എസ്.ജെ സൂര്യയുടെ ആ വേഷം ഞാന്‍ ചെയ്യേണ്ടതായിരുന്നു: അരവിന്ദ് സ്വാമി
Entertainment
എസ്.ജെ സൂര്യയുടെ ആ വേഷം ഞാന്‍ ചെയ്യേണ്ടതായിരുന്നു: അരവിന്ദ് സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st September 2024, 7:31 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. മണിരത്‌നം സംവിധാനം ചെയ്ത ദളപതിയിലൂടെ സിനിമാലോകത്തേക്കെത്തിയ അരവിന്ദ് സ്വാമി റോജ, ബോംബൈ, ഇന്ദിര എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം നേടി. ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ ഒരുകാലത്ത് തമിഴില്‍ നിറഞ്ഞുനിന്ന അദ്ദേഹം ഇടക്ക് സിനിമയില്‍ നിന്ന് ഇടവേളയെടുത്തു.

തിരിച്ചുവരവില്‍ ചെയ്ത തനി ഒരുവനിലെ വില്ലന്‍ വേഷത്തിലൂടെ വീണ്ടും വലിയൊരു ഫാന്‍ ബേസ് സൃഷ്ടിച്ചു. തിരിച്ചുവരവില്‍ താന്‍ വളരെയധികം സമയമെടുത്താണ് ഓരോ സിനിമയും സെലക്ട് ചെയ്തതെന്ന് പറയുകയാണ് അരവിന്ദ് സ്വാമി. ഒരു സിനിമ ചെയ്ത് രണ്ടോ മൂന്നോ മാസം ബ്രേക്ക് എടുത്തിട്ടേ അടുത്ത സിനിമയിലേക്ക് പോകുള്ളൂവെന്ന് അരവിന്ദ് സ്വാമി പറഞ്ഞു. അങ്ങനെ ചെയ്തപ്പോള്‍ പല സിനിമകളും വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ടെന്നും അരവിന്ദ് സ്വാമി പറഞ്ഞു.

കാത്തിരുന്ന് കിട്ടുന്നത് മികച്ച സ്‌ക്രിപ്റ്റാണെങ്കില്‍ മാത്രമേ ചെയ്യുള്ളൂവെന്നും അങ്ങനെയൊരു സ്‌ക്രിപ്റ്റ് കിട്ടുന്നതുവരെ കാത്തിരിക്കുമെന്നും അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തു. അത്തരത്തിലൊരു സ്‌ക്രിപ്റ്റ് വരുന്നത് വളരെ അപൂര്‍വമായിട്ടാണെന്നും രണ്ട് സ്‌ക്രിപ്റ്റ് മാത്രമേ തനിക്ക് അങ്ങനെ തോന്നിയിട്ടുള്ളൂവെന്നും അരവിന്ദ് സ്വാമി പറഞ്ഞു. മറ്റെല്ലാ പ്രൊജക്ടും മാറ്റിവെച്ച് ആ സിനിമ ചെയ്യണമെന്ന് തോന്നിയ രണ്ട് സിനിമകളില്‍ ഒന്ന് മെയ്യഴകനായിരുന്നെന്ന് അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തു.

മറ്റൊരു സിനിമ ഒഴിവാക്കേണ്ടി വന്നെന്നും ആ സിനിമയാണ് മാനാടെന്നും അദ്ദേഹം പറഞ്ഞു. ആ സിനിമയില്‍ എസ്.ജെ സൂര്യ ചെയ്ത വേഷം തന്റെയടുത്തേക്ക് വന്നതെന്നും എന്നാല്‍ ഡേറ്റ് ഇഷ്യൂ കാരണം അത് വേണ്ടെന്ന് വെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സ്‌ക്രിപ്റ്റില്‍ താന്‍ മൊത്തമായി ഇറങ്ങി വായിച്ചതുകൊണ്ട് ആ സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും അരവിന്ദ് സ്വാമി പറഞ്ഞു. ഗോപിനാഥിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഓരോ സിനിമക്ക് ശേഷവും കുറച്ച് ബ്രേക്കെടുത്തിട്ടേ ഞാന്‍ അടുത്ത സിനിമ ചെയ്യാറുള്ളൂ. വളരെയധികം സമയമെടുത്താണ് ഓരോ കഥയും സെലക്ട് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ ചില സിനിമകള്‍ ചെയ്യാന്‍ പറ്റാതെ വന്നിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ നല്ല സ്‌ക്രിപ്റ്റിന് വേണ്ടി കാത്തിരിക്കും. വര്‍ഷത്തില്‍ അങ്ങനെ ഒന്നോ രണ്ടോ സിനിമ മാത്രമേ കിട്ടുള്ളൂ.

എനിക്ക് അങ്ങനെ തോന്നിയത് വെറും രണ്ട് സ്‌ക്രിപ്റ്റ് മാത്രമാണ്. അതിലൊന്നാണ് മെയ്യഴകന്‍. കഥ കേട്ട ശേഷം എനിക്ക് എന്നെത്തന്നെ റിലേറ്റ് ചെയ്യാന്‍ പറ്റി. അതുകൊണ്ടാണ് ഈ സിനിമ ചെയ്തത്. മറ്റൊരു സ്‌ക്രിപ്റ്റ് എനിക്ക് ചെയ്യാന്‍ പറ്റിയില്ല. മാനാടാണ് ആ സിനിമ. അതില്‍ എസ്.ജെ സൂര്യ ചെയ്ത വേഷം ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. അത്രമാത്രം ആ സ്‌ക്രിപ്റ്റിലേക്ക് ഇറങ്ങിയതുകൊണ്ട് ഇതുവരെ ഞാനാ സിനിമ കണ്ടിട്ടില്ല,’ അരവിന്ദ് സ്വാമി പറഞ്ഞു.

Content Highlight: Arvind swamy saying that he was supposed to do the role of SJ Suryah in Maanaadu