തിങ്കളാഴ്ച കോച്ചിങ് ക്ലാസിലായിരുന്നു ഡ്യൂട്ടി. എം.സി.സി സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങി വേഗത്തില്‍ സെന്ററിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോഴും മനസ്സിലൊരായിരം ശബ്ദങ്ങള്‍ ആയിരുന്നു. അമ്മയോട് കലഹിച്ചു ഇറങ്ങിയതാണ് വീട്ടില്‍ നിന്നും. ഗേ ആണെന്ന് വീട്ടില്‍ അറിഞ്ഞതിന് ശേഷം അത്ര നല്ല രീതിയിലല്ല ഓരോ ദിവസവം കടന്നുപോവുന്നത്. ഒരു കണക്കിന് അവരോട് ഈ കാര്യം പറയണമെന്ന് തന്നെ എനിക്കില്ലായിരുന്നു. പക്ഷെ ഒരു ദിവസം അമ്മ തന്നെ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ഗേ എന്നാല്‍ വൃത്തികെട്ട ഒരു ജീവിത ശൈലി ആണെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ശരാശരി ഇന്ത്യന്‍ അച്ഛനമ്മമാര്‍ തന്നെയാണ് എന്റെയും. ഒരിക്കലും അതിലൊരു മാറ്റം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അതറിയാവുന്നത് കൊണ്ടു തന്നെയാണ് അവരെ അറിയിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചത്. എന്നാലും അമ്മ നേരിട്ട് ചോദിച്ചപ്പോള്‍ ഞാന്‍ നിഷേധിച്ചില്ല. എന്തിന് നിഷേധിക്കണം? ഇതെന്റെ അസ്തിത്വമാണ്. മറച്ചു വയ്ക്കാനോ നാണിച്ചു ഇരിക്കാനോ ഇനി വയ്യെന്ന അവസ്ഥയിലാണ് ഞാന്‍ തുറന്ന് പറയുന്നത്.
രാവിലത്തെ വെയില്‍ എന്റെ മുഖത്ത് അടിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ മൊബൈല്‍ എടുത്തു ഇയര്‍ഫോണില്‍ പാട്ടു കേട്ടുകൊണ്ടിരുന്നു. ഇന്നലെ രാത്രി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴായിരുന്നു അച്ഛന്‍ ചോദിച്ചത്:
‘നിന്റെ ആ സുഹൃത്ത് ഇല്ലേ? മലാപ്പറമ്പ് വീട് ഉള്ള…. എന്റെ സുഹൃത്തിന്റെ മകന്‍?’
‘അതേ, അവന്‍?’
‘അവന്റെ കല്യാണം ഉറപ്പിച്ചു. ഡിസംബര്‍ മറ്റോ ആണ് നിശ്ചയം’
‘ഉം..’ ഞാനൊന്ന് അമര്‍ത്തി മൂളി. അടുത്തിരിക്കുന്ന അമ്മയ്ക്ക് അതത്ര രസിച്ചില്ല. അച്ഛന്‍ തുടര്‍ന്നു.
‘നിനക്ക് അങ്ങനെ വിചാരം ഒന്നുമില്ലേ’
‘എന്ത് വിചാരം’
‘കല്യാണം കഴിക്കാന്‍’
‘ഞാന്‍ പറഞ്ഞല്ലോ ഞാന്‍ ഗേ ആണെന്ന്. ഇനി എന്നാണ് നിങ്ങള്‍ അതൊന്ന് മനസ്സിലാക്കുക’
‘ഗേയോ അതെന്താ സാധനം’
‘സ്വവര്‍ഗ്ഗ അനുരാഗം’ അമ്മയാണ് പരിഹാസപൂര്‍വ്വം അത് വിവര്‍ത്തനം ചെയ്തത്.
‘അതേ ഞാന്‍ ഗേ ആണ്. സ്വവര്‍ഗ്ഗപ്രേമി!’ അച്ഛന്‍ അത് കേട്ട് ഒന്നും മിണ്ടാതെ ചപ്പാത്തി കഴിച്ചുകൊണ്ടിരുന്നു. അമ്മ തുടര്‍ന്നു:
‘നിനക്ക് നാണം ഇല്ലേ ഇമ്മാതിരി വൃത്തികേട് ഒക്കെ ചെയ്യാന്‍?’
