ദൽഹി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് കെജ്‌രിവാള്‍
India
ദൽഹി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th February 2024, 4:31 pm

ന്യൂദൽഹി: വിശ്വാസ വോട്ടെടുപ്പില്‍ ദല്‍ഹി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹി മദ്യനയക്കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ കെജ്‌രിവാള്‍ തന്നെയാണ് സഭയില്‍ വിശ്വാസ വോട്ടെടുപ്പിന് പ്രമേയം അവതരിപ്പിച്ചത്.

എ.എ.പിയുടെ 62 എം.എല്‍.എമാരില്‍ 54 പേരും വോട്ടെടുപ്പില്‍ പങ്കെടുത്തു. രണ്ട് എം.എല്‍.എമാര്‍ ജയിലിലാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചില എം.എല്‍.എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇതോടെ എ.എ.പി എം.എല്‍.എമാര്‍ കൂറുമാറുമെന്ന ബി.ജെ.പിയുടെ ആരോപണം തെറ്റാണെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.എ.പി സര്‍ക്കാരിനാണ് സഭയില്‍ ഭൂരിപക്ഷമുള്ളത്. എന്നാല്‍ എം.എല്‍.എമാരെ വേട്ടയാടി തന്റെ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടത് അത്യാവശ്യമായിരുന്നെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

കൂറുമാറുന്നതിന് എ.എ.പി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കെജ്‌രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. തന്നെ അറസ്റ്റുചെയ്ത് എ.എ.പിയെ അവസാനിപ്പിക്കാമെന്നാണ് അവര്‍ കരുതിയതെന്നും സഭയെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പറഞ്ഞു.

‘ബി.ജെ.പിയുടെ ഏറ്റവും വലിയ വെല്ലുവിളി എ.എ.പിയാണ്. അതിനാലാണ് എല്ലാ ഭാഗത്ത് നിന്നും അവര്‍ നമ്മളെ ആക്രമിക്കുന്നത്. എ.എ.പിയെ ആക്രമിച്ച് എം.എല്‍.എമാരെ അറസ്റ്റ് ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെ കുറിച്ച് എല്ലാ ജനങ്ങള്‍ക്കും ബോധ്യമുണ്ട്. ജനങ്ങള്‍ മണ്ടന്‍മാരാണെന്നാണ് അവര്‍ കുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എ.എ.പി സര്‍ക്കാരിനെ തകര്‍ക്കാനാണോ ശ്രമിക്കുന്നതെന്നാണ് കുട്ടികളടക്കം ഇപ്പോള്‍ സംസാരിക്കുന്നത്’, കെജ്‌രിവാള്‍ പറഞ്ഞു.

ബി.ജെ.പി രാമഭക്തരാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ അവര്‍ ആശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കി. ദരിദ്രര്‍ക്ക് മരുന്ന നല്‍കുന്നത് നിര്‍ത്താന്‍ രാമനാണോ അവരോട് ആവശ്യപ്പെട്ടതെന്നും കെജ്‌രിവാള്‍ ചോദിച്ചു.

അതിനിടെ മദ്യനയക്കേസില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് ദല്‍ഹി റോസ് അവന്യൂ കോടതി കെജ്‌രിവാളിന് സമയം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 16ന് ഹാജരാകാനാണ് നിര്‍ദേശം. നിരവധി തവണ നോട്ടീസ് അയച്ചിട്ടും കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിയാണ് കോടതിയെ സമീപിച്ചത്.

Contant Highlight: Arvind Kejriwal wins trust vote in Delhi assembly