Film News
പോവാന്‍ അനുവാദമില്ലെന്ന് പോറ്റി വെറുതെ പറഞ്ഞതല്ല, ടര്‍ബോയിലും ചര്‍ച്ചയായി അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 13, 11:55 am
Monday, 13th May 2024, 5:25 pm

ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിച്ച സിനിമകളിലൊന്നായിരുന്നു ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. കൊടുമണ്‍ പോറ്റിയുടെ തറവാട്ടില്‍ എത്തി പാട്ടു പാടുന്ന പാണനായിട്ടായിരുന്നു അര്‍ജുന്‍ അശോകന്‍ എത്തിയത്.

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പുതിയ ചിത്രം ടര്‍ബോയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ അര്‍ജുന്‍ അശോകനും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ടര്‍ബോയില്‍ അര്‍ജുന്‍ അഭിനയിച്ചിട്ടില്ലെങ്കിലും ട്രെയിലറില്‍ അര്‍ജുന്‍ തന്റെ ശബ്ദം കൊണ്ട് സാന്നിധ്യമറിയിച്ചിട്ടുണ്ട്. ടര്‍ബോ ജോസിന്റെ കിന്റല്‍ ഇടിയുടെയൊപ്പം കേള്‍ക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് അര്‍ജുനാണ്.

സിനിമയുടെ സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവിയര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഈ പാട്ട് പാടിയത് അര്‍ജുന്‍ അശോകനാണെന്ന് പലരും അറിഞ്ഞത്. ഇതിന് പിന്നാലെ തമാശ രൂപത്തില്‍ പല കമന്റും ക്രിസ്റ്റോയുടെ വീഡിയോയുടെ താഴെ വരുന്നുണ്ട്.

‘തനിക്ക് പോകാന്‍ അനുവാദമില്ലെന്ന് പോറ്റി പറഞ്ഞത് വെറുതെയല്ല’, ‘അര്‍ജുന് ഇതും വശമുണ്ടോ?’, ‘ഫാന്‍ബോയ് ട്രിബ്യൂട്ട് ആണോ’ എന്ന് തുടങ്ങി വിരവധി കമന്റുകള്‍ വരുന്നുണ്ട്. വ്യത്യസ്തമായ സംഗീതം കൊണ്ട് ഭ്രമയുഗത്തെ മറ്റൊരു തലത്തിലെത്തിച്ച ക്രിസ്‌റ്റോ മമ്മൂട്ടിയുടെ പക്കാ മാസ് മസാല സിനിമയായ ടര്‍ബോയില്‍ എന്താണ് ചെയ്തു വെച്ചിരിക്കുന്നതെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

Content Highlight: Arjun Ashokan’s song in Turbo viral in social media