ന്യൂദല്‍ഹി: തബ്‌ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട വിദേശ പൗരന്മാരുടെ വിസ റദ്ദാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.
വിദേശ പൗരന്മാരുടെ വിസ റദ്ദ് ചെയ്തിട്ടുണ്ടെങ്കില്‍ ഓരോ കേസിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു.
” ഈ വിദേശ പൗരന്മാരുടെ വിസ് റദ്ദ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അവരിപ്പോഴും ഇന്ത്യയില്‍, റദ്ദ് ചെയ്തിട്ടില്ലാ എന്നാണെങ്കില്‍ ഞങ്ങള്‍ ഈ അപേക്ഷകള്‍ തള്ളും ,” ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.
കരിമ്പട്ടികയില്‍ പെടുത്തുന്നതിനെക്കുറിച്ചും വിസ റദ്ദാക്കുന്നതിനെക്കുറിച്ചും അറിയിച്ചുകൊണ്ട് ഒരു പൊതു നിര്‍ദ്ദേശം മാത്രമാണോ അതോ ഓരോ കേസിലും വ്യക്തിഗത ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അറിയിക്കാന്‍ ബെഞ്ച് മേത്തയോട് ആവശ്യപ്പെട്ടു.
കരിമ്പട്ടികയില്‍ പെടുത്തുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് 34 വിദേശ പൗരന്മാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കുകവെയായിരുന്നു ഇക്കാര്യത്തില്‍ വ്യക്തത വതുത്താന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടത്.
എല്ലാ വര്‍ഷവും അനുവദിക്കുന്ന വിസകള്‍ പെട്ടെന്ന് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.