Film News
ബിനുവിന് പിന്നില്‍ ഒരുപാട് കഥകളുണ്ട്, കുറച്ച് കഴിയുമ്പോഴേ അതിലൊരു ക്ലാരിറ്റി കിട്ടുകയുള്ളൂ: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 24, 05:11 am
Tuesday, 24th January 2023, 10:41 am

കാപ്പ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റി സംസാരിക്കുകയാണ് നടി അന്ന ബെന്‍. ബിനു എന്ന കഥാപാത്രത്തിന് പിന്നില്‍ ഒരു കഥയുണ്ടെന്നും ചിത്രത്തിന്റെ തുടക്കത്തിലൊന്നും അത് മനസിലാവില്ലെന്നും അന്ന പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് കാപ്പയെ കുറിച്ച് അന്ന ബെന്‍ സംസാരിച്ചത്.

‘ബിനു എന്ന കഥാപാത്രത്തിന്റെ യാത്ര അതിലുണ്ട്. അവരെന്താണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും തുടക്കത്തില്‍ മനസിലാവില്ല. ഈ സിനിമയില്‍ എന്തുകൊണ്ടാണ് ചില കാര്യങ്ങള്‍ നടക്കുന്നതെന്ന് കുറച്ച് കഴിയുമ്പോഴേ ഒരു ക്ലാരിറ്റി കിട്ടുകയുള്ളൂ. ട്രെയ്‌ലറില്‍ കാണുന്ന കഥാപാത്രമല്ല ശരിക്കും സിനിമയിലുള്ളത്. അവര്‍ക്ക് പുറകില്‍ ഒരുപാട് കഥകളുണ്ട്. സത്യത്തില്‍ ഇതിലുള്ള എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണ്. ഒരുപാട് ബാക്ക് സ്റ്റോറീസുള്ള കഥാപാത്രങ്ങളാണ് എല്ലാവരും.

ഒരേപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാതിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. കാപ്പയില്‍ എനിക്ക് പല ലുക്ക് വരുന്നുണ്ട്. ഭയങ്കര ഇന്ററസ്റ്റിങ്ങായ കഥാപാത്രമാണ്. എന്റെ കോമ്പിനേഷന്‍ സീന്‍സ് മുഴുവന്‍ ആസിഫിക്കയുടെ കൂടെയായിരുന്നു. അപര്‍ണയുയെടും പൃഥ്വിയുടെയുമൊപ്പമില്ല. ആസിഫിക്കയോടൊപ്പമുള്ള അഭിനയം വളരെ രസകരമായിരുന്നു. ഞങ്ങള്‍ നല്ല എന്‍ജോയ് ചെയ്താണ് വര്‍ക്ക് ചെയ്തത്.

ഷൂട്ട് മുഴുവന്‍ തിരുവനന്തപുരത്തായിരുന്നു. കുറച്ച് ട്രിവാന്‍ഡ്രം സ്ലാങ് പിടിക്കണമായിരുന്നു. എനിക്കത് ഒട്ടുമില്ല. ഞാന്‍ പ്രോപ്പര്‍ വൈപ്പിന്‍കാരിയാണ്. കൊച്ചി വൈപ്പിന്‍ മലയാളമാണ് ഞാന്‍ പറയാറുള്ളത്. പക്ഷേ കഥാപാത്രം അത്രക്ക് ട്രിവാന്‍ഡ്രം ബേസ്ഡ് ആവണ്ടെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. കൊച്ചിയില്‍ സ്ഥിരമായി വരുന്ന ചില വാക്കുകളുണ്ടല്ലോ. ചിലപ്പോള്‍ നാച്ചുറലായി അതൊക്കെ കേറി വരും. അത് വേണ്ട, കട്ട് ചെയ്‌തോ, അത് നമ്മളുടെയല്ല എന്ന് ഷാജി സാര്‍ പറയും. അങ്ങനെ കുറെ കറക്ഷന്‍സ് ഉണ്ടായിരുന്നു,’ അന്ന പറഞ്ഞു.

പൃഥ്വിരാജ് നായകനായ കാപ്പ കഴിഞ്ഞ ഡിസംബര്‍ 22നായിരുന്നു തിയേറ്ററിലെത്തിയത്. അടുത്തിടെ ചിത്രം ഒ.ടി.ടി റിലീസായും ഇറങ്ങിയിരുന്നു. എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ അന്നയുടെ കഥാപാത്രമായ ബിനുവിനെതിരെ വലിയ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഒരു ഗുണ്ടാ ഗ്യാങ്ങിന്റെ നേതാവായ ബിനു കഥാപാത്രം ആവശ്യപ്പെട്ട ഇംപാക്ട് ഉണ്ടാക്കിയില്ല എന്നാണ് വിമര്‍ശനങ്ങളിലും ട്രോളുകളിലും കണ്ടിരുന്നത്. അപര്‍ണ അവതരിപ്പിച്ച കഥാപാത്രമായ പ്രമീളക്കെതിരെയും ഇത്തരം വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Content Highlight: anna ben talks about binu in kaapa