Entertainment
'ഹോളിവുഡിന്റെ കാർട്ടൂൺ, രാവണന് എന്താണ് സംഭവിച്ചത്?' ആദിപുരുഷിനെ വിമർശിച്ച് രാമായണം സീരിയലിലെ രാമൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 19, 08:51 am
Monday, 19th June 2023, 2:21 pm

ഇന്ത്യയിൽ പ്രേക്ഷകരെ ഏറെ സ്വാധീനിച്ച രാമായണം എന്ന സീരിയൽ ഇന്നും പ്രേക്ഷകരുടെ ഓർമയിൽ തങ്ങി നിൽക്കുന്നതാണ്. രാമായണം ആധാരമാക്കിയുള്ള ആദിപുരുഷ് എന്ന ചിത്രം റിലീസിന് ശേഷം മിശ്ര പ്രതികരണത്തോടെ തിയേറ്ററിൽ പ്രദർശിപ്പിക്കുകയാണ്. ഇപ്പോൾ ആദിപുരുഷിനെ ഹോളിവുഡിന്റെ കാർട്ടൂൺ എന്ന് വിശേഷിപ്പിച്ച് മുൻകാല പുരാണ സീരിയലായ രാമായണത്തിലെ ശ്രീരാമനെ അവതരിപ്പിച്ച മുതിർന്ന നടൻ അരുൺ ഗോവിൽ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും, എങ്കിൽപ്പോലും രാമായണത്തിന്റെ പശ്ചാത്തലത്തിൽ മോഡേണിറ്റിയും പുരാണങ്ങളും ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഹോളിവുഡിന്റെ കാർട്ടൂൺ ആണെന്നും അദ്ദേഹം പറഞ്ഞു.

ടീസർ ഇറങ്ങിയതിനു ശേഷം താൻ ആദിപുരുഷിൻറെ നിർമാതാക്കളെ കണ്ടിരുന്നെന്നും, അപ്പോൾ തന്റെ നിർദേശങ്ങൾ പങ്കുവെച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ തനിക്ക് ഇഷ്ടമായില്ലെന്നും നിയന്ത്രിതമായ ഭാഷയാണ് തനിക്ക് ഇഷ്ടമെന്നും താരം പറഞ്ഞു.

ആദിപുരുഷിൽ ചിത്രീകരിച്ചിരിക്കുന്ന രാവണനെപ്പറ്റിയും അദ്ദേഹം പറഞ്ഞു. രാവണന് എന്ത് പറ്റിയെന്നും, പുരാണത്തിലുള്ളതിൽ നിന്നും മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാവണന് എന്താണ് സംഭവിച്ചത്? ഇത്രയും കാലം നമ്മൾ അറിയുകയും സ്നേഹിക്കുകയും ചെയ്ത കഥാപാത്രത്തിന് എന്ത് പറ്റി? പുരാണങ്ങളിൽനിന്നും മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമുണ്ടായിരുന്നോ? ഒരു പക്ഷെ ഈ ടീമിന് രാമനിലോ സീതയിലോ മതിയായ വിശ്വാസം ഇല്ലാത്തതിനാലാകാം ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തിയത്,’ അരുൺ ഗോവിൽ പറഞ്ഞു.

രാമായണത്തിലെ കഥാപാത്രങ്ങളെ ആധാരമാക്കിയുള്ള ചിത്രം ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തി എന്ന പേരിൽ ഹിന്ദുസേന കോടതിയെ സമീപിച്ചിരുന്നു. കൂടാതെ ചിത്രത്തിനെതിരെ വിമർശനവുമായി രാമായണം സീരിയൽ ചിത്രീകരിച്ച രാമാനന്ദ സാഗറിന്റെ മകൻ പ്രേം ആനന്ദ് രംഗത്തെത്തിയിരുന്നു.

രാമായണം ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിന്  സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.

500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights: Arun Govil on Adipurush