ലോകത്തെ ഏറ്റവും മികച്ച ആരാധകർ സ്വന്തമായുള്ളത് അർജന്റീനക്ക്: പരിശീലകൻ ലയണൽ സ്കലോണി
2022 FIFA World Cup
ലോകത്തെ ഏറ്റവും മികച്ച ആരാധകർ സ്വന്തമായുള്ളത് അർജന്റീനക്ക്: പരിശീലകൻ ലയണൽ സ്കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th December 2022, 8:39 pm

ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.

ലുസൈൽ സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടത്തിൽ അർജന്റീന നേരിടുന്നത് നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെയാണ്.

കോപ്പ- ലോകകപ്പ് ജേതാക്കൾ തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്ന് തന്നെയായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോകകപ്പ് ഫുട്ബോളിൽ ഇനി രണ്ട് ടീമുകൾ മാത്രം അവശേഷിക്കെ ലോകമെങ്ങുമുള്ള ഭൂരിഭാഗം ഫുട്ബോൾ പ്രേമികളും ഇരു ചേരികളിലായി തിരിഞ്ഞ് രണ്ടിലൊരു ടീമിന് പ്രോത്സാഹനം നൽകുകയാണ്.

എന്നാലിപ്പോൾ അർജന്റീനയുടെ ആരാധകരെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ കോച്ച് ലയണൽ സ്കലോണി.
ലോകകപ്പ് മത്സരത്തിന് തൊട്ട് മുമ്പുള്ള പത്ര സമ്മേളനത്തിലാണ് സ്കാലോണി അർജന്റൈൻ ആരാധകരെ പുകഴ്ത്തി രംഗത്ത് വന്നത്.

“ഞങ്ങളുടെ ആരാധകരാണ് ലോകത്തിലെ ഏറ്റവും മികച്ച ആരാധകർ. ഫുട്ബോൾ ഒരു കായിക ഇനമാണ് എന്നാൽ അർജന്റീനയിൽ അതൊരു സ്പോർട്സ് ഇനം എന്നതിനേക്കാൾ വളരെ വലിയൊരു വികാരമാണ്,’ സ്കലോണി പറഞ്ഞു.

കൂടാതെ ലോകമാകെയുള്ള അർജന്റീന ആരാധകർ തങ്ങളുടെ ടീമിനായി ആർപ്പ് വിളിക്കുന്ന കാഴ്ച മനസ്സിന് കുളിർമ നൽകുന്നതാണെന്നും കോച്ച് പറഞ്ഞു.

ലോകകപ്പ് ഫൈനലിന് ഖത്തറിൽ തങ്ങൾക്ക് പിന്തുണയുമായെത്തിയ ആരാധകരെ പ്രകീർത്തിച്ച് നേരത്തെയും അർജന്റൈൻ താരങ്ങൾ രംഗത്ത് വന്നിരുന്നു.

ഖത്തറിൽ കളിക്കുമ്പോൾ തങ്ങൾക്ക് നാട്ടിൽ കളിക്കുന്നതായാണ് അനുഭവപ്പെടുന്നത് എന്ന് പ്രസ്താവിച്ച് നേരത്തെ അർജന്റൈൻ ഗോളി എമിലിയാനോ മാർട്ടീനസ് രംഗത്ത് വന്നിരുന്നു.

അതേസമയം ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ വിജയിക്കാനായാൽ ഇറ്റലിക്കും ബ്രസീലിനും ശേഷം തുടർച്ചയായ രണ്ട് ലോകകിരീടം സ്വന്തമാക്കുന്ന ടീം എന്ന ബഹുമതി ഫ്രാൻസിന് സ്വന്തമാക്കാം. മത്സരത്തിൽ അർജന്റീന വിജയിച്ചാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം ലാറ്റിനമേരിക്കയിലേക്ക് ലോകകപ്പ് കിരീടം എത്തും.

2006ല്‍ ഫ്രാന്‍സ് ഫൈനലില്‍ ഇറ്റലിയോട് തോറ്റിരുന്നു. അര്‍ജന്റീന 2014ൽ ജർമനിയോടും ഫൈനൽ പോരാട്ടത്തിൽ കീഴടങ്ങി.

Content Highlights: Argentina has the best fans in the world: coach Lionel Scaloni