വിധിപ്രകാരമുള്ള ചെങ്കോല്‍. വിശ്വാസ പ്രകാരമുള്ള പൂജകള്‍ എന്നീ മട്ടില്‍ നൂറാവര്‍ത്തി സ്ഥാപിച്ചെടുക്കയാണ്. ഒരു സെക്കുലര്‍ രാജ്യത്ത് തുടരെ തുടരെ ഇതുശീലം എന്നോണം ആവര്‍ത്തിക്കപ്പെടുന്നു. അയ്യോ, അയ്യേ എന്ന് അമ്പരന്നവരും അവജ്ഞപ്പെട്ടവരും കണ്ടും കേട്ടും വായിച്ചും (മാധ്യമങ്ങള്‍ വലിയ വിസിബിലിറ്റി ഇത്തരം പൂജ/ഹോമം/ചെങ്കോല്‍ ചിത്രങ്ങള്‍ക്ക് കൊടുക്കുന്നു എന്നോര്‍ക്കണം) ഇതൊക്കെ ഇവിടെ സ്വാഭാവികമായല്ലോ എന്ന ഉദാസീനതയിലെത്തി. അരാഷ്ട്രീയ രാകുന്നവരെ തങ്ങളുടെ വേലിക്കുള്ളിലേക്ക് വളച്ചെടുക്കാനുള്ള വാട്‌സാപ്പ് ആര്‍മിയുമുണ്ട്.
പക്ഷേ ഇതിനൊക്കെ അപ്പുറത്ത് നിമിഷം പ്രതി ഹിന്ദു ആവേശക്കമ്മിറ്റി ‘നരേന്ദ്രന്റെ ജന്മം’എന്ന് ഉത്സാഹപ്പെടുകയാണ്. മോദി രാജ്യം വാഴ്ക എന്നാണ്.. ഇതാണ് ഭാരതീയ പൈതൃകം, സനാതനം എന്ന് നിര്‍വൃതിപ്പെടുക മാത്രമല്ല, ഹിന്ദുത്വക്ക് പുറത്തുള്ള സകലതിനെയും ഉഗ്രമായ വെറുപ്പില്‍ പ്രതിഷ്ഠിക്കുന്നു. സിംഹങ്ങളുടെ മുഖഭാവം മാറ്റിയതു വെറുതെയൊന്നുമല്ല.
ഭരണഘടന എന്നൊന്നുള്ളത് ഓര്‍മപോലുമില്ലാത്ത വിധം ഒരു പ്രധാനമന്ത്രി തന്റെ കര്‍മ്മം തുടരുന്നു. അത് നിര്‍ബാധം ആഘോഷിക്കപ്പെടുന്നു. വ്യക്തിപരമായ മതവിശ്വാസവും ആചാരവും ആരും ചോദ്യം ചെയ്യുന്നില്ല എന്ന സ്വാതന്ത്ര്യമുള്ള വിശാലമായ ജനാധിപത്യ സ്ഥലത്തിരുന്ന് മുഴുവന്‍ രാജ്യത്തിന്റെയും ജനാധിപത്യം നിര്‍ണയിക്കപ്പെടുന്ന പാര്‍ലമെന്റില്‍ മതത്തിന്റെ പൂജകള്‍ നടത്തുന്നു എന്നതോളം ദുരന്തം എന്തുണ്ട്!
രാജ്യത്തെ പൗരര്‍ക്ക് ജാതി മത ഭേദമെന്യേ തുല്യ അവകാശമുറപ്പാക്കുന്ന ഭരണഘടനയുടെ നേര്‍ക്ക് കാര്‍ക്കിച്ച് തുപ്പുകയാണ്. മതവും രാജ്യവും വേറെ വേറെയല്ല എന്ന് ആവര്‍ത്തിച്ചു വെളിപ്പെടുത്തുകയാണീ കൂട്ടര്‍.
രാജ്യത്തിന് മതവും ജാതിയും ഉണ്ടെന്നും ആവശ്യത്തിനനുസരിച്ച് എടുത്ത് പ്രയോഗിക്കുമെന്നതിന് തെളിവാണ് രാഷ്ട്രപതി. മുര്‍മുവിന്റെ ജീവിതവും പോരാട്ടവും സേവനവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുമെന്നും ഇന്ത്യയുടെ വികസനയാത്രയെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിയുന്ന മികവുറ്റ രാഷ്ട്രപതിയാകും എന്നും ഉദ്‌ഘോഷിച്ചു അന്ന്. ആ പ്രചോദനം ഇപ്പോള്‍ പാര്‍ലമെന്റ് ഉദ്ഘാടനത്തിനാവശ്യമില്ല എന്നിട്ട് ഇന്ന് അഭിമാനം കൊള്ളുന്നതാരുടെ പേരിലാണ് എന്ന് നോക്കൂ…
‘ഭാരതാംബയുടെ പ്രിയപുത്രനായ, ഭാരത സ്വാതന്ത്ര്യസമരത്തില്‍ അതികായനായ, താരതമ്യേന മറ്റുള്ള സ്വതന്ത്ര സമരനായകരെ കൂടുതല്‍ കാലവും ,കഠിനവുമായ രാഷ്ട്രീയ തടവുകാരനായി സ്വന്തം ജീവിതം തന്നെ രാഷ്ട്രത്തിനായി സമര്‍പ്പിച്ച
സ്വതന്ത്ര വീര വിനായക ദാമോദര്‍ സവര്‍ക്കറുടെ ”
വിശേഷണങ്ങള്‍ തീരുന്നില്ല…. ലേശം ഉളുപ്പ്? ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോട്ടെ, രാജ്യത്തിന്റെ ചരിത്രം തന്നെ വ്യാജമായി പടച്ചുണ്ടാക്കി കൊണ്ടിരിക്കയാണ്. അതിന്റെ ചെങ്കോലും പിടിച്ചു നില്‍ക്കുന്ന രാജാവിന്റെ അശ്ലീല ചിത്രമാണ് ഒന്നാം പേജിലും 24×7 ലും വിളമ്പി കൊണ്ടിരിക്കുന്നത്.
എന്തെങ്കിലും നിവൃത്തിയുണ്ടേല്‍ ഈ അശ്ലീല കര്‍മ്മങ്ങള്‍ സ്വന്തം ചുമരില്‍ പതിപ്പിക്കാതിരിക്കുക. അതുകണ്ടാല്‍ പോലും ലഹരിപിടിക്കുന്ന കൂട്ടങ്ങള്‍.