ന്യൂദല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ച രാത്രി രേഖപ്പെടുത്തിയത്. ശിവകുമാറിനെ അറസ്റ്റ് ചെയ്താലുണ്ടാകുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണു രാത്രിയിലേക്ക് അറസ്റ്റ് നീട്ടിയത്.
രാത്രി 8.40-ഓടെയാണ് അറസ്റ്റ് ഇ.ഡി പുറത്തുവിട്ടത്. അതോടെയാണ് കര്‍ണാടകത്തില്‍ നിന്നടക്കമുള്ള അദ്ദേഹത്തിന്റെ അഞ്ഞൂറോളം അണികള്‍ ഇ.ഡി ഓഫീസിലേക്ക് ഇരച്ചെത്തിയത്.
ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷ്, ജെ.ഡി.എസ് മുന്‍ എം.പി എല്‍.ആര്‍ ശിവരാമെ ഗൗഡ, കുനിഗല്‍ കോണ്‍ഗ്രസ് എം.എല്‍.എ ഡോ. രംഗനാഥ് എന്നിവരാണ് ദല്‍ഹിയിലേക്ക് ശിവകുമാറിനെ അനുഗമിച്ച നേതാക്കള്‍.
അറസ്റ്റ് പ്രഖ്യാപിച്ച ശേഷം രാത്രി 9.15-ഓടെ ശിവകുമാറിനെ ഡോ. രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് ഇ.ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനുള്ള ആരോഗ്യസ്ഥിതിയുണ്ടോയെന്നു പരിശോധിക്കുന്നതിനു വേണ്ടിയാണിത്.
ഇ.ഡി ഓഫീസിനു മുന്നില്‍ രോഷാകുലരായി നിന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം മറികടന്നായിരുന്നു ഇത്. ശിവകുമാറിനെ കയറ്റിയ കാര്‍ തടയാന്‍ പ്രവര്‍ത്തകര്‍ തയ്യാറായപ്പോള്‍ ഏറെനേരം പ്രദേശത്ത് അത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ചോദ്യം ചെയ്യലിനായി ശിവകുമാര്‍ ഇ.ഡി ഓഫീസിലെത്തിയത്. രാത്രി എട്ടര വരെ ചോദ്യം ചെയ്യല്‍ നീണ്ടു. കഴിഞ്ഞ മൂന്നു തവണ ചോദ്യം ചെയ്തപ്പോഴുണ്ടായ പോലെ തന്നെ ഇത്തവണയും ശിവകുമാറിനു ഭക്ഷണം കഴിക്കാനുള്ള സമയം ഇ.ഡി നല്‍കിയില്ല.