‘മെസിക്കെതിരെ കളിക്കുകയെന്നാല്‍ കരിയറില്‍ ലഭിക്കുന്ന വലിയ ബഹുമതി’; സൂപ്പര്‍താരത്തെ പുകഴ്ത്തി വാന്‍ ഡൈക്ക്
ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് മുമ്പ് ലയണല്‍ മെസിയെ പുകഴ്ത്തി നെതര്‍ലാന്‍ഡ് താരം വാന്‍ ഡൈക്ക്. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെയാണ് ഓറഞ്ച് പട നേരിടാനൊരുങ്ങുന്നത്.
ലോകത്തെ എക്കാലത്തെയും മികച്ച താരമാണ് ലയണല്‍ മെസിയെന്നും അദ്ദേഹത്തോടൊപ്പം ലോകകപ്പ് കളിക്കാന്‍ സാധിക്കുകയെന്നത് വലിയ ബഹുമതിയാണെന്നുമാണ് വാന്‍ ഡൈക്ക് പറഞ്ഞത്.
”മെസി പ്രഗത്ഭനായ കളിക്കാരനാണ്. ലോകത്തെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം. മെസിക്കെതിരെ കളിക്കാന്‍ സാധിക്കുകയെന്നാല്‍ വലിയ ബഹുമതിയാണ്. പക്ഷെ അദ്ദേഹത്തിനെതിരെയല്ല ഞാനോ നെതര്‍ലാന്‍ഡ്‌സോ കളിക്കുന്നത്.
അര്‍ജന്റീനയെന്ന മുഴുവന്‍ ടീമിനെതിരെയാണ് മത്സരം. അവരുടെ ടീമില്‍ നിരവധി വേള്‍ഡ് ക്ലാസ് താരങ്ങളുണ്ട്,’ വാന്‍ ഡൈക്ക് വ്യക്തമാക്കി.
2018-19 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ മെസിയും വാന്‍ ഡൈക്കും കൊമ്പുകോര്‍ത്തിരുന്നെങ്കിലും അന്താരാഷ്ട്ര മത്സരത്തില്‍ ഇതാദ്യമായാണ് മെസിയും വാന്‍ ഡൈക്കും നേര്‍ക്കുനേര്‍ വരുന്നത്.
അതേസമയം ഓസ്ട്രേലിയയെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയപ്പോള്‍ യു.എസ്.എയെ കീഴ്‌പ്പെടുത്തിയാണ് നെതര്‍ലന്‍ഡ്സിന്റെ മുന്നേറ്റം.
ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ വിജയം. മെസിയും ജൂലിയോ അല്‍വാരസുമായിരുന്നു അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.
ഒരു ഗോള്‍ വഴങ്ങി മൂന്നെണ്ണം തിരിച്ചടിച്ചാണ് നെതര്‍ലന്‍ഡ്സ് വിജയം സ്വന്തമാക്കിയത്. മെംഫിസ് ഡീപേ, ഡേലി ബ്ലൈന്‍ഡ്, ഡെന്‍സല്‍ ഡംഫ്രിസ് എന്നിവരാണ് ഓറഞ്ച് ആര്‍മിക്കായി സ്‌കോര്‍ ചെയ്തത്.
Official: Argentina will face The Netherlands in the quarter finals of the World Cup. Leo Messi will face Frenkie de Jong and Memphis. pic.twitter.com/7RAhwEOMHN
2014 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം പിന്നീടിതുവരെ അര്‍ജന്റീനയും ഹോളണ്ടും പരസ്പരം കൊമ്പുകോര്‍ത്തിട്ടില്ല. അന്ന് ഏറ്റുമുട്ടിയതാകട്ടെ ലോകകപ്പിന്റെ സെമി ഫൈനലിലും.
2010ല്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ സ്പെയ്നിനോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുത്തിയതിന്റെ കണക്ക് തീര്‍ക്കാന്‍ ഒരുങ്ങിയെത്തിയ ഹോളണ്ടിന് മുമ്പില്‍ പ്രതിബന്ധമായി നിന്നത് അര്‍ജന്റീനയായിരുന്നു.
ഇരുടീമുകളും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറിയ 2014 സെമി ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു.
ഇതിന് ശേഷം 2022 ഖത്തറിലെ ക്വാര്‍ട്ടറിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്. 2014ന്റെ കണക്ക് തീര്‍ക്കാന്‍ ഹോളണ്ടും മെസിക്കായി കൈമെയ് മറന്ന് കളിക്കുന്ന അര്‍ജന്റീനയും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫലം അപ്രവചനീയമാകും. ഡിസംബര്‍ 10ന് ഇന്ത്യന്‍ സമയം 12.30നാണ് അര്‍ജന്റീന-നെതര്‍ലാന്‍ഡ്‌സ് പോരാട്ടം.
Content Highlights: Argentina will face The Netherlands in the quarter finals of the World Cup