ഇന്ത്യക്ക് മാത്രമല്ല കേരളത്തിനുമുണ്ടെടാ സച്ചിന്‍; മലയാളി കൊടുങ്കാറ്റില്‍ ചരിത്രം പിറന്നു
Sports News
ഇന്ത്യക്ക് മാത്രമല്ല കേരളത്തിനുമുണ്ടെടാ സച്ചിന്‍; മലയാളി കൊടുങ്കാറ്റില്‍ ചരിത്രം പിറന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th September 2024, 10:18 am

കെ.സി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊച്ചി ബ്ലൂടൈഗേഴ്‌സിനെതിരെ ഏരിസ് കൊല്ലം സെയ്‌ലേഴ്‌സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ കൊല്ലം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്.

അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 വിജയലക്ഷ്യം മറികടക്കുകയായിരുന്നു. കൊല്ലത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചതും ടീമിന്റെ വിജയത്തിന് നിര്‍ണായകമായതും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ആയിരുന്നു.

50 പന്തില്‍ നിന്ന് എട്ട് സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 105 റണ്‍സ് നേടി പുറത്താക്കാതെയാണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ഇതോടെ കെ.സി.എല്ലിന്റെ ഒരു തകര്‍പ്പന്‍ നേട്ടവും സച്ചിന്‍ സ്വന്തമാക്കിയിരിക്കുകയാണ്. കേരള ക്രിക്കറ്റ് ലീഗില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനാണ് സച്ചിന് സാധിച്ചത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സച്ചിന്‍ സ്വന്തമാക്കിയിരുന്നു.

ഓപ്പണര്‍ അഭിഷേക് നായരെ ഒരു റണ്‍സിന് നഷ്ടപ്പെട്ടായിരുന്ന് തുടക്കം. വത്സല്‍ ഗോവിന്ദ് 22 റണ്‍സും നേടി. ഇരുവര്‍ക്കും പുറമേ മുഹമ്മദ് ഷാനു 17 റണ്‍സ് നേടിയിരുന്നു.

കൊച്ചിക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് സിജിമോന്‍ ജോസഫ് ആണ്. 33 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 50 റണ്‍സ് നേടിയാണ് താരം പുറത്തായത്. 29 റണ്‍സ് നേടിയ വിപുല്‍ ശക്തിയും ടീമിന് നിര്‍ണായകരമായി. ഓപ്പണര്‍ ജോബിന്‍ ജോബി 20 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും ടീമിനുവേണ്ടി കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

കൊല്ലത്തിനുവേണ്ടി കെ.എം. ആസിഫ്, ബിജു നാരായണന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഷറഫുദ്ദീന്‍ എന്‍.എം, സുദേശന്‍ മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: Aris Kollam Skipper In Great Record Achievement In KCL