ബഷീര്‍ 'തീവ്രവാദി' തന്നെ!
DISCOURSE
ബഷീര്‍ 'തീവ്രവാദി' തന്നെ!
എ.പി. അഹമ്മദ്
Friday, 7th July 2023, 10:03 pm
സ്വാതന്ത്ര്യത്തിനു വേണ്ടി ഭീകരപ്രസ്ഥാനം പോലും ശരിയാണെന്നു കരുതിയ ഒരു കാലഘട്ടം ബഷീറിന്റെയും നൈനയുടേയും ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവരുടെ ദേശാഭിമാനത്തിന്റെ തിളക്കം കൂടുന്നതേയുള്ളു. ഭഗത് സിങ് തീവ്രവാദിയായിരുന്നെങ്കില്‍ ബഷീറും അതായിരുന്നു!

വൈക്കം മുഹമ്മദ് ബഷീറിന്റെ 29-ാം ചരമദിനത്തില്‍ ഉയര്‍ന്നുവന്ന ഒരു വിവാദം അപായകരമായ വിതാനത്തിലേക്കു പോകുന്നുവോ?

കോഴിക്കാട് ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌ക്കൂളില്‍ ബഷീര്‍ ദിനത്തില്‍ (ജൂലൈ അഞ്ച്) നടത്തിയ ക്വിസ് മത്സരത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു നല്‍കിയ ഒരു ചോദ്യമാണ് വിവാദത്തിനാധാരം.

‘തീവ്രവാദ സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവന’ത്തില്‍ ബഷീര്‍ ഏത് തൂലികാനാമത്തിലാണ് ലേഖനങ്ങള്‍ എഴുതിയത്?’ എന്നായിരുന്നു ചോദ്യം.
മലയാളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടി തന്റെ ഫേസ്ബുക്ക് പേജില്‍ ‘ബഷീറിനെ തീവ്രവാദിയാക്കുന്നത് ആരാണ്?’ എന്ന ചോദ്യത്തോടെ ഇതൊരു വിവാദ വിഷയമായി അവതരിപ്പിച്ചു. അദ്ദേഹത്തെ വ്യക്തിപരമായി ബാധിക്കുന്ന രണ്ട് കാര്യങ്ങള്‍ കൂടി ഈ വിഷയത്തിലുണ്ട്.

ഒന്ന്: ബഷീറിനോടൊപ്പം ‘ഉജ്ജീവനം’ വാരികയുടെ പ്രസാധകനായിരുന്ന തന്റെ പിതാവ് പി.എ. സൈനുദ്ധീന്‍ നൈന കൂടി ‘തീവ്രവാദി’ പട്ടികയില്‍ പെട്ടു പോകുന്നതിന്റെ പ്രതിഷേധം. രണ്ട്: തന്റെ പേരക്കുട്ടി ഉസൈര്‍ ശബീബ് പഠിക്കുന്ന സ്‌കൂളില്‍ നിന്നുതന്നെ ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നതിന്റെ അങ്കലാപ്പ്.

ബഷീറും നൈനയും തമ്മിലുള്ള ആത്മബന്ധവും ഇരുവരുടേയും ദേശസ്‌നേഹവും വിവരിച്ച ശേഷം ജമാല്‍ക്ക ആണയിടുന്നത് രണ്ട് കാര്യങ്ങളാണ്: ഒന്ന്, ‘ഉജ്ജീവനം’ ഒരു തീവ്രവാദ സംഘടനയുടേയും മുഖപത്രമായിരുന്നില്ല; രണ്ട്, ബഷീര്‍ ഒരു തീവ്രവാദി സംഘടന രൂപീകരിച്ചുവെന്ന് എവിടെയും കണ്ടിട്ടില്ല. അതിനാല്‍ നാടിന്റെ മോചനത്തിനായി പോരാടിയവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് കടുത്ത അപരാധമാണ്. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണമെന്നും ബഷീറും നൈനയും ഭീകരരായി ചിത്രീകരിക്കപ്പെടുന്നത് തടയാന്‍ സാംസ്‌ക്കാരിക കേരളം ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത

