Social Media
ചോദ്യ ചിഹ്നം പോസ്റ്റ് ചെയ്ത് എ.പി അബ്ദുള്ളക്കുട്ടി; ഇനി 'ചാടേണ്ടത്' ഏത് പാര്‍ട്ടിയിലേക്കാണെന്ന് ചോദിക്കുകയാണോയെന്ന് കമന്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 25, 09:26 am
Thursday, 25th February 2021, 2:56 pm

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബി.ജെ.പി വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. ഒരു ചോദ്യ ചിഹ്നമാണ് സോഷ്യല്‍ മീഡിയയില്‍ എ.പി അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്.

ഇതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ ഇനി ഏത് പാര്‍ട്ടിയിലേക്ക് ചാടാം എന്നാണോ നോക്കുന്നത്’ എന്നാണ് പോസ്റ്റിന് താഴേ വരുന്ന കമന്റുകള്‍.

കേരളത്തിലെ മൂന്ന് മുന്നണിയിലേക്കും ചാടിയെന്നും ഇനി ചാടാന്‍ മുന്നണികളില്ലെന്നും എ.പി അബ്ദുള്ളക്കുട്ടിയോട് ചിലര്‍ പറയുന്നുണ്ട്. ‘ഇനി എങ്ങോട്ട്? നല്ലവരായ മനുഷ്യസ്‌നേഹികളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടുന്നു’ എന്നും ഫേസ്ബുക്കില്‍ കമന്‍റ്  വരുന്നുണ്ട്.

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം അരംഭിച്ച എ.പി അബ്ദുള്ളക്കുട്ടി 1995 മുതല്‍ 1999 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായും 1998 മുതല്‍ 2000 വരെ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

സി.പി.ഐ.എമ്മില്‍ നിന്ന് എം.പിയായ അദ്ദേഹത്തെ പിന്നീട് 2009 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന എ.പി അബ്ദുള്ളക്കുട്ടി  2009ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗമായി. 2011-ലും കണ്ണൂരില്‍ നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2016-ല്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും തോറ്റു.

തുടര്‍ന്ന് 2019 ല്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. നിലവില്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് എ.പി അബ്ദുള്ളക്കുട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: AP Abdullakutty posts question mark; funny Comments in social media