കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം ഇന്നലെ പൊട്ടിമുളച്ചതല്ല; കലൂര്‍ സ്റ്റേഡിയത്തെ കൊല്ലേണ്ടതാര്‍ക്ക് ?
Opinion
കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം ഇന്നലെ പൊട്ടിമുളച്ചതല്ല; കലൂര്‍ സ്റ്റേഡിയത്തെ കൊല്ലേണ്ടതാര്‍ക്ക് ?
മുഹമ്മദ് ജാസ്
Wednesday, 21st March 2018, 12:54 pm

കേരളം ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ നാടാണ്. കളിക്കുന്നതിലും, കളികള്‍ ഉന്നത നിലവാരത്തില്‍ സംഘടിപ്പിക്കുന്നതിലും, കളി കാണാനെത്തുന്നതിലും ദേശീയ ഫുട്‌ബോളില്‍ കേരളത്തിന് വളരെ വലിയ സ്ഥാനമുണ്ട്. ഒരു സമയം കേരളത്തില്‍ ഫുട്‌ബോളിന് സുവര്‍ണ്ണ കാലഘട്ടമായിരുന്നു. അന്ന് ദേശീയ ടീമുകള്‍ ഏറെയും ആശ്രയിച്ചിരുന്നത് കേരളത്തെയും. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്ഥിതി തീര്‍ത്തും നിരാശാജനകമാണ്. അതിന്റെ കാരണം തേടി പോകുമ്പോള്‍ ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്ന “ഗ്രൗണ്ടുകളും” ഉള്‍പ്പെടുത്തേണ്ടി വരും.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇംഗ്ലണ്ടില്‍ നിന്ന് കാല്‍പന്തുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയ ബിഷപ്പ് ബോയല്‍ എന്ന ബ്രിട്ടീഷ് പ്രൊഫസര്‍ തിരുവിതാംകൂറില്‍ ഫുട്‌ബോളിന്റെ വിത്ത് പാകി. അങ്ങനെ കേരളത്തിന്റെ പല ഭാഗങ്ങളിലായി നങ്കൂരമിട്ട ബ്രിട്ടീഷ് കപ്പല്‍ വിവിധയിടങ്ങളില്‍ ഫുട്‌ബോളെത്തിച്ചു.

“സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നുള്ള പട്ടാള കമ്പനികള്‍ ഇവിടെ വര്‍ഷിച്ച ബോംബാണ് ഫുട്‌ബോള്‍” എന്ന് കേരളത്തിലെ പഴമക്കാര്‍ പറയാറുണ്ട്. ഈ കളി കേരളത്തിലെത്തിച്ച സായിപ്പിന് ഇന്നും ഇവിടം ഒരു അത്ഭുതമായിരിക്കും, കാരണം കേരളം കണ്ണടച്ചാണ് ഫുട്‌ബോളിനെ വരവേറ്റത്. ജോണ്‍ ഹൂസ്റ്റണ്‍ സംവിധാനം ചെയ്ത ” എസ്‌കേപ് ടു വിക്ടറി ” എന്ന സിനിമയില്‍ രണ്ടാം ലോകമഹായുദ്ധക്കാലത്തെ നാസി തടവുകാര്‍ സ്വതന്ത്ര്യത്തിന് വേണ്ടി ഫുട്‌ബോള്‍ കളിച്ച അതേ സാഹചര്യം തന്നെയാണ് കേരളത്തിലുമുണ്ടായത്. ഇടവേളകളില്‍ മാത്രം കളിച്ചിരുന്ന ഫുട്‌ബോള്‍ പിന്നീട് നിലനില്‍പിനുള്ള പോരാട്ടമായി മാറി.

ഫുട്‌ബോളിനെ സ്‌നേഹിച്ചിരുന്ന കോട്ടയം മീരാന്‍ സാഹിബും, കോഴിക്കോട് മാനാഞ്ചിറ മൈതാനത്തും വെസ്റ്റ്ഹില്‍ മൈതാനത്തും ഫുട്‌ബോള്‍ മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്ന ബ്രിട്ടീഷ് പട്ടാളത്തെ കണ്ടുനിന്നിരുന്ന കുതിരവണ്ടികാരനും ഇറച്ചിക്കച്ചവടകാരനും കളിയില്‍ ആവേശം പൂണ്ട് ഫുട്‌ബോളിനെ സ്വന്തം മണ്ണിലേക്ക് പറിച്ചു നടുവാന്‍ തീരുമാനിച്ചതും ഫുട്‌ബോളിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിത്തറ നല്‍കി. ഏറെ വൈകാതെ കോട്ടയംകാരന്‍ മുഹമ്മദ് സാലി ദേശീയ കുപ്പായമണിഞ്ഞു. പിന്നീട് ടി.എ റഹ്മാനും, അന്തോണിയും, ഒളിംപിക്‌സിലും, വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.എം വിജയനും സത്യനും ഷറഫലിയും ദേശീയ കുപ്പായമണിഞ്ഞപ്പോള്‍ കേരളാഫുട്‌ബോളിനുണ്ടായ അവസരങ്ങള്‍ വളരെ വലുതായിരുന്നു.