കൊച്ചങ്ങാടിയുടെ പ്രതിഷേധം അദ്ദേഹത്തിന്റെ കുടുംബ കൂട്ടായ്മകളാണ് ആദ്യം ഏറ്റെടുത്തത്. ‘കൊച്ചി നൈനാസ് അസോസിയേഷന്‍’, ‘നൈന-മരക്കാര്‍ കേരള അസോസിയഷന്‍’ എന്നീ സംഘടനകളുടെ സംയുക്ത പ്രസ്താവന ചില പത്രങ്ങളില്‍ വന്നു. മീഡിയാ വണ്‍ ഓണ്‍ലൈന്‍ വാര്‍ത്തയായും രിസാല അപ്‌ഡേറ്റ് അഭിമുഖമായും ഈ വിഷയത്തിന് പ്രചാരം നല്‍കി. ചോദ്യകര്‍ത്താവായ അധ്യാപകനെ പിരിച്ചുവിടണമെന്നും ഇത്തരം ചെകുത്താന്മാര്‍ ശിക്ഷിക്കപ്പെടണമെന്നും മറ്റും മറ്റും കമന്റ് ബോക്‌സില്‍ ആവശ്യമുയര്‍ന്നു. സ്‌കൂള്‍ അധികൃതരുടെ നീക്കം ദേശദ്രോഹപരമാണെന്ന് എസ്.ഡി.പി ഐ നേതാവിന്റെ പ്രസ്താവനയും കണ്ടു. ഇത്രയും എത്തിയപ്പോഴാണ് എന്റെ മനസില്‍ ആശങ്കകള്‍ മുഴങ്ങിയത്.


(ജമാൽ കൊച്ചങ്ങാടിയുടെ ഫേസ്ബുക്ക് കുറിപ്പ്) 

 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചോദ്യപേപ്പറിലെ ഇതുപോലൊരു ചോദ്യത്തിന്റെ പേരിലാണല്ലോ തൊടുപുഴയില്‍ പ്രൊഫ. ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്!
ഇനിയെങ്കിലും ഈ വിവാദത്തിന്റെ അടിസ്ഥാനം പരിശോധിക്കാതെ വയ്യ. വാസ്തവത്തില്‍, ബഷീറിന്റെ എല്ലാ ജീവചരിത്രക്കുറിപ്പുകളും അദ്ദേഹത്തിന്റെ ‘തീവ്രവാദ’ബന്ധം രേഖപ്പെടുത്തിയിട്ടുണ്ട്. 1992ല്‍ (ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍) ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച സമ്പൂര്‍ണകൃതികളില്‍ കൊടുത്ത ഹ്രസ്വജീവചരിത്രത്തില്‍ ഇങ്ങനെ വായിക്കാം: ”ഭഗത് സിങ്, രാജഗുരു, ശുകദേവ് മോഡല്‍ തീവ്രവാദ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുകയും സംഘടനയുടെ മുഖപത്രമായി ‘ഉജ്ജീവനം’ എന്നൊരു വാരിക നടത്തുകയും ചെയ്തു. പിന്നീട് വാരിക കണ്ടുകെട്ടി. ‘ഉജ്ജീവനം’, ‘പ്രകാശം’ തുടങ്ങിയ വാരികകളില്‍ ‘തീപ്പൊരി ലേഖനങ്ങള്‍’ എഴുതിയിരുന്നു. അന്ന് ‘പ്രഭ’ എന്ന തൂലികാനാമമാണ് സ്വീകരിച്ചത്.”
ഈ പുസ്തകം കുട്ടികള്‍ മറിച്ചുനോക്കിയിട്ടുണ്ടോ എന്നറിയാനാവില്ലേ, ആ അധ്യാപകന്‍ ചോദ്യമിട്ടത്?