‘ഞാന്‍ വൃത്തികേട് ഒന്നും ചെയ്തില്ല’
‘പിന്നെ എന്താ ഇതിന് പറയുന്ന പേര്. ഇത് മഹാ വൃത്തികെട്ട പരിപാടി ആണ്. ഈ നാട്ടില്‍ ഒന്നും കേള്‍ക്കാത്ത സംഭവം.’
‘എന്നിട്ടല്ലേ സുപ്രീംകോടതി അങ്ങനെ വിധിച്ചത്’
‘അവര് അങ്ങനെ ഒക്കെ പറയും. ഇത് നിന്റെ പ്രശ്‌നം ആണ്. നീ ഇതു തന്നെയേ ചെയ്യുകയുള്ളൂ എന്ന് നിശ്ചയിച്ചു ഇറങ്ങിയിരിക്കുക്കയാണ്. നിനക്ക് മാറാന്‍ യാതൊരു വിചാരവും ഇല്ല’
‘അങ്ങനെ മാറാന്‍ പറ്റുമ്പോള്‍ മാറാവുന്ന ഒന്നല്ല ഇത്’
‘അതൊക്കെ നിന്റെ തോന്നല്‍ ആണ്. നീ എന്താ കരുതിയിരുന്നത് ഒരു ആണിനെ കെട്ടി ജീവിക്കാം എന്നോ? ആളുകളൊക്കെ നിന്നെ പരിഹസിച്ചു ചിരിക്കില്ലേ?’
‘ചിരിക്കുന്നവര്‍ ഒക്കെ ചിരിക്കട്ടെ.’
‘ഇതൊന്നും ഇവിടെ നടക്കില്ല’
‘വേണ്ട ഞാന്‍ നിങ്ങളുടെ അനുവാദം ഒന്നും ചോദിച്ചില്ല’
ഞാന്‍ ഭക്ഷണം കഴിച്ചു എഴുന്നേറ്റു. പാത്രം കഴുകാന്‍ അടുക്കളയിലേക്ക് പോയി.
‘ആ ചെക്കനെക്കൂടി നീ വൃത്തികേടാക്കും. നിനക്കൊന്നും നാണം ഇല്ലേ’ അമ്മ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു.
‘ആ ചെക്കന്‍’ എന്ന എന്റെ കാമുകന്‍ ഇനി വഷളാവാന്‍ ഇല്ലെന്ന് ഓര്‍ത്തു ചിരിച്ചു കൊണ്ട് ഞാന്‍ വായകഴുകി തുപ്പി. ഇതൊന്നും എന്നെ ബാധിക്കുന്നേയില്ല എന്നത് എത്രയോ നല്ലത് ആണെന്ന് ആലോചിച്ചു കൊണ്ട് ഞാന്‍ മുകളിലെ മുറിയിലേക്ക് കയറി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പായുമ്പോള്‍ ഇതൊന്നും ഞാന്‍ ഓര്‍ത്തിരുന്നേയില്ല.
ചെവിയിലേക്ക് ഇയര്‍ഫോണ്‍ കുറച്ചു കൂടെ തിരുകി കേറ്റി ഞാന്‍ ആനിഹാള്‍ റോഡിലേക്ക് കയറി. വേഗത്തിലൊരു ഓട്ടോ എന്റെ അടുത്തു കൂടെ കയറി പോയി. ഓട്ടോ ഡ്രൈവര്‍ ‘എങ്ങോട്ട് നോക്കിയാണ് നടക്കുന്നത് കയ്യുയര്‍ത്തി’ എന്തോ പറഞ്ഞു. റീത്ത ഓറയുടെ I will never let you down ഉറക്കെ ചെവിയില്‍ പാടിയത് കൊണ്ട് അയാള്‍ വിളിച്ചു പറഞ്ഞത് ഒന്നും ഞാന്‍ കേട്ടില്ല. ഒന്നു പരിസരം ഒക്കെ നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി ഞാന്‍ മുന്നോട്ട് നടന്നു.
Sex determination – ആണ് ഇന്നത്തെ വിഷയം. പ്രൈമറി സെക്‌സ് ഡിറ്റര്‍മിനേഷന്‍, സെക്കന്‍ഡറി സെക്‌സ് ഡിറ്റര്‍മിനേഷന്‍, ജീനുകള്‍, ഹോര്‍മോണുകള്‍, dax gene ഡ്യൂപ്ലിക്കേഷന്‍, intersex അങ്ങനെ അങ്ങനെ. മനുഷ്യനിലെയും, പഴ ഈച്ചയിലേയും ജീനുകള്‍ അതിലെ വ്യതിയാനങ്ങള്‍. രാവിലെ എല്ലാം നോക്കി ചായ കുടിക്കുന്നതിനിടയില്‍ അമ്മ അടുത്തു വന്നിരുന്നു.
