Entertainment
മലയാളികള്‍ എന്നെ അറിഞ്ഞത് ആ സിനിമയിലൂടെ; അന്ന് ഗൗതം മേനോന്‍ സാര്‍ തമിഴിലേക്ക് ക്ഷണിച്ചു: അനിഘ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 15, 03:47 am
Wednesday, 15th January 2025, 9:17 am

ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച് മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനിഘ സുരേന്ദ്രന്‍. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അനിഘ തന്റെ കരിയര്‍ ആരംഭിച്ചത്.

ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ. എന്നാല്‍ മലയാളികള്‍ തന്നെ ഏറ്റവും കൂടുതല്‍ അറിഞ്ഞു തുടങ്ങിയത് അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിന് ശേഷമാണെന്ന് പറയുകയാണ് അനിഘ സുരേന്ദ്രന്‍.

ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ കഥ എന്താണെന്ന് പോലും അറിയാതെ പറയുന്നത് മാത്രം ചെയ്യുന്ന ഒരാളായിരുന്നു താനെന്നും അന്നത്തെ മൂന്നാം ക്ലാസുകാരിക്ക് കൂടുതലായി ഒന്നും ചെയ്യാനും അറിയില്ലായിരുന്നെന്നും നടി പറഞ്ഞു.

‘മലയാളികള്‍ എന്നെ ഏറ്റവും കൂടുതല്‍ അറിഞ്ഞു തുടങ്ങിയത് അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിന് ശേഷമാണ്. അഞ്ച് സുന്ദരികളില്‍ അഭിനയിക്കുമ്പോള്‍ കഥ എന്താണെന്ന് പോലും അറിയാതെ, പറയുന്നത് മാത്രം ചെയ്യുന്ന ഒരാളായിരുന്നു ഞാന്‍.

അന്നത്തെ മൂന്നാം ക്ലാസുകാരിയായ എനിക്ക് കൂടുതലായി ഒന്നും ചെയ്യാനും അറിയില്ലായിരുന്നു. അഞ്ച് സുന്ദരികള്‍ കണ്ട ഗൗതം മേനോന്‍ സാറാണ് എന്നെ അറിന്താല്‍ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. തമിഴില്‍ അത്രയും വലിയൊരു പ്രോജക്ടിന്റെ ഭാഗമാവുക എന്നത് എന്റെ വലിയ ഭാഗ്യമായി കാണുന്നു,’അനിഘ സുരേന്ദ്രന്‍ പറഞ്ഞു.

5 സുന്ദരികള്‍:

2013ല്‍ പുറത്തിറങ്ങിയ ഒരു ആന്തോളജി ചിത്രമായിരുന്നു 5 സുന്ദരികള്‍. അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ഈ സിനിമ അഞ്ചു സ്ത്രീകളുടെ കഥയായിരുന്നു പറഞ്ഞത്. അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ആഷിഖ് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരായിരുന്നു സംവിധായകര്‍.

ജയസൂര്യ, ഫഹദ് ഫാസില്‍, കാവ്യ മാധവന്‍, അനിഘ സുരേന്ദ്രന്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മികച്ച താരനിരയായിരുന്നു ഈ സിനിമകളില്‍ അഭിനയിച്ചത്. അതില്‍ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന സിനിമയിലായിരുന്നു അനിഘ നായികയായത്.

Content Highlight: Anikha Surendran Talks About 5 Sundharikal Movie