Entertainment news
എപ്പോള്‍ കണ്ടാലും പുലിമുരുകനില്‍ അഭിനയിച്ചില്ലെന്ന്‌ പറഞ്ഞ് കുറ്റപ്പെടുത്തും, അങ്ങനെയാണ് ലാലേട്ടന്റെ സ്നേഹം: അനുശ്രീ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 28, 12:48 pm
Monday, 28th November 2022, 6:18 pm

വലിയ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോള്‍ ഇപ്പോഴും തനിക്ക് പേടിയാണ് എന്നുപറയുകയാണ് നടി അനുശ്രീ. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം പറഞ്ഞത്.

‘ലാലേട്ടനോടൊപ്പം ഞാന്‍ ഒന്നില്‍കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. റെഡ് വൈന്‍, ഒപ്പം, ട്വല്‍ത്ത് മാന്‍ തുടങ്ങിയവയായിരുന്നു ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍. ഞങ്ങള്‍ രണ്ടുപേരും പത്തനംതിട്ടയില്‍ നിന്നുമാണ് വരുന്നത്. അതുകൊണ്ട് തന്നെ ആദ്യം കാണുമ്പോള്‍ തന്നെ പത്തനംതിട്ടക്കാരി എന്ന സ്‌നേഹമാണ് എനിക്ക് തരുന്നത്.

പിന്നെ ഗണേശ് കുമാറിന്റെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത് അതിന്റെ ഒരു സ്‌നേഹവും എനിക്കും ലഭിക്കും. കാരണം അവര്‍ തമ്മില്‍ മച്ചാന്‍ മച്ചാന്‍ ആണല്ലോ. പിന്നെ എപ്പോള്‍ കാണുമ്പോഴും പുലിമുരുകനില്‍ അഭിനയിച്ചില്ല എന്നും പറഞ്ഞ് ഒരു കുത്തും ഉണ്ടാകും. അങ്ങനെയൊക്കെയാണ് ലാലേട്ടന്റെ സ്‌നേഹം.

സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് വര്‍ഷങ്ങളായി എങ്കിലും, ഇപ്പോഴും ഇവരുടെ കൂടെയൊക്കെ അഭിനയിക്കാന്‍ പറഞ്ഞാല്‍ വിറയല്‍ വരും. ഡയലോഗ് പറയുമ്പോള്‍ അവിടെയും ഇവിടെയുമൊക്കെ തെറ്റിപ്പോകും. ഒന്ന് രണ്ട് ടേക്ക് ഒക്കെ പോകുമ്പോള്‍ പേടി വരാന്‍ തുടങ്ങും. അയ്യോ ലാലേട്ടാ കുറച്ച് സമയം തരണേ എന്നൊക്കെ പറഞ്ഞിട്ടുണ്ട്.

ചെറിയ ഡയലോഗ് ആണെങ്കില്‍ പോലും ഒരു ഇത്തിരി സമയമെടുക്കും. അതെന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവര്‍ അത്ര വലിയ താരങ്ങള്‍ ആണല്ലോ എന്ന തോന്നലുകൊണ്ടാണ് അങ്ങനെ വരുന്നത് എന്ന് തോന്നുന്നു. അതിപ്പോള്‍ മമ്മൂക്കയോടൊപ്പം ആണെങ്കിലും ആങ്ങനെ തന്നെയാണ്.

 

മമ്മൂക്കയോടൊപ്പം മധുരരാജയില്‍ അഭിനയിക്കമ്പോള്‍ ഘോര ഘോരം ഡയലോഗ് പറയാനുണ്ടായിരുന്നു. ദൈവത്തെ വിളിച്ചാണ് അഭിനയിച്ചത്, ഭൂമി പിളര്‍ന്ന് താഴെ പോയിരുന്നെങ്കില്‍ എന്നുവരെ ചിന്തിച്ചു. മമ്മൂക്കയെ ഫാ… എന്നുപറയുന്ന സീനുണ്ട് ആ സിനിമയില്‍. അത് റിഹേഴ്‌സല്‍ ചെയ്യുമ്പോള്‍ ഞാന്‍ കൈ പൊത്തിപിടിച്ചായിരുന്നു പറഞ്ഞത്.

അപ്പോള്‍ മമ്മൂക്ക ചോദിച്ചു, നീ എന്തിനാ ഇങ്ങനെ പറയുന്നത് എന്ന്. തുപ്പല്‍ തെറിച്ചാലോ എന്ന് പേടിച്ചിട്ടാണെന്ന് ഞാന്‍ പറഞ്ഞു. ആ സമയം മമ്മൂക്ക പറഞ്ഞു അതൊന്നും നോക്കണ്ടായെന്ന്. ഇപ്പോള്‍ ചെയ്താലെ ഷോട്ടില്‍ ശരിയായി ചെയ്യാല്‍ കഴിയുള്ളു എന്നും പറഞ്ഞു,’ ചിരിയോടെ അനുശ്രി പറഞ്ഞു.

ഗ്രാമീണ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനുശ്രി. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന സിനിമയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ജനപ്രിയ ആയിമാറി. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഒ.ടി.ടി റിലീസിനെത്തിയ ‘ട്വല്‍ത്ത് മാന്‍’ ആണ് അനുശ്രിയുടെ അവസാന ചിത്രം.

CONTENT HIGHLIGHT: ANUSREE TALKS ABOUT MOHANLAL AND MAMMOTTY