‘ഇന്നലെ പറഞ്ഞത് ഒക്കെ ഓര്‍മയുണ്ടോ? നീ നല്ലപോലെ നടക്കാന്‍ അല്ലെ ഞങ്ങള്‍ ഇങ്ങനെ പറയുന്നത്’
‘ഉം..’ എഴുതിയുണ്ടാക്കിയ നോട്ടുകളില്‍ നിന്ന് കണ്ണെടുക്കാതെ ഞാന്‍ മൂളി.
‘നീ അങ്ങനെ ഇനി നടക്കരുത് എന്ന് തീരുമാനം എടുത്താല്‍ മതി. എല്ലാം ശരി ആവും. നീ ഇതൊരു ശീലം ആക്കുന്നതാണ് എല്ലാത്തിനും പ്രശനം’
‘അമ്മേ…സമയം ഇല്ല. ഞാന്‍ ഗേ ആണ്. അമ്മ വേണമെങ്കില്‍ അംഗീകരിക്ക് ഇല്ലെങ്കില്‍ പ്രശനം ഇല്ല. ഞാന്‍ ചീത്ത ആണെന്ന് കരുതിയാലും മതി’ പുട്ടിന്റ ഒരു കഷണം വായിലിട്ട് ഞാന്‍ പാത്രം കഴുകാന്‍ അടുക്കളയിലേക്ക് ഓടി.
‘എടാ നീ ഞാന്‍ പറയു…’
‘സമയമില്ല… ഞാന്‍ പോണ്’ ചെരുപ്പിട്ട് ബാഗ് പിടിച്ചു ഞാന്‍ ബസ്റ്റോപ്പിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. നേരിട്ടുള്ള ബസില്‍ കയറിയപ്പോഴാണ് സമാധാനമായത്.
ഓരോന്ന് ആലോചിച്ചു സമയം 9:20 ആയി. കോച്ചിങ് സെന്ററിയിലേക്കുള്ള നടത്തത്തിന് ഞാന്‍ വേഗം കൂട്ടി. സെന്ററിന്റെ സ്റ്റെപ്പ് കയറി ഞാന്‍ ഓഫീസിലേക്ക് നടന്നു. അവിടെ നിന്ന് മൈക്ക് എടുത്തു നേരെ ക്ലാസ്സില്‍ കയറി.
‘ഇന്ന് നമ്മള്‍ dISCUSS ചെയ്യാന്‍ പോവുന്ന ടോപിക് sex determination ആണ്’ ഞാന്‍ ബോര്‍ഡില്‍ sex determination എന്ന് വലുതാക്കി എഴുതി. ഈ വിഷയം എടുക്കുമ്പോള്‍ എപ്പോഴും മനസ്സിലൊരു ഇടിപ്പാണ്. വിഷയം sex determination ആയത് കൊണ്ടല്ല ചില ചോദ്യങ്ങളെ ഭയന്നിട്ടാണ്. സ്വതേ സ്‌ത്രൈണതയുള്ള അങ്കവിക്ഷേപങ്ങള്‍ ആണ് എന്റേത്.
ക്ലാസ് എടുക്കുമ്പോഴും അങ്ങനെ ഒക്കെ തന്നെ. ഓരോ ബാച്ച് വിദ്യാര്‍ത്ഥികള്‍ വരുമ്പോഴും ഒരു ഭയം ആണ്. ഹൈസ്‌കൂള്‍ കാലത്തെ കളിയാക്കലുകളുടെയും ചിരികളുടെയും ഒക്കെ തിരുശേഷിപ്പുകള്‍ അവിടെ ഇവിടെ ആയി പൊങ്ങി വരും. സ്‌ത്രൈണത ഒരു പുരുഷനില്‍ കണ്ടാല്‍ താങ്ങാന്‍ ആവാത്ത സമൂഹത്തില്‍ ഞാന്‍ കയറി sex determination എടുക്കുമ്പോള്‍ പല ചോദ്യങ്ങളും ഉറപ്പാണ്. അതുകൊണ്ട് ചിലപ്പോള്‍ ഞാന്‍ വളരെ conscious ആവും. കൈകള്‍ അനക്കുന്നത് വരെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങും.
