ഇയുടെ 'ഇന്ത്യക്കാരന്‍'
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th August 2023, 5:18 pm

ന്യൂസിലാന്‍ഡിന്റെ യു.എ.ഇ പര്യടനം തുടരുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരക്കായാണ് ന്യൂസിലാന്‍ഡ് യു.എ.ഇയിലെത്തിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്നിരുന്നു. മത്സരത്തില്‍ 19 റണ്‍സിന് വിജയിച്ച കിവികള്‍ 1-0 എന്ന ലീഡും സ്വന്തമാക്കി.

മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ സൗത്തിയെയും സംഘത്തെയും ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ചാഡ് ബോവ്‌സിനെ പുറത്താക്കിയ യു.എ.ഇ സന്ദര്‍ശകരെ ഞെട്ടിച്ചു. വണ്‍ ഡൗണായെത്തിയ ഡീന്‍ ക്ലെവറിനെ നാല് റണ്‍സിനും ആതിഥേയര്‍ മടക്കി.

എന്നാല്‍ ഏഴ് പന്തില്‍ നിന്നും നാല് റണ്‍സ് നേടിയ ക്ലെവര്‍ രണ്ടാം വിക്കറ്റായി പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 51ലെത്തിയിരുന്നു. ഒരു വശത്ത് ക്ലെവറിനെ കാഴ്ചക്കാരനാക്കി ടിം സീഫെര്‍ട് അഞ്ഞടിച്ചതോടെയാണ് സ്‌കോര്‍ ഉയര്‍ന്നത്. എന്നാല്‍ ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ സീഫെര്‍ട്ടിനെയും കിവികള്‍ക്ക് നഷ്ടമായി. 34 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 55 റണ്‍സാണ് താരം നേടിയത്.

മിഡില്‍ ഓര്‍ഡറില്‍ കോള്‍ മക്കോന്‍ചിയും (24 പന്തില്‍ 31) ജെയിംസ് നീഷവും (22 പന്തില്‍ 25) മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചതോടെ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 155 റണ്‍സാണ് നേടിയത്.

യു.എ.ഇക്കായി ബാസില്‍ ഹമീദും ജുനൈദ് സിദ്ദിഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഫസറുദീനും സഹൂര്‍ ഖാനും ഓരോ വിക്കറ്റ് വീതവും നേടി.

ന്യൂസിലാന്‍ഡിന്റെ അതേ വിധി തന്നെയായിരുന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയെയും കാത്തിരുന്നത്. ഇന്നിങ്‌സിലെ ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെ കിവീസ് നായകന്‍ സൗത്തി വിക്കറ്റിന് മുമ്പില്‍ കുടുക്കി.

ന്യൂസിലാന്‍ഡിന് വേണ്ടി രണ്ടാം ഓപ്പണറായ സീഫെര്‍ട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ യു.എ.ഇക്കായി രണ്ടാം ഓപ്പണറായ ആര്യാന്‍ഷ് ശര്‍മ അര്‍ധ സെഞ്ച്വറി നേടി.

43 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. എന്നാല്‍ ആര്യാന്‍ഷിന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ പോയതോടെ യു.എ.ഇ 19.4 ഓവറില്‍ 136 റണ്‍സിന് ഓള്‍ ഔട്ടായി.

മത്സരം പരാജയപ്പെട്ടെങ്കിലും ആര്യാന്‍ഷിനെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡെത്തിയിരിക്കുകയാണ്. ഒരു ഐ.സി.സി ഫുള്‍ മെമ്പര്‍ ടീമിനെതിരെ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത് താരം എന്ന റെക്കോഡാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ ആര്യാന്‍ഷ് നേടിയത്.

2004 ഡിസംബര്‍ മൂന്നിന് ഉത്തര്‍പ്രദേശിലാണ് ആര്യാന്‍ഷ് ജനിച്ചത്. ശേഷം താരത്തിന്റെ കുടുംബം യു.എ.ഇയിലേക്ക് ചേക്കേറുകയായിരുന്നു.

ഐ.സി.സി ഫുള്‍ മെമ്പര്‍ ടീമിനെതിരെ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍- അര്‍ധ സെഞ്ച്വറി നേടുമ്പോഴുള്ള പ്രായം – വര്‍ഷം എന്നീ ക്രമത്തില്‍)

റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – സിംബാബ്‌വേ – 17 വയസും 296 ദിവസവും – 2019

ആര്യാന്‍ഷ് ശര്‍മ – യു.എ.ഇ – ന്യൂസിലാന്‍ഡ് – 18 വയസും 257 ദിവസവും – 2023

ഉസ്മാന്‍ ഘാനി – അഫ്ഗാനിസ്ഥാന്‍ – സിംബാബ്‌വേ – 18 വയസും 342 ദിവസവും – 2015

അതേസമയം, ആദ്യ മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ ലീഡ് നേടിയ ന്യൂസിലാന്‍ഡ് രണ്ടാം മത്സരവും വിജയിച്ച് പരമ്പര നേടാനുള്ള ഒരുക്കത്തിലാണ്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Aryansh Sharma scored half centaury against New Zealand