കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ അതാണ്: അന്ന ബെന്‍
Entertainment
കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ അതാണ്: അന്ന ബെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th February 2024, 8:25 am

മധു.സി. നാരായണന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കിയ നടിയാണ് അന്നാ ബെന്‍. പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ അഭിനയിച്ച അന്ന 2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. കൂഴങ്കല്‍ സിനിമയുടെ സംവിധായകനായ പി.എസ് വിനോദ് രാജിന്റെ അടുത്ത ചിത്രമായ കോട്ടുകാലിയാണ് അന്നയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രീമിയര്‍ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വെച്ച് നടന്നു.

ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം കരിയറിലെ പ്രധാന സിനിമയായി കാണുന്നത് കോട്ടുകാലിയാണെന്ന് താരം വെളിപ്പെടുത്തി. സിനിമയുടെ പാക്കപ്പ് സമയത്ത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയാണ് ഈ സിനിമയെന്ന് പറഞ്ഞ് പോസ്റ്റിട്ടതിന്റെ കാരണം എന്താണെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘എന്റെ അഭിനയജീവിതത്തില്‍ രണ്ട് തവണയാണ് ഇത് ഞാന്‍ തന്നെ ചെയ്യണം എന്ന് തോന്നിയിട്ടുള്ളത്. അതില്‍ ഒന്നാമത്തേത് എന്റെ ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്‌സാണ്. അവിടെ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. അവിടം മുതലാണ് ഞാന്‍ സിനിമയുമായി കണക്ടായെന്ന് തോന്നിത്തുടങ്ങിയത്. രണ്ടാമത് അങ്ങനെ തോന്നിയ സിനിമയാണ് കോട്ടുകാലി. ഇവിടെയാണ് ഞാന്‍ ഉണ്ടാവേണ്ടതെന്ന തിരിച്ചറവ് പോലെയാണ് എനിക്കിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപിടി സിനിമകള്‍ ഞാന്‍ ചെയ്തു.

മറ്റ് ആക്ടേഴ്‌സിനെപ്പോലെ ഞാനും പരീക്ഷണങ്ങള്‍ക്ക് തയ്യാറാണ്. പക്ഷേ ഒരു പോയിന്റ് എത്തുമ്പോള്‍ എവിടെയാണ് നില്‍ക്കുന്നത്, എന്താണ് ചെയ്യുന്നത് എന്നുള്ള ഒരു ചോദ്യം നമ്മളില്‍ ഉണ്ടാകും. വെറും അഞ്ചു വര്‍ഷത്തെ കരിയറില്‍ ഇങ്ങനെ സ്റ്റക്ക് ആയി നില്‍ക്കേണ്ടി വരുമോ എന്ന് പലരും എന്നോട് ചോദിച്ചിരുന്നു. പക്ഷേ എന്റേത് പാക്ക്ഡ് ആയിട്ടുള്ള ഒരു യാത്രയായിരുന്നു. ഒഴുക്കിനനുസരിച്ചാണോ അതോ ആരുടെയെങ്കിലും കണ്ട്രോളിലാണോ ഞാന്‍ പോയിക്കൊണ്ടിരിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എന്റെയുള്ളില്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് കോട്ടുകാലി എന്ന സിനിമ എന്റെയടുത്തേക്ക് വരുന്നത്.

മുന്നിലുണ്ടായിരുന്ന മൂടല്‍മഞ്ഞ് നീങ്ങി എല്ലാം ക്ലിയറാണെന്ന് തോന്നിയ പോലൊരു ഫീലായിരുന്നു എനിക്ക് അപ്പോള്‍ തോന്നിയത്. ലൈഫ് ചെയ്ഞ്ചിങ് ആയിട്ടുള്ള അനുഭവമായാണ് എനിക്ക് ഈ സിനിമ അനുഭവപ്പെട്ടത്. ഒരു ടീമായിട്ട് ഞങ്ങള്‍ ചെയ്ത വര്‍ക്ക്, ഞാന്‍ മധുരയെ കണ്ട രീതി, സിനിമ എന്ന കലാരൂപത്തിന് ഉണ്ടാക്കാന്‍ പറ്റുന്ന ഇംപാക്ട് എല്ലാം പുതിയൊരു അറിവായി തോന്നി. സിനിമ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ റിഫ്രഷ്ഡ് ആയി തോന്നി. ഇനി എന്റെ ജീവിതത്തില്‍ വേറെ സിനിമ ഒന്നും ചെയ്തില്ലെങ്കിലും ഞാന്‍ ഹാപ്പിയാണെന്ന് വിനോദ് സാറിനോട് പറഞ്ഞു. അങ്ങനെയൊന്നും പറയരുത് വിനോദ് സാര്‍ പറഞ്ഞു. ആ സിനിമയില്‍ നിന്ന് കിട്ടിയ എനര്‍ജി എനിക്ക് ഇപ്പോഴും ഉണ്ട്,’ അന്ന പറഞ്ഞു.

Content Highlight: Anna Ben about Kottukaali movie