കാസര്‍ഗോഡ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമകളെല്ലാം മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ഇപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിം കൂടി അത്തരത്തില്‍ മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്.
കിരണ്‍ ജോസി സംവിധാനം ചെയ്ത അനുരാഗ് എഞ്ചിനീയറിങ് വര്‍ക്ക്സ് ഷോര്‍ട്ട് ഫിലിം എന്ന ആണ് ശ്രദ്ധ നേടുന്നത്. ചീമേനിയില്‍ ജീവിക്കുന്ന അനുരാഗ് എന്ന ഉള്‍വലിഞ്ഞ സ്വഭാവമുള്ള ചെറുപ്പക്കാരന്റെ പ്രണയമാണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം.
സൂപ്പര്‍ ശരണ്യയിലൂടെ ശ്രദ്ധേയനായ ‘കലിപ്പന്‍ അജിത്ത് മേനോന്‍’ എന്ന വിനീത് വാസുദേവനാണ് അനുരാഗ് എന്ന ചെറുപ്പക്കാരനായി ഷോര്‍ട്ട് ഫിലിമില്‍ വേഷമിട്ടിരിക്കുന്നത്.
വളരെ റിയലിസ്റ്റിക്കായിട്ടാണ് ഷോര്‍ട്ട് ഫിലിമിലെ ഓരോ സെക്കന്റും അവതരിപ്പിച്ചിരിക്കുന്നത്. സ്‌ക്രീനില്‍ നിമിഷ നേരത്തേക്ക് വന്നു പോകുന്ന കഥാപാത്രങ്ങള്‍ വരെ അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
കുടുംബശ്രീ കൂട്ടായ്മകള്‍ ‘പരദൂഷണ കമ്മിറ്റികളാണെന്ന’ ട്രോളുകള്‍ക്ക് ഇടയില്‍ അത്തരം കൂട്ടായ്മകള്‍ക്കിടയിലെ സൗഹൃദവും, സ്‌നേഹവുമെല്ലാം ഈ ഹ്രസ്വ ചിത്രത്തില്‍ അടയാളപ്പെടുത്തി പോകുന്നുണ്ട്.
അഖില ഭാര്‍ഗവനാണ് നീതു എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഭാവങ്ങള്‍ കൊണ്ടും മികച്ച അഭിനയം കൊണ്ടും അഖില നീതുവായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
ഷോര്‍ട്ട് ഫിലിം കണ്ട് കഴിയുമ്പോള്‍ ‘അനുരാഗ് ഏട്ടനും നീതു ചേച്ചിയും’ ഒപ്പം അതിലെ മറ്റ് കഥാപാത്രങ്ങളും നമ്മുടെ ഉള്ളില്‍ നിന്ന് മായാതെ നില്‍ക്കും.
കാസര്‍ഗോഡന്‍ വാമൊഴിയില്‍ പ്രേക്ഷകരോട് കഥാപാത്രങ്ങള്‍ സംവദിക്കുമ്പോള്‍ കൃത്യമായി തന്നെ ആ സ്ഥലത്തെ അടയാളപ്പെടുത്താന്‍ അതിലൂടെ സാധിക്കുന്നുണ്ട്.
കളര്‍ ഗ്രയിഡിങ്ങാണ് അനുരാഗ് എഞ്ചിനീയറിങ് വര്‍ക്ക്സിന്റെ മറ്റൊരു പ്ലസ് പോയിന്റ്. കഥക്കൊപ്പം തന്നെ പ്രേക്ഷകരെ സഞ്ചരിപ്പിക്കാന്‍ കളര്‍ ഗ്രയിഡിങ് കൊണ്ട് കഴിയുന്നുണ്ട്.
അര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ഒരു മുഴനീള സിനിമ കണ്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്. സൂപ്പര്‍ ശരണ്യയുടെയും തണ്ണീര്‍ മത്തന്റെയും സംവിധായകനായ ഗിരീഷ് എ.ഡിക്കൊപ്പം റീജു ജോസും ചേര്‍ന്നാണ് ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കിപ്പുറം ആറ് ലക്ഷത്തില്‍ അധികം പേര്‍ ഷോര്‍ട്ട് ഫിലിം കണ്ട് കഴിഞ്ഞു. ഷോര്‍ട്ട് ഫിലിമിലെ അഭിനേതാക്കള്‍ ഒക്കെ തന്നെ കാസര്‍ഗോഡ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എന്ന പ്രത്യേകതയുമുണ്ട്.