കഴിഞ്ഞ പല ബാച്ചുകളിലും അങ്ങനെ ഉള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലതും വിദ്യാര്‍ഥികളുടെ കളങ്കമറ്റ ചോദ്യങ്ങള്‍ തന്നെയാവും. അവയ്ക്ക് ഉത്തരം പറയുമ്പോള്‍ ഹൃദയമിടിപ്പ് കൂടുന്നത് ഞാന്‍ അറിയും. പെട്ടെന്ന് ഞാന്‍ ഹൈസ്‌കൂളിലെ വരാന്തയെ ഓര്‍മിക്കും. അവിടെ ഒറ്റയ്ക്ക് നില്‍ക്കുന്ന പോലെ ഇരുമ്പഴികളിലൂടെ ഉച്ചവെയില്‍ ഊരി വരാന്തയില്‍ അഴികളുടെ നിഴലുകള്‍ ഉണ്ടാക്കും. ആരെയും കാണാതെ, നോക്കാതെ ഞാന്‍ നേരെ ക്ലാസ് മുറി ലക്ഷ്യമാക്കി നടക്കും. ആരുമൊന്നും പറയരുതെന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കും. ഒരു ചെറിയ ചിരിയെങ്കിലും ദൂരെനിന്ന് കേട്ടാല്‍ അത് എന്നെ ചൂണ്ടിയാണെന്ന് വിചാരിക്കും. ക്ലാസ്സിലെ കുട്ടിയില്‍ നിന്ന് ടീച്ചറിലേക്ക് ഒരു സെക്കന്‍ഡില്‍ ഞാന്‍ യാത്ര ചെയ്ത് വരും. പിന്നെ ശ്വാസം വലിച്ചു പിടിച്ചു ഞാന്‍ ഉത്തരം പറയും. പലപ്പോഴും വിദ്യാര്‍ഥികള്‍ ഇതൊന്നും അറിയാറില്ല എന്ന് മാത്രം. ഇന്നും സ്ഥിരം ചോദ്യങ്ങള്‍ ഒക്കെ മല്ലിട്ട് ഞാന്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്.
പെട്ടെന്ന് ചങ്കിടിപ്പ് കൂടികൊണ്ടിരുന്നു. ഞാന്‍ ഒന്ന് നിര്‍ത്തി വീണ്ടും സസ്തനികളിലെ ലിംഗനിര്‍വചനത്തെ കുറിച്ചു വാചാലനായി.
വീണ്ടും ചങ്കിടിപ്പ് കൂടുകയാണ്.
മൂക്കിന്റെ അറ്റത്തുള്ള എവിടെയോ ഒരു നീറ്റല്‍.
അതെനിക്ക് പരിചയമുള്ള ഒരു വികാരമാണ്.
കരച്ചില്‍.
കണ്ണുകള്‍ എന്തെന്നില്ലാത്ത നിറയാന്‍ പോവുന്നത് ഞാന്‍ അറിഞ്ഞു. വിദ്യാര്‍ത്ഥികളോട് പഴയ ചോദ്യങ്ങള്‍ സോള്‍വ് ചെയ്യാന്‍ പറഞ്ഞു ഞാന്‍ മൈക്ക് വച്ചു ക്ലാസിന്റെ പുറത്തേക്ക് ഓടി. കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒലിച്ചു വീണ് കൊണ്ടിരിക്കുന്നു. ഓഫീസിന്റെ പിന്നിലെ ബാത്‌റൂമിലേക്ക് ഞാന്‍ ഓടിക്കയറി വാതില്‍ അടച്ചു.
