പാകിസ്ഥാനുമായുള്ള യുദ്ധത്തിന് തയ്യാറായിരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം
Daily News
പാകിസ്ഥാനുമായുള്ള യുദ്ധത്തിന് തയ്യാറായിരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st September 2015, 8:17 pm

Dalbir-Sing-Suhag-2ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ നിരന്തര സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന് തയ്യാറായിരിക്കാന്‍ സൈന്യത്തിന് മുന്നറിയിപ്പ്. കരസേനാ മേധാവി ദല്‍ബീര്‍ സിങാണ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്റെ ഭാഗത്തു നിന്നും നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും ചെറിയൊരു യുദ്ധമുണ്ടാകാം അതിനാല്‍ അതിര്‍ത്തിയില്‍ സൈന്യം എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് ദല്‍ബീര്‍ സിങ് പറഞ്ഞു.

കാശ്മീരില്‍ സംഘര്‍ഷങ്ങളുണ്ടാക്കുന്നതിന് പാകിസ്ഥാന്‍ പുതിയ വഴികള്‍ തേടുകയാണ്. ഇത് ഭാവിയില്‍ യുദ്ധത്തിലേക്ക് നയിച്ചേക്കാം. അത് നേരിടാന്‍ ഇന്ത്യന്‍ സേന തയ്യാറായിരിക്കണം. 1999ലെ പാകിസ്ഥാനുമായുള്ള യുദ്ധം ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. പാകിസ്ഥാന് ശക്തമായ രീതിയില്‍ തന്നെ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കി. യുദ്ധസമയത്ത് ഇന്ത്യന്‍ ജനതയുടെ ഭാഗത്തുനിന്നും സൈന്യത്തിന് പിന്തുണയുണ്ടായി. അതു വിജയത്തിന് സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം അവസാനം നടക്കാനിരുന്ന ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കപ്പെട്ടതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.  കശ്മീര്‍ വിഷയം ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന ഇന്ത്യന്‍ നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്നും പിന്‍മാറുകയായിരുന്നു.