Entertainment
ഇന്ന് കാണുന്നതിലും കൂടുതല്‍ ഇന്റന്‍സിലായിരുന്നു ആ ചിത്രത്തിന്റെ വയലന്‍സ് എടുത്തുവെച്ചത്: അനു മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 16, 11:39 am
Wednesday, 16th October 2024, 5:09 pm

ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടനാണ് അനു മോഹന്‍. ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം കരിയര്‍ തുടങ്ങുന്നത്. സഹതാരമായും പ്രതിനായകനായും നിരവധി മലയാള ചിത്രങ്ങളില്‍ അനു മോഹന്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത് 2012ല്‍ റിലീസായ ചിത്രമാണ് തീവ്രം. ആക്ഷന് പ്രാധാന്യം കൊടുത്ത ചിത്രത്തില്‍ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് അനു മോഹനാണ്. വി.സി. ഇസ്മയില്‍ നിര്‍മിച്ച തീവ്രത്തിന്റെ ഛായാഗ്രഹണം ഹരി നായരാണ്. ദുല്‍ഖര്‍ സല്‍മാനും അനു മോഹനും പുറമെ ശ്രീനിവാസന്‍, ശിഖ നായര്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തീവ്രത്തെ കുറിച്ച് സംസാരിക്കുകയാണ് അനു മോഹന്‍. വളരെ ഇന്റെന്‍സായിട്ടുള്ള വയലന്‍സും റൊമാന്‍സുമുള്ള സ്‌ക്രിപ്റ്റായിരുന്നു തീവ്രത്തിന്റേതെന്നും ഇപ്പോള്‍ സിനിമയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ടെറര്‍ ആയിട്ടുള്ള വയലന്‍സ് ചിത്രത്തില്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെറ്റ്ഫ്‌ലിക്‌സ് സിനിമകളില്‍ വരാറുള്ള വയലന്‍സിന്റെ സ്വഭാവമുള്ള സിനിമയായാണ് അന്ന് തീവ്രം ചെയ്യാനിരുന്നതെന്നും അനു മോഹന്‍ പറയുന്നു.

ചിത്രത്തില്‍ നായികയുടെ തലവെട്ടുന്ന രംഗമെല്ലാം ഇന്ന് കാണുന്നതിലും കൂടുതല്‍ ഇന്റെന്‍സില്‍ എടുത്തതായിരുന്നെന്നും എഡിറ്റിങ്ങില്‍ പല ഭാഗങ്ങളും ട്രിം ചെയ്ത് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനു മോഹന്‍.

‘ഇന്റെന്‍സ് വയലന്‍സുള്ള സിനിമയാണ് തീവ്രം. സ്‌ക്രിപ്റ്റില്‍ ഉള്ളത് കുറച്ചുകൂടെ ടെറര്‍ ആയിട്ടുള്ള വയലന്‍സ് ആയിരുന്നു. ഇപ്പോഴത്തെ ചില നെറ്റ്ഫ്‌ലിക്‌സ് സിനിമകളില്‍ വരാറുള്ള വയലന്‍സിന്റെ സ്വഭാവമുള്ള സിനിമ ആയാണ് അന്ന് തീവ്രം ചെയ്യാനിരുന്നത്. പന്ത്രണ്ട് വര്‍ഷം മുമ്പ് നമ്മള്‍ അത്രക്ക് ഇന്റെന്‍സ് വയലന്‍സും ഇന്റെന്‍സ് റൊമാന്‍സും ഉള്ള സിനിമയായിരുന്നു അത്.

സിനിമയില്‍ നായികയുടെ തലവെട്ടുന്ന രംഗമുണ്ടല്ലോ അത് കുറച്ചുകൂടെ ബില്‍ഡ് അപ്പ് ഉള്ള സീനായിരുന്നു. വണ്ടിയിലിട്ട് ബീറ്റ് ചെയ്യുന്നതും അങ്ങനെ കുറെ കൂടെ നമുക്ക് കാണുമ്പൊള്‍ അയ്യോ എന്ന് തോന്നുന്ന തരത്തിലുള്ളതായിരുന്നു. അതൊക്കെ അന്ന് എഡിറ്റ് ചെയ്ത് ട്രിം ചെയ്ത് പോയി,’ അനു മോഹന്‍ പറയുന്നു.

Content Highlight: Anu Mohan Talks About Theevram Movie