എന്തിനാണ് ഞാന്‍ കരയുന്നത്? എനിക്കറിയില്ല. നിര്‍ത്താന്‍ ഒരു നൂറു വട്ടം ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട്. മസ്തിഷ്‌കത്തില്‍ കരയരുത് എന്നൊരു ശബ്ദം മുഴങ്ങുന്നുണ്ട് കണ്ണുകള്‍ അത് ചെവികൊള്ളുന്നില്ല. എന്തുകൊണ്ടാണ് നിറുത്താന്‍ കഴിയാത്തത്? എന്തിനാണ് കണ്ണുനീര് ഇങ്ങനെ ഒഴുകുന്നത്? ഒട്ടും വിഷമം ഇല്ലാതെ മനുഷ്യന്‍ എങ്ങനെയാണ് കരയുന്നത്? എനിക്കറിയില്ല. ബാത്‌റൂമിലെ സ്വതേയുള്ള വിങ്ങല്‍ അസഹ്യമായി തോന്നി. ഞാന്‍ ടാപ്പ് തുറന്ന് മുഖം രണ്ട് മൂന്ന് തവണ കഴുകി. മുഖത്തുള്ള തണുത്ത വെള്ളത്തിന് ഇടയിലൂടെ ചൂടുറവ പോലെ ഒഴുകുന്ന കണ്ണീര്‍ എനിക്കപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു. ഒരിക്കല്‍ കൂടി ഞാന്‍ മുഖം കഴുകി.
കഴിഞ്ഞ മാസം അലസമായി വായിച്ചു വിട്ട minority stress theory മനസ്സിലൂടെ കടന്ന് പോയി. ഇനി ഇത് stress ആണോ? പിന്നെ ഓര്‍ക്കാന്‍ കഴിഞ്ഞത് ഒക്കെയും അമ്മയുടെ വാക്കുകള്‍ മാത്രം ആണ്. അമ്മയുടെ വാക്കുകള്‍ എന്നെ ബാധിക്കുന്നില്ലെന്ന് പറയുമ്പോഴും അതെന്റെ ഉള്ളില്‍ കിടന്ന് ഉഴുതുമറയുകയായിരുന്നൊ? അമ്മയുടെ ഓരോ വാക്കും എന്റെ മുന്നിലെ ടൈലുകളില്‍ എഴുതിയിട്ടുള്ള പോലെ. ഒരിക്കല്‍ കൂടി മുഖം കഴുകി ഞാന്‍ കര്‍ച്ചീഫ് കോണ്ട് മുഖം അമര്‍ത്തി തുടച്ചു. കണ്ണുകള്‍ അപ്പോഴും നീറുന്ന പോലെ എനിക്ക് തോന്നി. ബാത്‌റൂമിന്റെ കുറ്റി തുര്‍ന്ന് ഞാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഓഫീസിലെ ചേച്ചി ചോദിച്ചു ‘എന്തു പറ്റി അരുണ്‍’
‘ഏയ് ചോക്കിന്റെ അലര്‍ജി ആണെന്ന് തോന്നുന്നു’ ഞാന്‍ സൗകര്യപൂര്‍വ്വം ഒരു കള്ളം പറഞ്ഞു വീണ്ടും ക്ലാസ് മുറിയിലേക്ക് കയറി. മൂക്കിന്റെ അറ്റത്തു അപ്പോഴും ഒരു നീറ്റല്‍, കണ്ണില്‍ വീണ്ടും ഇരമ്പം. ഞാന്‍ നനഞ്ഞ കര്‍ച്ചീഫ് കൊണ്ട് വീണ്ടുമൊന്ന് അമര്‍ത്തി തുടച്ചു. മൈക്ക് എടുത്തു ‘നിങ്ങള്‍ ആ ചോദ്യങ്ങള്‍ ചെയ്തു കഴിഞ്ഞോ? ‘ ഒന്നും നടക്കാത്ത പോലെ ഞാന്‍ വീണ്ടും ക്ലാസ് മുറിലേക്ക് ഇഴുകി ചേര്‍ന്നു.
അന്ന് വൈകീട്ട് വീട്ടിലേക്കുള്ള ബസിന്റെ വിന്‍ഡോ സീറ്റില്‍ ഇരുന്ന് ഞാന്‍ പാട്ടു കേള്‍ക്കുമ്പോഴും എന്തിനാണ് ഞാന്‍ കരഞ്ഞതെന്ന് എനിക്കറിയുന്നുണ്ടായിരുന്നില്ല. എന്നെ തന്നെ ഒരു സൈക്കോ അനാലിസിസിന് വിധേയമാക്കണമെന്ന് എനിക്ക് തോന്നി. ബസ്സിന്റെ കമ്പി അഴികളില്‍ തല ചാരി ഞാന്‍ കണ്ണുകള്‍ അടച്ചു.
‘There’s a million ways to go
Don’t be embarrassed if you lose control
On the rooftop, now you know
Your body’s frozen and you lost your soul’
ഇയര്‍ഫോണില്‍ റീത്ത ഓറ തകര്‍ത്തു പാടുകയുമാണ്