Advertisement
national news
ജാമ്യപ്പെട്ടിയില്‍ 'റിലീസ് ഓര്‍ഡര്‍' എത്തിയാല്‍ അഞ്ചരയോടെ വീട്ടിലേക്ക് മടങ്ങാം, ഇല്ലെങ്കില്‍ ആര്യന്‍ ഖാന്‍ ഒരു രാത്രി കൂടി ജയിലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 29, 08:58 am
Friday, 29th October 2021, 2:28 pm

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ജയില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവുമെന്ന് റിപ്പോര്‍ട്ട്.

ഇന്ന് വൈകിട്ട് അഞ്ചരയോടെ ജയിലിന്റെ ജാമ്യപ്പെട്ടിയില്‍ ‘റിലീസ് ഓര്‍ഡര്‍’ രേഖ എത്തിയാല്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജയില്‍ മോചിതനാകും. അതിനുശേഷമാണ് ഉത്തരവ് എത്തുന്നതെങ്കില്‍ ഒരു രാത്രി കൂടി ജയിലില്‍ കിടക്കേണ്ടി വരും എന്നാണ് ചട്ടം.

ആഡംബരകപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി 24 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.
കേസിലെ മറ്റ് പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്‌ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടിയത്.

ഒക്ടോബര്‍ രണ്ടിനാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു.

ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.
ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

ഒക്ടോബര്‍ 20 ന് വീണ്ടും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Aryan Khan Bail Updation