'ഗര്‍ഭനിരോധനം സ്ത്രീകളുടെ മാത്രം ചുമതലയല്ല'; പുരുഷന്മാര്‍ക്കുള്ള ഗര്‍ഭ നിരോധന ഗുളികകള്‍ പരീക്ഷണത്തില്‍
national news
'ഗര്‍ഭനിരോധനം സ്ത്രീകളുടെ മാത്രം ചുമതലയല്ല'; പുരുഷന്മാര്‍ക്കുള്ള ഗര്‍ഭ നിരോധന ഗുളികകള്‍ പരീക്ഷണത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd June 2022, 1:14 pm

അറ്റ്‌ലാന്റ: ഗര്‍ഭനിരോധനത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് സ്ത്രീകള്‍ക്ക് മാത്രമാണെന്ന മിഥ്യാധാരണകള്‍ക്ക് മാറ്റം വരുന്നു. ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഗുളികകള്‍ പുരുഷന്മാര്‍ക്കും ലഭ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍.

അറ്റ്‌ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികാഘോഷ യോഗത്തിനിടെയാണ് നിര്‍ണായക പ്രഖ്യാപനമുണ്ടായത്. രണ്ട് മരുന്ന് മൂലകങ്ങളാണ് പരീക്ഷണഘട്ടത്തിലെത്തിയിരിക്കുന്നത്.

ആദ്യഘട്ട പരീക്ഷണത്തില്‍ ഇരു മരുന്നുകളും 90 ശതമാനം ഫലം നല്‍കിയിരുന്നു. ഇതേ വിജയം തന്നെ രണ്ടാം ഘട്ട പരീക്ഷണത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആദ്യഘട്ടത്തില്‍ എലികളിലും മറ്റുമായി മരുന്ന് പരീക്ഷിച്ചിരുന്നു. ഇത് വിജയിച്ചതോടെയാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. 96 പുരുഷന്മാരാണ് ആദ്യഘട്ടത്തില്‍ മരുന്ന് പരീക്ഷിച്ചത്. നിത്യേന മരുന്ന് കഴിക്കുന്നവരില്‍ ബീജാണുക്കളുടെ എണ്ണം കുറവായിരുന്നതായും പഠനത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

മരുന്നുപയോഗിച്ചവരില്‍ ഇതുവരെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ല. ഇതോടെയാണ് രണ്ടാംഘട്ട പരീക്ഷണത്തിന് തീരുമാനമായത്. രണ്ടാം ഘട്ടത്തിലും പരീക്ഷണം വിജയിച്ചാല്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കും. ഇതോടെ മരുന്ന് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Anti pregnancy pills for men under experiments says report