ആ സൂപ്പർ ഹിറ്റ്‌ ചിത്രത്തിലേക്ക് മേഘ്നയെ നിർദേശിച്ചതും സിനിമയ്‌ക്ക് പേരിട്ടതും അവളാണ്: അനൂപ് മേനോൻ
Entertainment
ആ സൂപ്പർ ഹിറ്റ്‌ ചിത്രത്തിലേക്ക് മേഘ്നയെ നിർദേശിച്ചതും സിനിമയ്‌ക്ക് പേരിട്ടതും അവളാണ്: അനൂപ് മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd August 2024, 8:04 am

അനൂപ് മേനോന്റെ രചനയിൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ബ്യൂട്ടിഫുൾ. വലിയ വിജയമായ ചിത്രത്തിൽ ജയസൂര്യ, അനൂപ് മേനോൻ, മേഘ്ന രാജ് എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമെല്ലാം കഥ പറഞ്ഞ ചിത്രത്തിൽ ജോൺ എന്ന കഥാപാത്രത്തെയായിരുന്നു അനൂപ് മേനോൻ അവതരിപ്പിച്ചത്. ചിത്രത്തിൽ മേഘ്ന അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രവും വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലേക്ക് മേഘ്നയെ നിർദേശിക്കുന്നത് തന്റെ വൈഫാണെന്നും യക്ഷിയും ഞാനും കണ്ടിട്ടാണ് മേഘ്നയുടെ പേര് പറയുന്നതെന്നും അനൂപ് മേനോൻ പറയുന്നു. ചിത്രത്തിന് ബ്യൂട്ടിഫുൾ എന്ന പേര് നൽകിയതും അവളാണെന്നും യക്ഷിയും ഞാനും എന്ന ചിത്രത്തിൽ നിന്ന് ചില മേക്കോവറുകൾ നടത്തിയാണ് ബ്യൂട്ടിഫുളിൽ മേഘ്നയെ അവതരിപ്പിച്ചതെന്നും അനൂപ് മേനോൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘സത്യത്തിൽ മേഘ്നയെ കുറിച്ച് എന്നോട് പറഞ്ഞത് എന്റെ വൈഫ്‌ ഷൈമയാണ്. അവളാണ് എന്നോട് പറഞ്ഞത്, യക്ഷിയും ഞാനും എന്ന സിനിമയിലെ ഈ കുട്ടിയെ കണ്ട് നോക്കുവെന്ന്. അങ്ങനെയാണ് മേഘ്നയിലേക്ക് എത്തുന്നത്.

അവൾ തന്നെയാണ് സിനിമയ്ക്ക് ബ്യൂട്ടിഫുൾ എന്ന പേരും നിർദേശിച്ചത്. അങ്ങനെ മേഘ്നയെ കണ്ടു. ഞാൻ വി.കെ. പ്രകാശിനോട് കാര്യം പറഞ്ഞു. അദ്ദേഹം നോക്കാമെന്ന് പറഞ്ഞു.

യക്ഷിയും ഞാനും എന്ന സിനിമയിൽ കാണുന്ന കുട്ടിയെ നമുക്കൊരിക്കലും ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ട് ഞങ്ങൾ അവൾക്ക് ഒരു കോട്ടൺ സാരി കൊടുത്തു ചുവന്ന ബിന്തി കൊടുത്തു അങ്ങനെ മൊത്തമായി ഒരു മേക്കോവർ നടത്തി.

അത് ജോൺ എന്ന കഥാപാത്രത്തിന്റെ ക്ലാസിക്ക് വിഷ്വലാണ്. കോട്ടൺ സാരിയുടുത്ത് മഴയത്ത് നടന്ന് വരുന്ന ആ കഥാപാത്രവും ബ്യൂട്ടിഫുൾ എന്ന പേരുമൊക്കെയായി നല്ല കണക്ഷനുണ്ട്,’അനൂപ് മേനോൻ പറയുന്നു.

Content Highlight:  Anoop Menon talk about Meghna raj and beautiful movie