ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച അനുരാഗ് കശ്യപ് പിന്നീട് നോ സ്‌മോക്കിങ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഇന്ത്യന്‍ സിനിമ അതുവരെ കാണാത്ത തരത്തില്‍ ഗ്യാങ്‌സ് ഓഫ് വസേപൂര്‍ എന്ന ചിത്രം പുറത്തിറക്കിയതോടെ ഇന്ത്യ മുഴുവന്‍ അനുരാഗ് കശ്യപ് ശ്രദ്ധേയനായി.
തെന്നിന്ത്യന്‍ സിനിമകളോടുള്ള ഇഷ്ടവും ബോളിവുഡിനോടുള്ള അനിഷ്ടവും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് അനുരാഗ് കശ്യപ്. വീണ്ടും ബോളിവുഡിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. പുഷ്പ പോലെ ഒരു ചിത്രം നിര്‍മിക്കാനുള്ള ബുദ്ധി ബോളിവുഡിനില്ലെന്നും പുഷ്പ എന്ന ചിത്രം സുകുമാറിന് മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
ബോളിവുഡ് സ്വയം യൂണിവേഴ്സ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രഖ്യാപിത യൂണിവേഴ്സില്‍ അവര്‍ നിസാരക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ് പറഞ്ഞു.
‘ബോളിവുഡിന് ഒന്നും മനസിലാകുന്നില്ല. അവര്‍ക്ക് ‘പുഷ്പ’ പോലെയൊരു ചിത്രം നിര്‍മിക്കാനൊന്നും കഴിയില്ല. അങ്ങനെ ഒരു സിനിമ നിര്‍മിക്കാനുള്ള ബുദ്ധി ഉണ്ടെങ്കിലല്ലേ അതിന് കഴിയു. അതില്ലാത്തതിനാല്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയില്ല.
സിനിമ മേക്കിങ് എന്താണെന്ന് അവര്‍ക്ക് അറിയില്ല. പുഷ്പ എന്ന ചിത്രം സുകുമാറിന് മാത്രമേ ചെയ്യാന്‍ കഴിയൂ. ബോളിവുഡില്‍ ഉള്ളവര്‍ സൗത്ത് ഇന്ത്യയിലെ സിനിമ പ്രൊഡ്യൂസേഴ്‌സിന് പണം നല്‍കി അവരെ സിനിമ ചെയ്യാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്.
എന്നാല്‍ ബോളിവുഡില്‍ അവര്‍ യൂണിവേഴ്‌സ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ബോളിവുഡ് എന്നത് ഒരു സ്വയം പ്രഖ്യാപിത യൂണിവേഴ്സ് ആണെന്നും അതില്‍ അവര്‍ എത്ര നിസാരക്കാരാണെന്ന കാര്യത്തേക്കുറിച്ചും മനസിലാകുന്നുണ്ടോ? അതാണ് അഹങ്കാരം. നിങ്ങള്‍ ഒരു യൂണിവേഴ്‌സ് സൃഷ്ടിക്കുമ്പോള്‍, നിങ്ങളാണ് അവിടുത്തെ ദൈവമെന്ന് കരുതുന്നു,’ അനുരാഗ് കശ്യപ് പറഞ്ഞു.