'ഗൂഗിളില്‍ എന്റെ പേര് സെര്‍ച്ച് ചെയ്താല്‍, വരുന്നത് ഈ അര്‍ജുന്‍ അശോകന്റെ മുഖമാണ്'
Entertainment news
'ഗൂഗിളില്‍ എന്റെ പേര് സെര്‍ച്ച് ചെയ്താല്‍, വരുന്നത് ഈ അര്‍ജുന്‍ അശോകന്റെ മുഖമാണ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th March 2023, 4:07 pm

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന താരമാണ് അര്‍ജുന്‍ പി.അശോകന്‍. തന്റെ പേര് യഥാര്‍ത്ഥത്തില്‍ അര്‍ജുന്‍ അശോകന്‍ എന്നായിരുന്നുവെന്നും എന്നാല്‍ അതേ പേരില്‍ ഒരു താരം മലയാളത്തിലുള്ളത് കൊണ്ടാണ് തന്റെ പേരിന്റെ ഇടയില്‍ പി എന്ന് ചേര്‍ത്തതെന്നും താരം പറഞ്ഞു.

ഇരുവരുടെയും അച്ഛന്റെയും അമ്മയുടെയും പേരും ഒരുപോലെയാണെന്നും അര്‍ജുന്‍ പറഞ്ഞു. ഇതുവരെ അര്‍ജുന്‍ അശോകനെ നേരില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ പോലും തന്റെ മുഖമല്ല അര്‍ജുന്‍ അശോകന്റെ മുഖമാണ് വരുന്നതെന്നും വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘എന്റെ പേര് അര്‍ജുന്‍, അച്ഛന്റെ പേര് അശോകന്‍. അമ്മയുടെ പേര് പ്രീത എന്നാണ്. അര്‍ജുന്‍ അശോകന്റെയും അമ്മയുടെ പേരും അത് തന്നെയാണ്. ഇക്കാര്യം ഞാന്‍ പോലും അറിഞ്ഞത് ഇപ്പോഴാണ്. അദ്ദേഹത്തെ ഇതുവരെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല.

ഇങ്ങനെ ഒരുപോലെ വന്നത് കൊണ്ട് ഞാന്‍ പേരിന്റെ ഇടയില്‍ ഒരു പി ഇട്ടുകൊടുത്തിട്ടുണ്ട്. എന്നിട്ടും ഒന്നും ശരിയായെന്ന് പറയാന്‍ കഴിയില്ല. ഇപ്പോഴും പലര്‍ക്കും മാറിപോകാറുണ്ട്. ഗൂഗിളിലൊക്കെ സെര്‍ച്ച് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മുഖമാണ് വരുന്നത്. പുള്ളിയെ എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് വലിയ പ്രശ്‌നമില്ല,’ അര്‍ജുന്‍ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ സിനിമയായ ‘ലവ്‌ലി യുവേഴ്‌സ് വേദ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചു.

‘ലവ്‌ലി യുവേഴ്‌സ് വേദ നല്ലൊരു സിനിമയാണ്. ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളില്‍ നിന്നും കുറെ വ്യത്യസ്തതകളുള്ള സിനിമയാണത്. പുതിയ തരം ഴോണറാണ് സിനിമയില്‍ പരീക്ഷിച്ചിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയതില്‍ കുറച്ച് എന്റര്‍ടെയിനിങ്ങായ സിനിമ മാളികപ്പുറമാണ്. കാരണം എല്ലാത്തരം പ്രേക്ഷകര്‍ക്കും പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ക്കുമൊക്കെ ഒരുപോലെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു അത്.

അതുപോലെയൊരു സിനിമയാണ് വേദ. ഉറപ്പായും എല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടപ്പെടും. നമ്മുടെ ഏജ് ഗ്രൂപ്പിലുള്ള ആളുകള്‍ക്ക് ഇഷ്ടപ്പെടും. അതുപോലെ തന്നെ നമ്മുടെയൊക്കെ അച്ഛന്‍ അമ്മമാരുടെ പ്രായത്തിലുള്ളവര്‍ക്കും ഉറപ്പായും ഈ സിനിമ ഇഷ്ടപ്പെടും,’ അര്‍ജുന്‍ പറഞ്ഞു.

content highlight: arjun p ashokan talks about his name