അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയായി ബി.ജെ.പി ഉള്ളപ്പോള്‍ ഗുജറാത്തിലെ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസിനെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഹിന്ദു അനുകൂല പാര്‍ട്ടിയായി നിലനില്‍ക്കെ ഗുജറാത്തില്‍ ഒരു ക്ലോണിന്റെ ആവശ്യമില്ലെന്ന് ജയ്റ്റ്‌ലി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനത്തിന്റെയും വിശ്വാസിയാണെന്നുള്ള പ്രസ്താവനയുടെയും പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ജയ്റ്റ്‌ലി വിമര്‍ശിച്ചു. അഴിമതി നിറഞ്ഞതും നയിക്കാന്‍ ആരുമില്ലാതിരുന്നതുമായ ഭരണമായിരുന്നു നേരത്തെയുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയ്ക്ക് മുമ്പുണ്ടായിരുന്ന 10 വര്‍ഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ കാലമായിരുന്നു. സ്ഥാനമുണ്ടായിരുന്നെങ്കിലും അധികാരമില്ലാതിരുന്ന പ്രധാനമന്ത്രിയാണ് അന്ന് രാജ്യം ഭരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.