ന്യൂദല്‍ഹി: തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ വിമര്‍ശനുമായി നടിയും ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മ. തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കണമെന്നും അതാണ് നിങ്ങള്‍ക്ക് നല്ലത് എന്നുമായിരുന്നു അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.
അനുമതിയില്ലാതെ തങ്ങളുടെ ഫോട്ടോയെടുത്ത് പ്രസിദ്ധീകരിച്ച മാധ്യമത്തിനും ഫോട്ടോഗ്രാഫര്ക്കുമെതിരെയായിരുന്നു അനുഷ്ക രംഗത്തെത്തിയത്.
ബുധനാഴ്ച വീടിന്റെ ബാല്‍ക്കണിയിലിരുന്ന് സംസാരിക്കുകയായിരുന്ന അനുഷ്കയുടേയും വിരാടിന്റേയും ചിത്രങ്ങളായിരുന്നു ഇവര്‍ അറിയാതെ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് രൂക്ഷവിമര്‍ശനവുമായി താരം രംഗത്തെത്തിയത്.
‘ ഈ ഫോട്ടോഗ്രാഫറോടും പ്രസിദ്ധീകരണത്തോടും തങ്ങള്‍ നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോള്‍ തന്നെ നിങ്ങള്‍ അവസാനിപ്പിക്കണം’ അനുഷ്ക പറഞ്ഞു.
അനുഷ്കയും കോഹ്ലിയും എപ്പോള്‍ വീടിന് പുറത്തിറങ്ങിയാലും പാപ്പരാസികള്‍ ഇവരുടെ പിറകെ കൂടാറുണ്ട്. ഇവരുടെ നിരവധി ചിത്രങ്ങള്‍ ഇക്കൂട്ടര്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയു ചെയ്യാറുമുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയിലേക്കുള്ള സന്ദര്‍ശനത്തിനല്ലാതെ താരങ്ങള്‍ പുറത്തിറങ്ങാറില്ല. നേരത്തെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന അനുഷ്കയും ചിത്രങ്ങളും വൈറലായിരുന്നു. നേരത്തെ കൊവിഡ് തങ്ങള്‍ക്ക് ചിലസമയത്തെങ്കിലും ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ് ലോക്ക് ഡൗണ്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ പാപ്പരാസികളില്‍ നിന്നും തങ്ങള്‍ രക്ഷപ്പെടാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് താന്‍ അമ്മയാകാന്‍ പോകുന്നെന്ന വാര്‍ത്ത താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. 2021 ജനുവരിയില്‍ പുതിയ അതിഥി തങ്ങളുടെ ജീവിതത്തില്‍ എത്തുമെന്നായിരുന്നു വിരാടും അനുഷ്കയും ആരാധകരെ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക