ന്യൂദല്‍ഹി: ഗുജറാത്തില്‍ തനിക്കൊരവസരം തന്നാല്‍ സൗജന്യമായി വൈദ്യുതിയും സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കാമെന്നും അയോധ്യയിലെ രാം മന്ദിരത്തിലേക്ക് എല്ലാവരേയും എത്തിക്കാമെന്നും ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
‘ഞാന്‍ നിങ്ങളുടെ സഹോദരനാണ്, നിങ്ങളുടെ കുടുംബത്തിന്റെ ഭാഗം. എനിക്കൊരു അവസരം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കാം. സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കാം. കൂടാതെ നിങ്ങളെ അയോധ്യയിലെ രാം മന്ദിരത്തിലെത്തിക്കാം,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പഞ്ചാബില്‍ എ.എ.പി ഭരണത്തിലേറിയതിന് പിന്നാലെ വന്‍ പ്രതീക്ഷയോടെയാണ് കെജ്‌രിവാള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മോര്‍ബി ദുരന്തമാണ് ബി.ജെ.പിക്കെതിരെ ആം ആദ്മി പാര്‍ട്ടിയും ഉയര്‍ത്തിക്കാട്ടുന്നത്.
മുഖ്യ കക്ഷികളായ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പകരം പുതിയ ബദല്‍ കൊണ്ടുവരാനുള്ള വാഗ്ദാനങ്ങളുമായാണ് ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ വോട്ടുതേടുന്നത്. മോര്‍ബി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് എ.എ.പി രാഷ്ട്രീയമായി ആരോപിക്കുന്നത്.
അതേസമയം, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും, രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനുമാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ് നടക്കുക.ഗുജറാത്തില്‍ 182 നിയമസഭാ സീറ്റുകളാണുള്ളത്. മൊത്തം 4.9 കോടി വോട്ടര്‍മാരില്‍, 3,24,420 കന്നിവോട്ടര്‍മാരുമുണ്ട്.
ഡിസംബര്‍ ഒന്നിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞടുപ്പില്‍ 89 മണ്ഡലങ്ങളിലും, ഡിസംബര്‍ അഞ്ചിന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.