കോഴിക്കോട്: നാദാപുരം അര്‍ബന്‍ ബാങ്കില്‍ സെക്യൂരിറ്റി കം പ്യൂണ്‍ തസ്തികയില്‍ ബി.ജെ.പി പ്രവര്ത്തകന് നിയമനം നല്‍കിയതിനെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. മുസ്ലിം ലീഗ് നേതൃത്വം നല്കുന്ന ബാങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകനെ നിയമിക്കാന്‍ കോണ്‍ഗ്രസുകാര്‍ കൂട്ടുനിന്നെന്നും മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ബാങ്ക് ഭരണസമിതി നിയമന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി.
ആര്.എസ്.എസുകാരനെ കോണ്‍ഗ്രസുകാരനാണെന്ന് കാണിച്ച് ഒരു മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കത്ത് നല്‍കിയതിനെക്കുറിച്ചും, നിയമനം നടത്താന്‍ ഒത്താശ ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഡി.സി.സി നേത്യത്വത്തിനോടും ആവശ്യപ്പെടുന്ന പ്രമേയമാണ് യോഗം പാസാക്കിയത്.
ബി.ജെ.പിക്കാരനായ ചേറോട് ചേന്ദമംഗലം സ്വദേശിയെ 10 ലക്ഷം രൂപ കോഴ വാങ്ങിയാണ് ബാങ്കില്‍ മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ബംഗ്ലത്ത് ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചതെന്നാണ് ആരോപണം.
എന്നാല്‍ ചേറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും, ചേറോട് ശാഖാ ലീഗ് കമ്മിറ്റിയുടെയും ശിപാര്‍ശക്കത്തിന്റെ അടിസ്ഥാത്തിലാണ് നിയമനം നടത്താന്‍ ബാങ്ക് ഭരണസമിതി തീരുമാനമെടുത്തതെന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.
എന്നാല്‍ നിയമനം വിവാദമായതോടെ, സെക്യൂരിറ്റി കം പ്യൂണ്‍ തസ്തികയില്‍ നിയമിതനായ വ്യക്തിയെ ബി.ജെ.പി അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഒഴിവാക്കിയതും ചര്‍ച്ചയായിട്ടുണ്ട്.
അതിനിടെ മണ്ഡലം കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കത്തിനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ തന്നെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ നിയമനത്തിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ലീഗ് നേതൃത്വത്തിന്റെ മുന്നില്‍ വിഷയം അവതരിപ്പിക്കാന്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സജീവനെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞവര്‍ഷം മിശ്രവിവാഹിതനായ യൂത്ത് കോണ്‍ഗ്രസ് നേതാവിന് അര്‍ബന്‍ ബാങ്കില്‍ നിയമനം നല്‍കാനുള്ള നീക്കം ലീഗ് നേതൃത്വം തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ബി.ജെ.പിക്കാരന് നിയമനം നല്‍കിയതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.