കോഴിക്കോട്: വിവിധ സംഘങ്ങള്‍ കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ തങ്ങളെ സഹായിച്ചത് ടി.പി. കൊലക്കേസ് പ്രതികളാണെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. കരിപ്പൂര്‍ സംഭവത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് അര്‍ജുന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍
കരിപ്പൂര്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും എന്നാല്‍ ഇതിന് മുന്‍പ് സ്വര്‍ണക്കടത്തുകാരില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നും അര്‍ജുന്‍ സമ്മതിച്ചു.
കടത്ത് സ്വര്‍ണം കവരാന്‍ സഹായിച്ച ടി.പി. കേസ് പ്രതികള്‍ക്ക് ലാഭത്തിലെ ഒരു വിഹിതം പകരം നല്‍കി. അവര്‍ നിര്‍ദേശിച്ചിരുന്ന ആളുകള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരുന്നതെന്നും അര്‍ജുന്‍ പറഞ്ഞു.
കരിപ്പൂര്‍ സംഭവത്തിന് ശേഷം പാനൂരിലെ ചൊക്ലിയില്‍ ഒളിവില്‍ കഴിയാനുള്ള സഹായങ്ങളും ഇവര്‍ ചെയ്തു തന്നിരുന്നെന്നും അര്‍ജുന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കരിപ്പൂരില്‍ വന്നത് പണം വാങ്ങാനാണെന്നും സ്വര്‍ണം കവരാനല്ലെന്നും അര്‍ജുന്‍ ആവര്‍ത്തിക്കുന്നത് കേസില്‍ നിന്നും രക്ഷപ്പെടാനാണെന്നാണ് കസ്റ്റംസിന്റെ സംശയം. ടി.പി. കേസ് പ്രതികളടക്കം അര്‍ജുന്റെ മൊഴിയില്‍ പരാമര്‍ശിച്ചവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് രാമനാട്ടുകര വെച്ചുണ്ടായ വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം അര്‍ജുന്‍ സഞ്ചരിച്ച കാറിനെയാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നല്‍കുന്നു.
എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായത് അറിഞ്ഞ അര്‍ജുനും സംഘവും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരുടെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് കരുതി ചെര്‍പ്പുളശ്ശേരി സംഘം ഇവരെ പിന്തുടര്‍ന്നത്. ഇതേത്തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടം നടന്ന ദിവസം മുതല്‍ അര്‍ജുന്‍ ഒളിവിലായിരുന്നു.
നിലവില്‍ കരിപ്പൂര്‍ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സ്വമേധയാ കേസെടുത്തിട്ടുണ്ട്.