ലോകേഷിന്റെ കരാവാനാണ് ആദ്യം എനിക്ക് ലഭിച്ചത്; ആദ്യം വിളിച്ചത് അമ്മയെയും: അർജുൻ ദാസ്
ആദ്യമായി കാരവൻ ലഭിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അർജുൻ ദാസ്. സിനിമയിൽ വന്നതിന് ശേഷം തനിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും തന്റെ പിന്നലെ നാലഞ്ച് ആളുകൾ വരാറില്ലെന്നും അർജുൻ ദാസ് പറഞ്ഞു. തനിക്ക് ആദ്യമായി ലഭിച്ച കാരവൻ ലോകേഷ് കനകരാജിന്റേതാണെന്നും അപ്പോൾ തന്നെ തന്റെ അമ്മയെ വിളിച്ച് പറഞ്ഞെന്നും അർജുൻ പറയുന്നുണ്ട്.
തന്റെ പേരെഴുതിയ കാരവൻ ലഭിക്കുന്നത് മാസ്റ്റർ സിനിമയുടെ സമയത്താണെന്നും അർജുൻ കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയിൽ വന്നതിന് ശേഷം ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്റെ പിന്നാലെ അഞ്ച് ആളുകൾ ഒന്നും വരാറില്ല. ഞാൻ എവിടെയും ഒറ്റയ്ക്ക് തന്നെയാണ് പോവാറ്. എനിക്ക് ആദ്യമായി ലോകേഷ് സാറിന്റെ കാരവനാണ് ഓഫർ ചെയ്തത്. ഓഫർ ചെയ്തപ്പോൾ ഞാൻ അപ്പോൾ തന്നെ വിളിച്ചത് എന്റെ അമ്മയെയാണ്.
അവരെനിക്ക് ശരിക്കും ഒരു കാരവൻ തന്നു എന്നാണ് ഞാൻ പറഞ്ഞത്. എനിക്കറിയില്ലായിരുന്നു ഒരു കാരവൻ എങ്ങനെയാണ് നിൽക്കുന്നതെന്ന്, അതിനുള്ളിൽ എന്താണെന്ന് എനിക്കറിയില്ല. ഞാൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. മാസ്റ്റർ സിനിമയിൽ എന്റെ പേര് എഴുതിയ ഒരു കാരവൻ ഉണ്ടായിരുന്നു. ഞാൻ ഫാമിലി ഗ്രൂപ്പിൽ അത് ഫോട്ടോ എടുത്തിട്ട് ഇട്ടിരുന്നു. ഞാൻ കാരവന്റെ ഉള്ളിൽ ഇരുന്നിട്ടുള്ള ചിത്രമായിരുന്നു അയച്ചത്,’ അർജുൻ ദാസ് പറഞ്ഞു.
ടർബോ സിനിമയുടെ ലൊക്കേഷനിൽ പോയതിന്റെ കാരണവും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.’മമ്മൂക്ക സാറിന്റെ അനുഗ്രഹം വാങ്ങാന്‍ വേണ്ടിയായിരുന്നു ടര്‍ബോയുടെ ലൊക്കേഷനില്‍ പോയത്. കാരണം അതിന്റെ മുമ്പ് ഞാന്‍ മോഹന്‍ലാല്‍ സാറിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിയിരുന്നു.
എന്നാല്‍ മമ്മൂക്കയെ എനിക്ക് അതുവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് ടര്‍ബോയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഞാനും ആ സിനിമയില്‍ ഉണ്ടെന്ന് എവിടെ നിന്നോ ഒരു അനൗണ്‍സ്‌മെന്റ് വന്നിരുന്നു.
അതുകൊണ്ട് ഞാന്‍ ടർബോയുടെ ടീമിൽ നിന്നും അനുവാദം വാങ്ങിയിട്ടാണ് മമ്മൂക്കയെ പോയി കണ്ടത്. കാരണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരാണ് മമ്മൂക്കയും ലാലേട്ടനും. ലാലേട്ടനെ ആദ്യം തന്നെ കാണാനുള്ള ഭാഗ്യം കിട്ടിയിരുന്നു.
അന്ന് ലാലേട്ടന്റെ അനുഗ്രഹവും വാങ്ങിയതാണ്. അതിന്റെ ഫോട്ടോയും എന്റെ കയ്യിലുണ്ട്. അതുകൊണ്ട് ടര്‍ബോയുടെ ലൊക്കേഷനില്‍ പോയി മമ്മൂക്കയെ കണ്ട് അനുഗ്രഹം വാങ്ങുകയായിരുന്നു,’ അര്‍ജുന്‍ ദാസ് പറഞ്ഞു.
Content Highlight: Arjun das about his first caravan experience