ഈ സമയത്തും തരംതാണ രാഷ്ട്രീയം കളിക്കാന്‍ എങ്ങനെ കഴിയുന്നു; അമരീന്ദര്‍ സിംഗിനെതിരെ കെജ്‌രിവാള്‍
national news
ഈ സമയത്തും തരംതാണ രാഷ്ട്രീയം കളിക്കാന്‍ എങ്ങനെ കഴിയുന്നു; അമരീന്ദര്‍ സിംഗിനെതിരെ കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd December 2020, 6:36 pm

ന്യൂദല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നയങ്ങള്‍ ദല്‍ഹിയില്‍ നടപ്പിലാക്കാന്‍ കെജ് രിവാള്‍ മുന്‍കൈയെടുത്തെന്ന അമരീന്ദര്‍ സിംഗിന്റെ പ്രസ്താവനയാണ് വിമര്‍ശനത്തിന് കാരണം. രാജ്യം ഇത്രയും പ്രതിസന്ധി നേരിടുന്ന സമയത്ത് എങ്ങനെ ഇത്തരം തരംതാണ രാഷ്ട്രീയം കളിക്കാന്‍ കഴിയുന്നുവെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കരിനിയമങ്ങള്‍ ദല്‍ഹിയില്‍ നടപ്പാക്കാന്‍ ഞാന്‍ മുന്‍കൈയെടുക്കുന്നതായി അമരീന്ദര്‍ സിംഗ് പറഞ്ഞിരിക്കുന്നു. ഈ ദുര്‍ബലമായ സാഹചര്യത്തിലും അദ്ദേഹത്തിന് എങ്ങനെ താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയം പറയാന്‍ കഴിയുന്നു? കെജ്‌രിവാള്‍ പറഞ്ഞു.

ഈ മൂന്ന് നിയമങ്ങളും നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. അതുകൊണ്ടാണ് കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചതെന്നും അവരുമായി ഇപ്പോഴും ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ തങ്ങള്‍ അനുവദിക്കാത്തതാണ് സിംഗിന്റെ ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്നും കെജ്‌രിവാള്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന് ഈ സ്റ്റേഡിയങ്ങളെ ജയിലുകളാക്കി മാറ്റാന്‍പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പാസാക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെന്നാരോപിച്ച് അമരീന്ദര്‍ സിംഗ് രംഗത്തെത്തിയത്. കര്‍ഷകരോടൊപ്പം നില്‍ക്കേണ്ട സാഹചര്യത്തില്‍ ദല്‍ഹി സര്‍ക്കാര്‍ ചെയ്ത ഈ നടപടി ശരിയായില്ലെന്നും ഒരുപക്ഷെ പ്രതിസന്ധി ഘട്ടത്തിലാകും ഈ നടപടിയെന്നുമായിരുന്നു അമരീന്ദര്‍ സിംഗിന്റെ വിമര്‍ശനം.

അതേസമയം കര്‍ഷക സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകളുമായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തുന്നത്.

വ്യാഴാഴ്ച കര്‍ഷകര്‍ക്ക് മുന്‍പില്‍ വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞത് അമിത് ഷായായിരുന്നു.

എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും കാര്യങ്ങള്‍ സംസാരിക്കാനുമുള്ള ചുമതല പിന്നീട് രാജ്‌നാഥ് സിങ്ങിനെ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം ദിവസങ്ങള്‍ കഴിയുന്തോറും കര്‍ഷക പ്രക്ഷോഭത്തിന്റെ ശക്തി കൂടിവരുന്നതും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചര്‍ച്ചയായതും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

നാളെ ഏത് വിധത്തിലുള്ള പ്രശ്‌നപരിഹാരത്തിനാവും സര്‍ക്കാര്‍ ശ്രമിക്കുകയെന്നതില്‍ വ്യക്തതയില്ല. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു ഉപാധിയും തങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹി വാഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും സമരപ്പന്തലില്‍ എത്തിയിട്ടുണ്ട്. ദല്‍ഹിയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്.

സിംഗു-തിക്രി അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും സമരത്തില്‍ അണിനിരന്നിട്ടുണ്ട്. ജനവിരുദ്ധമായ ഇത്തരമൊരു നിയമം നടപ്പാക്കിയതില്‍ രാജ്യത്തെ ജനങ്ങളോട് ബി.ജെ.പി സര്‍ക്കാര്‍ മാപ്പുപറയണമെന്നും നിയമം പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aravind Kejriwal Slams Amarinder Singh