ഇന്ന് അനസ് ദേശീയ കുപ്പായമണിയുമ്പോള്‍ സ്ഥിതി നേരെ മറിച്ചാണ്. പ്രൊഫഷണല്‍ താരങ്ങളെ തേടി കേരളത്തിലെത്തിയിരുന്ന ഇന്ത്യയിലെ മുന്‍നിര ക്ലബുകള്‍ ഇന്ന് വരാതായി. എന്തിന് പറയണം കേരളത്തിലെ ക്ലബുകള്‍ക്കുപോലും താരങ്ങളെ ലഭിക്കണമെങ്കില്‍ കൊല്‍ക്കത്ത പോലുള്ള സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. സന്തോഷ് ട്രോഫി മത്സരങ്ങളില്‍ എന്നും കേരളത്തോട് വലിയ വ്യത്യാസത്തില്‍ തോറ്റിരുന്ന സിക്കിം,മണിപ്പൂര്‍ ടീമുകള്‍ കാലത്തിനൊപ്പം സഞ്ചരിച്ചതും കേരളത്തിന് വിനയായി.

കേരളത്തെ ഫുട്‌ബോളില്‍ നിന്ന് പിന്നോട്ട് വലിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അതില്‍ ഒരു കാരണം ഗ്രൗണ്ടുകളുടെ കുറവാണെന്ന് പറയാം. ആദ്യ കാലങ്ങളില്‍ കണ്ണൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ശ്രീ നാരായണ ട്രോഫി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നാഗ്ജി, തൃശ്ശൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ചാക്കോള ട്രോഫി, കൊച്ചി കലൂരില്‍ നെഹ്‌റു കപ്പ് എന്നിങ്ങനെ ഒരു കാലത്ത് കേരളത്തിലെ എല്ലാ സ്റ്റേഡിയങ്ങളും മത്സരങ്ങള്‍ കൊണ്ട് സജീവമായിരുന്നു. ഇങ്ങനെയുള്ള നാഷണല്‍ ലെവല്‍ ടൂര്‍ണമെന്റുകള്‍ക്ക് പുറമെ വിവിധ ജില്ല ഡിവിഷന്‍ ലീഗുകള്‍,പ്രാദേശിക ടൂര്‍ണമെന്റുകള്‍ എന്നിവ നടക്കുന്നതോടെ ഗ്രൗണ്ടുകള്‍ എന്നും സജീവമായി നിന്നു.

അന്ന് കളി കാണാന്‍ വരുന്ന ആരാധകരുടെ എണ്ണവും കൂടുതലായിരുന്നു. പഴയ ഗ്രൗണ്ടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. എല്ലാ സ്റ്റേഡിയങ്ങളും നിര്‍മിച്ചിരിക്കുന്നത് നഗരമധ്യത്തിലാണ്. അതിന്റെ പ്രധാന കാരണം അന്ന് വാഹനങ്ങള്‍ കുറവായിരുന്നു എന്നതാണ്. കാണികള്‍ക്ക് കളി കാണാന്‍ പെട്ടെന്ന് എത്തുവാനും വളരെ വൈകി കളി അവസാനിച്ചാല്‍പ്പോലും എളുപ്പം വീട്ടിലെത്തുവാനും ഗ്രൗണ്ടുകള്‍ നഗര മധ്യത്തില്‍ നിര്‍മിക്കപ്പെട്ടു. എന്നാല്‍ ഇന്നത്തെ ഗ്രൗണ്ടുകളുടെ നിര്‍മിതി പരിശോധിക്കുകയാണെങ്കില്‍ എല്ലാം നഗര മധ്യത്തില്‍ നിന്ന് വളരെ അകലെയാണ് എന്ന് മനസ്സിലാക്കാം. അതിന്റെ പ്രധാന കാരണം വാഹന പെരുപ്പമാണ്.

അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്തുകയാണെങ്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടും, അതിനാലാണ് സ്റ്റേഡിയങ്ങള്‍ നഗരത്തില്‍ നിന്ന് മാറി നിര്‍മ്മിച്ചിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയവും തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഉദാഹരണമായി എടുത്താല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ആദ്യകാലത്ത് നിര്‍മ്മിച്ചതാണ്. അതുകൊണ്ട് തന്നെ ആ സ്റ്റേഡിയം നഗരമധ്യത്തിലാണ്. പക്ഷേ ഇന്ന് രാജ്യാന്തരമത്സരങ്ങള്‍ക്ക് ആ സ്റ്റേഡിയം വേദിയായാല്‍ പാര്‍ക്കിങിന് വേണ്ടത്ര സ്ഥലം ഇല്ല എന്നത് ഒരു സത്യവുമാണ്. എന്നാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഈ അടുത്തിടെ നിര്‍മ്മിച്ചതാണ്. സ്റ്റേഡിയം നഗര മധ്യത്തിലല്ല. എന്നാല്‍ പാര്‍ക്കിങിന് ധാരാളം സ്ഥലമുണ്ട്, അതിന് ബുദ്ധിമുട്ടില്ല.

നിലവിലുള്ള സ്റ്റേഡിയങ്ങളുടെ അവസ്ഥ നോക്കുകയാണെങ്കില്‍ സ്ഥിതി വളരെ മോശമാണ്. വെറുതെ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ചിടുകയല്ലാതെ അത് സംരക്ഷിക്കാന്‍ ആളുകളില്ല, പരിപാലിക്കാന്‍ ആളുകളില്ല. പ്രധാനപ്പെട്ട വല്ല മത്സരങ്ങളും നടക്കുകയാണെങ്കില്‍ അതിന്റെ തൊട്ടുമുന്‍പ് ലക്ഷങ്ങള്‍ ചിലവിട്ട് നവീകരിക്കും. ആ മത്സരങ്ങള്‍ അവസാനിക്കുന്നതോടെ വീണ്ടും പഴയ സ്ഥിതിയിലാകും. മഞ്ചേരി പയ്യനാട് സ്റ്റേഡിയം അതിനൊരു ഉത്തമ ഉദാഹരണമാണ്. സ്റ്റേഡിയം നിര്‍മ്മിച്ചതിന് ശേഷം ഫെഡറേഷന്‍ കപ്പ് മത്സരം നടന്നെങ്കിലും പിന്നീട് നാഷണല്‍ ലെവല്‍ മത്സരങ്ങളൊന്നും പയ്യനാടിനെ തേടി വന്നില്ല, അതുകൊണ്ട് തന്നെ പരിപാലിക്കാന്‍ ആളില്ലാതെ സ്റ്റേഡിയം നശിച്ചു. വിദേശത്ത് സ്റ്റേഡിയങ്ങള്‍ പരിപാലിക്കുന്നത് കേരളം കണ്ടുപഠിക്കേണ്ടതാണ്. സ്റ്റേഡിയം പരിപാലിക്കാന്‍ നൂറുകണക്കിന് ആളുകളാണ്. ഒരോ മത്സരങ്ങള്‍ക്ക് ശേഷവും ഗ്രൗണ്ടില്‍ അറ്റകുറ്റ പണികള്‍ നടത്തും. അതുകൊണ്ട് തന്നെ ഗ്രൗണ്ടുകള്‍ എന്നും ഉയര്‍ന്ന നിലവാരത്തിലായിരിക്കും.

