ലണ്ടന്‍: ആഴ്‌സനലില്‍ 22 വര്‍ഷം തുടര്‍ന്നതായിരിക്കും തന്റെ കരിയറിലെ ഏറ്റവും വലിയ അബദ്ധമെന്ന് മുന്‍ പരിശീലകന്‍ ആഴ്‌സണ്‍ വെംഗര്‍. ജോലിക്ക് വേണ്ടി വളരെയധികം ത്യജിച്ചതില്‍ ഖേദിക്കുന്നുണ്ടെന്നും വെംഗര്‍ പറഞ്ഞു. ഫ്രഞ്ച് റേഡിയോയായ ആര്‍.ടി.എല്ലിന് നല്‍കിയ അഭിമുഖത്തിലാണ് മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് വെംഗര്‍ തുറന്നു പറഞ്ഞത്.
കരിയറിലെ ഏറ്റവും വലിയ തെറ്റ് എന്തായിരുന്നുവെന്ന ചോദ്യത്തിനാണ് വെംഗര്‍ ഇങ്ങനെ മറുപടി നല്‍കിയത്. “ഒരു പക്ഷെ 22 വര്‍ഷം ഒരേ ക്ലബ്ബില്‍ തുടര്‍ന്നതായിരിക്കും. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. മാറ്റം ഇഷ്ടമാണ്. അതേ സമയം വെല്ലുവിളികളും ഇഷ്ടമാണ്. ഓരോ സമയവും വെല്ലുവിളികളുടെ തടവറയിലായിരുന്നു ഞാന്‍.
ജോലിയുടെ പേരില്‍ കുടുംബത്തെയും അടുത്തുള്ളവരെയും അവഗണിച്ചതില്‍ ഖേദമുണ്ടെന്നും ഭാവി എന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്നും വെംഗര്‍ പറഞ്ഞു.
1996ല്‍ മുതല്‍ ആഴ്‌സനലില്‍ പരിശീലകനായിരുന്ന വെംഗര്‍ മെയ് മാസത്തിലാണ് വിരമിച്ചത്.
ആഴ്‌സനലില്‍ തന്റെ ശിഷ്യന്മാരായിരുന്ന തിയറി ഹെന്റിയും പാട്രിക് വിയേരയും പരിശീലകരാകാന്‍ യോഗ്യരാണെന്നും നല്ല മാനേജര്‍മാരാകാനുള്ള യോഗ്യത ഇരുവര്‍ക്കുമുണ്ടെന്നും വെംഗര്‍ പറഞ്ഞു. ഹെന്റി ഇപ്പോള്‍ ബെല്‍ജിയം ടീമിന്റെ അസിസ്റ്റന്റ് കോച്ചും വിയേര ഫ്രഞ്ച് ക്ലബ്ബായ നീസിന്റെ പരിശീലകനുമാണ്.