Entertainment
ചമ്മൽ കാരണം വേണ്ടെന്ന് വെച്ച പൃഥ്വിരാജ് ചിത്രം ഇന്നാണെങ്കിൽ ഞാൻ ചെയ്തേനെ: അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 03, 08:11 am
Monday, 3rd February 2025, 1:41 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ പറവയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായത്. പിന്നീട് മികച്ച നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പറവക്ക് ശേഷം ഇറങ്ങിയ ജൂണ്‍, ബി.ടെക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ അര്‍ജുന്‍ തന്റെ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ചു.

തുടക്കകാലത്ത് സിനിമകളുടെ ഓഡിഷനെല്ലാം പോകുമായിരുന്നുവെന്ന് പറയുകയാണ് അർജുൻ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത പൃഥ്വിരാജ് – നസ്രിയ ചിത്രത്തിൽ ഒരു റോൾ തനിക്ക് കിട്ടിയിരുന്നുവെന്നും എന്നാൽ അത് ചെയ്യാൻ അന്ന് ചമ്മൽ തോന്നിയത് കൊണ്ട് ഒഴിവായെന്നും അർജുൻ അശോകൻ പറയുന്നു.

എന്നാൽ തുറമുഖം എന്ന ചിത്രത്തിന്റെ ഓഡിഷനിൽ താൻ പെട്ടെന്ന് സെലക്ട് ആയെന്നും കൊച്ചി സ്ലാങ് ആയതിനാൽ ആ വേഷം എളുപ്പമായിരുന്നുവെന്നും അർജുൻ പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അർജുൻ അശോകൻ.

‘കുറച്ച് സിനിമകളിൽ അഭിനയിച്ചു എന്ന് കരുതി ഓഡിഷന് പോവുന്നതിൽ പ്രശ്നമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കാരണം നമ്മൾ അഭിനയിച്ച പടം അവർ കണ്ടിട്ടുണ്ടോ എന്ന് നമുക്ക് അറിയില്ലല്ലോ. അവർ പറയുന്ന തരത്തിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമോ എന്നറിയാൻ വേണ്ടിയാണ് അങ്ങനെ ചെയ്യിപ്പിക്കുന്നത്.

അഞ്ജലി മേനോന്റെ ‘കൂടെ’യിലേക്ക് എന്നെ അഭിനയിക്കാൻ വിളിച്ചിരുന്നു. പക്ഷെ എനിക്കത് ചെയ്യാൻ ഒട്ടും കംഫർട്ട് അല്ലായിരുന്നു. ഞാനത് അഞ്ജലി മാഡത്തോട് പറയുകയും ചെയ്തു. ആ കഥാപാത്രം ഏതാണെന്നൊന്നും ഞാൻ പറയില്ല. എന്നാൽ രാജീവ് സാറിന്റെ തുറമുഖത്തിൽ എന്നെ ഓഡിഷന് വിളിച്ചു. നോക്കുമ്പോൾ എനിക്കത് കംഫർട്ടബിൾ ആയിരുന്നു. കാരണം കൊച്ചി സ്ലാങ് ആണ്.

അതെനിക്ക് പറ്റുന്നതാണ്. അത് പൊളിയായിട്ട് ചെയ്ത് എനിക്ക് ആ ചിത്രത്തിൽ അവസരം കിട്ടി. ഇപ്പോഴാണെങ്കിൽ ഞാൻ അതെല്ലാം ചെയ്യും. ചമ്മലൊക്കെ മാറി. ഒരു കുഴപ്പവുമില്ല,’അർജുൻ അശോകൻ പറയുന്നു.

Content Highlight: Arjun Ashokan About Prithviraj’s Koode Movie