ഇങ്ങനെ പരിപാലിക്കേണ്ട സാഹചര്യത്തിലാണ് നിലവാരത്തിലുളള ഗ്രൗണ്ടുകള്‍ പൊളിച്ച് ക്രിക്കറ്റ് പിച്ചുകള്‍ നിര്‍മ്മിക്കുന്നത്. 1996 ല്‍ അന്ന് കേരളം ഭരിച്ചിരുന്ന കെ. കരുണാകരന്‍ കലൂര്‍ സ്റ്റേഡിയം നിര്‍മ്മിക്കുമ്പോള്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളൂ…കേരളത്തിലെ കുട്ടികള്‍ കളിക്കാനൊരിടം. ദേശീയ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളും, നെഹ്‌റു കപ്പും, പത്തിലധികം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് മാച്ചുകളും സംഘടിപ്പിച്ച് പരിചയമുള്ള കലൂര്‍ സ്റ്റേഡിയത്തില്‍ എവിടുന്ന് വന്നു ഒരു കൂട്ടം ഫുട്‌ബോള്‍ ആരാധകര്‍, അവിടെ ക്രിക്കറ്റ് നടത്തെണ്ടെന്ന് അവര്‍ എന്തിന് വെറുതെ ആര്‍ത്തുവിളിക്കുന്നു, എന്നീ ചോദ്യങ്ങള്‍ പ്രത്യക്ഷത്തില്‍ ഉയര്‍ന്നേക്കാം. എന്നാല്‍ ആ സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ പിച്ച് നശിപ്പിക്കരുതെന്ന് ആര്‍ത്തു വിളിക്കുന്ന ഫുട്‌ബോള്‍ ആരാധകരെ ഒട്ടും കുറ്റം പറയാന്‍ സാധിക്കില്ല. കാരണം ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫ അംഗീകരിച്ച ഇന്ത്യയിലെ ആറ് ഫുട്‌ബോള്‍ മൈതാനങ്ങളെടുക്കുമ്പോള്‍ അതിലൊന്ന് കൊച്ചിയിലേതാണ്.

അത് ഒരു ക്രിക്കറ്റ് മാച്ചിന് വേണ്ടി പൊളിക്കണം എന്ന് പറയുമ്പോള്‍ ഓരോ ഫുട്ബോള്‍ ആരാധകന്റെയും മനസ്സില്‍ വിള്ളല്‍ വീഴും. 2017 ല്‍ അണ്ടര്‍ 17 ലോകകപ്പ് നടത്താന്‍ കൊച്ചി വേദിയായപ്പോള്‍ സ്റ്റേഡിയത്തിന്റെ സ്ഥിതി തീര്‍ത്തും മോശമായിരുന്നു. കോടികള്‍ ചിലവിട്ടാണ് ഉന്നത നിലവാരത്തിലേക്ക് കലൂര്‍ സ്റ്റേഡിയത്തെ മാറ്റിയെടുത്തത്. ഒരു പക്ഷേ ഫുട്‌ബോള്‍ പിച്ച് നശിപ്പിച്ച് ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചാല്‍ വീണ്ടും ഒരു ഫിഫ ലോകകപ്പിന് ഇന്ത്യ വേദിയാവുകയാണെങ്കില്‍ സ്റ്റേഡിയം നവീകരണത്തിന് കോടികള്‍ മാറ്റിവെക്കേണ്ടി വരും. അതിന് തയ്യാറായില്ലെങ്കില്‍ ഫുട്‌ബോളിന്റെ പറുദീസയായ കേരളത്തെ ഒഴിവാക്കി ഒരു ലോകകപ്പ് ഇന്ത്യയില്‍ അരങ്ങേറും. അത് കണ്ട് നില്‍ക്കാന്‍ കേരളത്തില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആര്‍ക്കും സാധിക്കില്ല.

ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് കൊച്ചി വേദിയാവണമെങ്കില്‍ സ്റ്റേഡിയത്തില്‍ അഞ്ച് പിച്ചുകളെങ്കിലും നിര്‍മ്മിക്കണം. ക്രിക്കറ്റ് പിച്ചിനായി മൈതാന മധ്യത്തില്‍ അല്‍പം ഉയരം വര്‍ദ്ധിപ്പിക്കേണ്ടിവരും. അതോടൊപ്പം ബൗണ്ടറിയിലേക്ക് എല്ലാ ഭാഗത്തു നിന്നും ചെരിവും വേണ്ടി വരും. അതുകൊണ്ട് തന്നെ അങ്ങനെ മൈതാനമൊരുക്കാന്‍ നിലവിലെ പിച്ച് പൂര്‍ണമായും പൊളിക്കേണ്ടി വരും, ലോക നിലവാരത്തില്‍ നിര്‍മിച്ച ഡ്രൈനേജും പൊളിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടിവരും, മത്സരശേഷം വീണ്ടും നിലവാരമുള്ള ഫുട്‌ബോള്‍ മൈതാനമൊരുക്കാന്‍ മാസങ്ങള്‍ വേണ്ടിവരും, ആ സാഹചര്യത്തിലാണ് ക്രിക്കറ്റ് മാച്ച് നടത്താന്‍ ഉന്നതനിലവാരമുള്ള തിരുവന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ പ്രസക്തി.

