രായനിലെ ആ പാട്ട് സീന്‍ അവര്‍ ചെയ്യുന്നതുപോലെ ചെയ്യണമല്ലോ എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചു: അപര്‍ണ ബാലമുരളി
Entertainment
രായനിലെ ആ പാട്ട് സീന്‍ അവര്‍ ചെയ്യുന്നതുപോലെ ചെയ്യണമല്ലോ എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചു: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st September 2024, 8:56 am

ധനുഷ് സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് രായന്‍. രായനില്‍ കേന്ദ്രകഥാപാത്രമായെത്തിയതും അദ്ദേഹം തന്നെയായിരുന്നു. 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഈ വര്‍ഷത്തെ തമിഴിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ രായനിലെ വാട്ടര്‍ പാക്കറ്റ് എന്ന ഗാനവും വൈറല്‍ ആയിരുന്നു.

രായന്‍ സിനിമ സംവിധാനം ചെയ്ത ധനുഷിനെക്കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി. അദ്ദേഹം സംവിധാനം ചെയ്യുന്നത് കാണാന്‍ തന്നെ നല്ല രസമാണെന്നും ഓരോ അഭിനേതാക്കളുടെ അടുത്ത് നിന്നും അവരുടെ ബെസ്റ്റ് കിട്ടണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടെന്നും അപര്‍ണ പറയുന്നു. ധനുഷിന് സിനിമ നന്നാക്കുക എന്നുള്ളതാണ് ആദ്യത്തെ പ്രയോരിറ്റി എന്നും അദ്ദേഹം വളരെ ഹാര്‍ഡ് വര്‍ക്കിങ് ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ വാട്ടര്‍ പാക്കറ്റ് എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫറായ ബാബ ഭാസ്‌കറും ധനുഷും കൂടെ ഡാന്‍സ് ചെയ്ത് കാണിക്കുമ്പോള്‍ അവരെ പോലെ ചെയ്യണമല്ലോ എന്നോര്‍ത്ത് ടെന്‍ഷനടിക്കുമെന്നും ഇരുവരും നൃത്തം ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കാന്‍ തന്നെ നല്ല രസമാണെന്നും അപര്‍ണ പറയുന്നു. ക്ലബ് എഫ്.എം കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഭയങ്കര രസമാണ് ധനുഷ് സംവിധാനം ചെയ്യുന്നത് കാണാന്‍. നമ്മള്‍ ഓരോ അഭിനേതാക്കളുടെ അടുത്തുനിന്നും അവരുടെ ബെസ്റ്റ് കിട്ടണമെന്ന് നിര്‍ബന്ധമുള്ള ഡയറക്ടര്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന് ആ സിനിമ നന്നാക്കുക എന്നുള്ളതാണ് ആദ്യത്തെ പ്രയോരിറ്റി. വളരെ അര്‍പ്പണബോധത്തോടെയാണ് അദ്ദേഹം ആ സിനിമയെ കാണുന്നത്.

പിന്നെ ഏതൊരു കാര്യം ചെയ്യുമ്പോഴും അത്രക്ക് പെര്‍ഫെക്റ്റ് ആകണമെന്ന് നിര്‍ബന്ധമുള്ള ആളാണ് ധനുഷ് സാര്‍. രാത്രി എത്രനേരം ഷൂട്ട് പോയാലും രാവിലെ ഒരു ആറരക്ക് ആണ് വിളിക്കുന്നതെങ്കിലും അദ്ദേഹം അപ്പോള്‍ ആരെക്കാളും മുന്നില്‍ അവിടെ സെറ്റില്‍ ഉണ്ടാകും. ഭയങ്കര ഹാര്‍ഡ് വര്‍ക്കിങ് ആണ് അദ്ദേഹം.

ആ പാട്ട് കൊറിയോഗ്രാഫ് ചെയ്തത് ബാബ ഭാസ്‌ക്കര്‍ സാറാണ്. ബാബ ഭാസ്‌കര്‍ സാറും ധനുഷ് സാറും കൂടെ ഡാന്‍സ് ചെയ്ത് കാണിക്കുമ്പോള്‍ നമുക്ക് ഒന്നുകൂടെ ടെന്‍ഷന്‍ ആകും, നമ്മള്‍ എങ്ങനെ അതുപോലെ ചെയ്യുമെന്നൊക്കെ ഓര്‍ത്ത് ഇരിക്കും. കാരണം ഇവര്‍ രണ്ടു പേരും ഡാന്‍സ് ചെയ്യുമ്പോള്‍ വല്ലാത്ത ഗ്രേസ് ആണ്,’ അപര്‍ണ ബാലമുരളി പറയുന്നു.

Content Highlight: Aparna Balamurali Talks  About Danush And Water Packet Song