Kerala News
ചര്‍ച്ച നിര്‍ത്തിവെച്ച് ഹൈക്കമാന്റ; വാത്താസമ്മേളനം റദ്ദ് ചെയ്ത് സുധാകരന്‍; രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 18, 10:36 am
Friday, 18th March 2022, 4:06 pm

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നിലവില്‍ ഹൈക്കമാന്റ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതേതുടര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നേരത്തെ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം റദ്ദ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഇന്ദിരാ ഭവനില്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനമാണ് ഉപേക്ഷിച്ചത്.

ഒറ്റ പേരിലേക്ക് എത്താനാകാത്തതോടെ പരിഗണന പട്ടിക ഹൈക്കമാന്റിന് കൈമാറാന്‍ കെ. സുധാകരന്‍ തീരുമാനിച്ചിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി തിങ്കളാഴ്ചയാണെന്ന കാര്യം കണക്കിലെടുത്ത് വെള്ളിയാഴ്ച തന്നെ പേര് പ്രഖ്യാപിക്കുമെന്നും കെ.പി.സി.സി നേതൃത്വം അറിയിച്ചിരുന്നു.

‘യുവാക്കളെ പരിഗണിക്കാനാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. എം. ലിജു സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇപ്പോഴാണ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചിന്തിക്കുന്നത്. ഹൈക്കമാന്റ് ആരുടേയും പേര് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല.

ആരുടെ പേരുയര്‍ന്ന് വന്നാലും എതിര്‍ അഭിപ്രായം ഉണ്ടാകും. അത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ നല്ലതും ചീത്തയുമൊക്കെ പറയാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി തലത്തിലുണ്ട്. എത്രയൊക്കെ എതിര്‍പ്പുണ്ടായാലും തീരുമാനം രണ്ട് കയ്യും നീട്ടി പാര്‍ട്ടി സ്വീകരിക്കാറാണ് പതിവ്, കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണിത്,’ സുധാകരന്‍ പറഞ്ഞു.

എന്നാല്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ സമീപകാല തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുതെന്ന് കെ. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിന് മുരളീധരന്‍ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ ആ മണ്ഡലങ്ങളില്‍ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരന്‍ പറഞ്ഞത്.

എം. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന കെ.പി.സി.സി ഭാരവാഹികള്‍ എ.ഐ.സി.സിക്കും കത്തയച്ചിട്ടുണ്ട്.

ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാത്ത നേതൃത്വത്തിനെതിരെ യുവ നേതാക്കളും രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് നേതൃത്വത്തെ അറിച്ചിട്ടുണ്ടെന്ന് ഷാഫി പറഞ്ഞു.