ഭഗത് സിങ്

30 കൊല്ലമായി ഡി.സി ബുക്‌സ് വിറ്റുകൊണ്ടിരിക്കുന്ന ഈ കുറിപ്പിനെ ആക്ഷേപിക്കാന്‍ എന്തേ ഇന്നോളം ആരും മുതിര്‍ന്നില്ല? സമ്പൂര്‍ണകൃതികളുടെ ആമുഖമായി ‘കഥയുടെ തമ്പുരാന്‍’ ടി. പത്മനാഭന്‍ എഴുതിയ ‘ബഷീര്‍: വ്യക്തിയും നോവലിസ്റ്റും’ എന്ന ലേഖനത്തിലും ഭീകരപ്രസ്ഥാനം തെളിഞ്ഞുനില്‍ക്കുന്നുണ്ട്: ”ജയിലില്‍ നിന്ന് വിട്ടുപോന്ന ബഷീര്‍ പിന്നീട് ഭീകര പ്രസ്ഥാനക്കാരുമായി ബന്ധപ്പെട്ടു. ഗവണ്മെന്റിനെതിരായ ലേഖനങ്ങളും ഇക്കാലത്ത് എഴുതുന്നുണ്ടായിരുന്നു. വീണ്ടും ലോക്കപ്പുകളും ജയിലും..”

പത്മനാഭനെതിരെ ഇക്കാലം വരെ ഒരക്ഷരം പ്രതിഷേധിക്കാത്തവര്‍, ഒരു പൊതുവിദ്യാലയത്തിലെ സുര്‍ജിത്ത് എന്ന പാവം അധ്യാപകനെ വേട്ടയാടാന്‍ ചൂണ്ടിക്കൊടുക്കുന്നത് എന്തിനാണാവോ!

ബഷീര്‍ തന്നെയും ആ ജീവിതകാലം പലേടത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഓര്‍മയുടെ അറകളി’ല്‍ തന്നെ ‘ഞാനും അനന്തതയും’ എന്ന ഉപശീര്‍ഷകത്തില്‍ ബഷീര്‍ എഴുതുന്നു:

”…… ബോംബ്, കഠാരി, റിവോള്‍വര്‍ എന്നിവയുടെ അനുയായിയായി മാറി ഞാന്‍. സര്‍ദാര്‍ ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നീ ശൂരവീര പരാക്രമികളായ, ഭീകരപ്രസ്ഥാനക്കാരായ സ്വാതന്ത്ര്യഭടന്മാരെ വൈസ്രോയിയുടെ നേര്‍ക്ക് ബോംബെറിഞ്ഞതിനോ മറ്റോ തൂക്കിക്കൊന്ന വാര്‍ത്ത കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞങ്ങള്‍ കേട്ടപ്പോള്‍ ജീവിതത്തില്‍ ആദ്യമായി പട്ടിണി കിടന്നു.(ഭഗത് സിങിന്റേയും മറ്റും ഓര്‍മക്കായി ഞങ്ങള്‍ മൂന്ന് ദിവസം നിരാഹാരവ്രതം അനുഷ്ഠിച്ചു.) ജയില്‍മോചിതനായി വീട്ടില്‍ എത്തിയപ്പോള്‍ വീട് പാപ്പരായിരുന്നു.

പക്ഷേ ഒരു ചെറിയ ഭഗത് സിങ്ങായിരുന്നു ഞാന്‍. അതേ മീശ!
വീട്ടില്‍ നിന്ന് പിന്നെയും പോയി. അടിമഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനെതിരായി നില്‍ക്കുന്നവരെ കൊല്ലുക. ഒരു ഭീകരസംഘം രൂപം കൊണ്ടു, ഒരു പത്രവും. തീപ്പൊരി ചിതറുന്ന ലേഖനങ്ങള്‍, ചുവന്ന അക്ഷരങ്ങളിലുള്ള വാള്‍പോസ്റ്ററുകള്‍, കൊല്ലേണ്ടവരുടെ ലിസ്റ്റുകള്‍ ഞങ്ങള്‍ തയ്യാറാക്കി. ആരെയും കൊന്നില്ല. പൊലീസ് പത്രം കണ്ടുകെട്ടി. അറസ്റ്റുവാറണ്ടും പുറപ്പെട്ടു. ഞാന്‍ രാത്രി ഏഴെട്ടു മൈല്‍ നടന്ന് ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തീവണ്ടി കയറി. അസ്വതന്ത്രമായ ഇന്ത്യ മുഴുവനും കാണുക!”

