Advertisement
Entertainment
അന്ന് ഹ്യൂമര്‍ പോര്‍ഷന്‍ എത്തിയതും അവരെല്ലാവരും ചിരിച്ചു; അതില്‍ ശരിക്കും അത്ഭുതം തോന്നി: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 25, 09:53 am
Thursday, 25th July 2024, 3:23 pm

പി.എസ്. വിനോദ് രാജിന്റെ സംവിധാനത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊട്ടുക്കാളി. ശിവകാര്‍ത്തികേയന്റെ ഏഴാമത്തെ നിര്‍മാണ സിനിമയാണ് ഇത്. താഴ്ന്ന ജാതിയില്‍ നിന്നുള്ള ഒരാളെ സ്‌നേഹിക്കുന്ന മീന എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സിനിമ. ചിത്രത്തില്‍ മീനയായി എത്തുന്നത് അന്ന ബെന്നാണ്. താരത്തിന്റെ ആദ്യ തമിഴ് ചിത്രമാണ് കൊട്ടുക്കാളി.

പാണ്ടിയെന്ന കഥാപാത്രമായി സൂരിയും ഒന്നിക്കുന്ന ചിത്രം 2024 ഓഗസ്റ്റ് 23നാണ് തിയേറ്ററിലെത്തുക. 74ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫോറം വിഭാഗത്തില്‍ കൊട്ടുക്കാളി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒപ്പം സിനിമയുടെ സ്‌ക്രീനിങ്ങും നടന്നിരുന്നു. ആ സ്‌ക്രീനിങ്ങിന്റെ സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അന്ന ബെന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അവിടെ സിനിമ കാണുന്ന ആര്‍ക്കും എന്നെ അറിയാത്തത് കൊണ്ട് ഞാന്‍ വളരെ കംഫേര്‍ട്ടബിള്‍ ആയിരുന്നു. കാരണം എന്നെ കുറിച്ചുള്ള അവരുടെ ആദ്യത്തെ വിലയിരുത്തലാണ് അത്. മിക്ക ആക്ടേഴ്‌സിനും മുമ്പ് ചെയ്ത സിനിമയുടെ ഭാരം ഇതിലേക്ക് ക്യാരി ഓവര്‍ ചെയ്യാന്‍ ഉണ്ടാകും. എനിക്ക് ആ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. പിന്നെ കഥ കാണുന്നവര്‍ക്ക് എത്രത്തോളം കണക്ടാകും എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ടെന്‍ഷന്‍. കള്‍ച്ചര്‍ ഡിഫ്രന്‍സുണ്ട്, പിന്നെ ഈ സിനിമയില്‍ വളരെ ഏറെ ഡീറ്റെയിലിങ് ഉണ്ടായിരുന്നു. ഒന്നും പറഞ്ഞ് പോകുന്നതല്ല. അവര് ചെയ്യുന്ന കാര്യങ്ങളും നടക്കുന്ന രീതിയും ആചാരങ്ങളും ഉള്‍പ്പെടെ എല്ലാം വിഷ്വലി കാണിക്കുകയാണ് ചെയ്യുന്നത്.

ഹ്യൂമറാണെങ്കില്‍ പോലും ആ റീജിയനിനോട് വളരെ സ്‌പെസിഫിക് ആയതായിരുന്നു. പക്ഷെ എന്തോ കാരണം കൊണ്ട് സിനിമ കണ്ടവര്‍ക്ക് അതൊക്കെ കണക്ട് ആവുന്നുണ്ടായിരുന്നു. ഹ്യൂമറിന്റെ പോര്‍ഷന്‍ എത്തുമ്പോള്‍ അവര്‍ ചിരിക്കുന്നുണ്ടായിരുന്നു. അതില്‍ ശരിക്കും അത്ഭുതം തോന്നി. കണക്ടായത് കൊണ്ടാണല്ലോ അവര്‍ ചിരിച്ചത്. പിന്നെ സിനിമ കണ്ട ശേഷം അവരൊക്കെ വളരെ ക്യൂരിയസായി എല്ലാ കാര്യങ്ങളും ചോദിച്ചിരുന്നു. മീന എന്തുകൊണ്ട് അങ്ങോട്ട് നോക്കി എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. അതൊക്കെ കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു,’ അന്ന ബെന്‍ പറഞ്ഞു.


Content Highlight: Anna Ben Talks About Kottukkaali Movie