സ്വപ്‌നയെ പ്രവേശിപ്പിച്ച ദിവസം അനില്‍ അക്കരയും ആശുപത്രിയില്‍ എത്തി; എന്‍.ഐ.എ അന്വേഷണം
Kerala
സ്വപ്‌നയെ പ്രവേശിപ്പിച്ച ദിവസം അനില്‍ അക്കരയും ആശുപത്രിയില്‍ എത്തി; എന്‍.ഐ.എ അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 10:07 am

തൃശൂര്‍:സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അനില്‍ അക്കര എം.എല്‍.എയും ആശുപത്രിയിലെത്തിയതില്‍ എന്‍.ഐ.എ അന്വേഷണം.

സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം രാത്രിയാണ് അനില്‍ അക്കര എം.എല്‍.എ ആശുപത്രിയിലെത്തിയതായി കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ഈ ദിവസം ആശുപത്രിയില്‍ എത്തിയതെന്ന് എന്‍.ഐ.എ അനില്‍ അക്കരയോട് ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.

മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് താന്‍ പോയത് എന്നായിരുന്നു അനില്‍ അക്കര നല്‍കിയ മറുപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ ഫോണ്‍വിളികളെക്കുറിച്ചും മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിച്ചു.

അതേ സമയം നഴ്‌സുമാരുടെ സഹായത്താല്‍ സ്വപ്ന ഫോണുപയോഗിച്ചെന്ന ആരോപണം തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതരും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

നേരത്തെ സ്വപ്നയുടെ ആശുപത്രിവാസത്തില്‍ ദുരൂഹതയുണ്ടെന്നും സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി എ.സി മൊയ്തീന്‍ നേരിട്ടെത്തിയാണെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു.

ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നത് സ്ഥലം എം.എല്‍.എ, എം.പി എന്നിവരെ ഒഴിവാക്കിയാണെന്നും ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ അക്കരയുടെ ആശുപത്രി സന്ദര്‍ശനം എന്‍.ഐ.എ പരിശോധിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 7 നായിരുന്നു നെഞ്ചു വേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവര്‍ ആശുപത്രിയില്‍ ചിലവിട്ടത്.

ഈ സമയത്ത് ചില നഴ്‌സുമാരുടേ ഫോണ്‍ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight; Anil akkara visited thrissur medical college hospital on the day swapna suresh admitted