ഇതിലപ്പുറം ബഷീറിന്റെ ‘തീവ്രവാദ’ത്തിന് എന്തു തെളിവാണാവോ വേണ്ടത്! ഹിംസാത്മക വിപ്ലവപ്രസ്ഥാനത്തില്‍ പെട്ടു പോയ മുഹമ്മദ് എന്ന തീവ്രവാദിയെ നായകനാക്കി ‘വിപ്ലവകാരികള്‍’ എന്ന കഥ(1939)യും ബഷീര്‍ എഴുതിയിട്ടുണ്ട്.
വിജ്ഞാനത്തിന്റെ അഭിനവ മഹാദേവനായ ഗൂഗ്ള്‍ സെര്‍ച്ചില്‍ ‘ബഷീര്‍’ എന്ന് മുട്ടി നോക്കൂ. മലയാളം വിക്കിപീഡിയ വിളിച്ചു പറയുന്നു:

”1930ല്‍ കോഴിക്കോട്ടു വെച്ച് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദസംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവന’ത്തില്‍ എഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീട് കണ്ടുകെട്ടി…”

വിസ്താരം മതിയാക്കാം. ബഷീറിനെക്കുറിച്ചുള്ള സൂക്ഷ്മവായനയ്ക്ക് പ്രേരകമായ ഒരു ചോദ്യം തയ്യാറാക്കിയ അധ്യാപകനെയോ വിദ്യാലയത്തെയോ ക്രൂശിക്കാതിരിക്കുക.
‘തീവ്രവാദ’ത്തിന്റെ ഒരു ജീവിതഘട്ടം ബഷീറിനുണ്ടായിരുന്നു എന്ന് ആധികാരിക രേഖകളും, ബഷീര്‍ തന്നെയും സാക്ഷ്യപ്പെടുത്തുന്നു.

സ്വാതന്ത്ര്യത്തിനു വേണ്ടി ഭീകരപ്രസ്ഥാനം പോലും ശരിയാണെന്നു കരുതിയ ഒരു കാലഘട്ടം ബഷീറിന്റെയും നൈനയുടേയും ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവരുടെ ദേശാഭിമാനത്തിന്റെ തിളക്കം കൂടുന്നതേയുള്ളു. ഇരുവരുടേയും കുടുംബങ്ങള്‍ക്കു മാത്രമല്ല, ഭാരതീയര്‍ക്കാകെ അഭിമാനത്തോടെ പറയാം:
ഭഗത് സിങ് തീവ്രവാദിയായിരുന്നെങ്കില്‍ ബഷീറും അതായിരുന്നു!

‘തീവ്രവാദം’ എന്നു കേട്ടാല്‍ മതതീവ്രവാദമാണെന്ന് ധരിക്കുകയും അതിനു മറപിടിയ്ക്കാന്‍ ഇരവാദം ഉയര്‍ത്തുകയും ചെയ്യുന്ന പുതിയ കാലത്തിന്റെ രോഗാണുക്കള്‍ ദയവായി ബഷീറില്‍ കുത്തിവെക്കാന്‍ ശ്രമിക്കരുത്. അതൊന്നും ഏശാത്ത ഇനം മുസല്‍മാനാണ് ബഷീര്‍!

അവസാനമായി ഒരു കാര്യം കൂടി: ബഷീറിനും ‘തീവ്രവാദി’ എന്ന മുദ്ര വീണിരിക്കുന്നു എന്ന് വ്യാജപ്രചരണം നടത്തുന്നത് യഥാര്‍ഥ മതതീവ്രവാദികള്‍ക്കു മാന്യത പകരാനാണെങ്കില്‍, ആ മഹാപാപം ബഷീര്‍ പൊറുക്കില്ല, മലയാളവും..

Content Highlight: AP Ahmed’s Article about Writer Vaikom Muhammad Basheer

 

എ.പി. അഹമ്മദ്
എഴുത്തുകാരൻ, പ്രഭാഷകൻ