ഇന്ത്യ- ന്യൂസിലാന്റ് മത്സരത്തിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുകയും ചെയ്തിട്ടുണ്ട്. പല പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ആ മത്സരത്തിന് ഗ്യാലറി നിറയെ ആരാധകരും സാക്ഷിയായി. അന്ന് മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വരും എന്ന് തോന്നിയ സാഹചര്യത്തില്‍ പോലും മണിക്കൂറുകള്‍ കൊണ്ട് ഗ്രൗണ്ടിലെ വെള്ളം പുറംതള്ളി മത്സരം സംഘടിപ്പിക്കാന്‍ സാധിച്ചു, അതിന് കാരണം ഗ്രീന്‍ഫീല്‍ഡിലെ ഉന്നത നിലവാരത്തിലുള്ള ഡ്രൈനേജ് സൗകര്യം തന്നെ. ഇത്രയും അധികം സൗകര്യമുള്ള ഒരു സ്റ്റേഡിയം നിലനില്‍ക്കുമ്പോഴാണോ ഇങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുന്നത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

അതോടൊപ്പം നവംബര്‍ ഒന്നിന് ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നാല്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ഐ.എസ്.എല്‍ മത്സരങ്ങളെയും ഇത് ബാധിക്കും. ഈ സീസണ്‍ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടന്നതുകൊണ്ടാണ് ഐ.എസ്.എല്‍ വൈകി ആരംഭിച്ചത്. നവംബര്‍ ഒന്നിന് ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ഫുട്‌ബോളിന് വേണ്ടി പിച്ചിനെ ഒരുക്കണമെങ്കില്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും, അതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ എറെ വൈകാനും സാധ്യതയുണ്ട്. അങ്ങനെ വരികയാണെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു മൈതാനത്തെക്കുറിച്ച് ചിന്തിച്ചേക്കാം.

ഒരു പക്ഷേ ഐ.എസ്.എല്ലില്‍ ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം കൂടാനും സാധ്യതയുണ്ട്. അതിനാല്‍ മത്സരങ്ങള്‍ കൃത്യസമയത്ത് തീര്‍ക്കുന്നതും ബുദ്ധിമുട്ടാകും. ക്രിക്കറ്റ് പിച്ചിന് മുകളില്‍ താല്‍കാലികമായി പുല്ല് വെച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചാല്‍ താരങ്ങള്‍ക്ക് പരിക്ക് പറ്റാനും സാധ്യതയുണ്ട്. ഐ.എസ്.എല്‍ പോലുള്ള മത്സരങ്ങള്‍ താരങ്ങളെ വളര്‍ത്താനുള്ളതാണ് അല്ലാതെ താരങ്ങളെ പരിക്കിന്റെ പിടിയിലേക്ക് എറിഞ്ഞു കൊടുക്കാനുള്ളതല്ല.

എന്നാല്‍ തീരുമാനമെടുക്കേണ്ടത് കേരള ക്രിക്കറ്റ് അസോസിയേഷനാണ് (കെ.സി.എ). 30 വര്‍ഷം മത്സരങ്ങള്‍ നടത്താനുള്ള അവകാശം കെ.സി.എ. യുടെ കൈവശം ഉള്ളതുകൊണ്ട് തന്നെ അവരുടെ തീരുമാനം നിര്‍ണായകമാവും. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്താണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത് അത് കൊണ്ട് തന്നെ ഈ മത്സരം കൊച്ചിയില്‍ നടത്താനാണ് കെ.സി.എ. യുടെ തീരുമാനം.കൂടാതെ മലബാര്‍ മേഖലയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് കളികാണാനെത്താന്‍ കൊച്ചിയാണ് അനുയോജ്യം എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാല്‍ വളരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നത് കൊണ്ട് തീരുമാനത്തില്‍ നിന്ന് അസോസിയേഷന്‍ പിന്‍മാറാനാണ് സാധ്യത. ഇല്ലെങ്കില്‍ ചിലരുടെ താല്പര്യം കാരണം നമുക്ക് ഉന്നത നിലവാരമുള്ള ഒരു ഫുട്‌ബോള്‍ സ്റ്റേഡിയം നഷ്ടമാവും. കളിക്കാന്‍ ഉന്നത നിലവാരത്തിമുള്ള ഗ്രൗണ്ടില്ലാതെ എങ്ങനെ നല്ല കളിക്കാരുണ്ടാകും എന്ന ചോദ്യം ഇന്നും എന്നും ബാക്കിയാവും.