Entertainment
മമ്മൂക്കയുടെ അഭിനയം ഞങ്ങൾ കണ്ടത് അങ്ങനെ, ഡയലോഗ് മറന്ന് നോക്കിയിരുന്നു : അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 22, 03:48 am
Thursday, 22nd February 2024, 9:18 am

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം.

മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ.

അർജുൻ അശോകന്റെ കരിയർ ബെസ്റ്റ് പ്രകടനമായിരുന്നു ചിത്രത്തിൽ കണ്ടത്. ചിത്രത്തിലെ തേവൻ എന്ന കഥാപാത്രമായി അർജുൻ കയ്യടി നേടുന്നുണ്ട്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് പറയുകയാണ് അർജുൻ അശോകൻ. തങ്ങൾക്ക്‌ മമ്മൂട്ടിയുടെ അഭിനയം കളറിൽ കാണാൻ പറ്റിയെന്നാണ് താരം പറയുന്നത്.

പ്രതീക്ഷിക്കുന്നതിനും എത്രയോ മുകളിലാണ് മമ്മൂട്ടി കാഴ്ച്ചവെച്ചതെന്നും പലപ്പോഴും ഡയലോഗ് മറന്ന് നോക്കി നിന്നിട്ടുണ്ടെന്നും അർജുൻ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അർജുൻ അശോകൻ.

‘ഞങ്ങൾക്ക് മമ്മൂക്കയുടെ അഭിനയം കളറിൽ കാണാൻ പറ്റി അതാണ് ഏറ്റവും വലിയ സുഖമായിട്ട് തോന്നിയത്. അടിപൊളിയായിരുന്നു. നമ്മൾ ഒരു തിരക്കഥ വായിക്കുമ്പോൾ കുറച്ച് കഴിഞ്ഞാൽ സ്വയം ആലോചിക്കാൻ തുടങ്ങുമല്ലോ എങ്ങനെയായിരിക്കുമെന്ന്.

മമ്മൂക്ക ഇങ്ങനെയാവും ഡയലോഗ് പറയുകയെന്നെല്ലാം നമ്മൾ വിചാരിക്കില്ലേ. എന്നാൽ അതും പ്രതീക്ഷിച്ച് അതിനും എത്രയോ അപ്പുറമാണ് മമ്മൂക്ക കാണിക്കുന്നത്. നമ്മൾ ഒരു സെക്കന്റ്‌ അത്ഭുതപ്പെട്ട് നോക്കിയിരുന്ന് പോവും.

പിന്നെയാണ് നമ്മൾ ഡയലോഗ് പറയാൻ ഉണ്ടെന്ന് ഓർക്കുക. അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആയിരുന്നു. അതെനിക്ക് പറഞ്ഞ് ഫലിപ്പിക്കാൻ അറിയില്ല,’അർജുൻ അശോകൻ പറയുന്നു.

Content Highlight: Arjun Ashokan Talk About Performance Of Mammootty In Bramyugham